ADVERTISEMENT

ദുബായ് ∙ യാത്ര-ചരക്കുനീക്ക മേഖലകളിൽ വൻ മാറ്റത്തിന് വഴിയൊരുക്കുന്ന ഇത്തിഹാദ് റെയിൽ യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്കു കുതിപ്പേകുമെന്ന് സിഇഒ ഷാദി മാലിക്. വിവിധ എമിറേറ്റുകളിലെ പ്രധാനമേഖലകളെ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല വിനോദസഞ്ചാരത്തിനും വൻനേട്ടമാകും.

 

dipmf
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏഴാമത് ഡിഐപിഎംഎഫ് മേള ഉദ്ഘാടനം ചെയ്ത ശേഷം പദ്ധതി രൂപരേഖ വീക്ഷിക്കുന്നു.

കുറഞ്ഞ ചെലവിലും കൂടുതൽ വേഗത്തിലും യാത്ര ചെയ്യാമെന്നതിനാൽ രാജ്യാന്തര സന്ദർശകർക്കും യാത്രകൾ എളുപ്പമാകുമെന്ന് ദുബായ് ഇന്റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിൽ (ഡിഐപിഎംഫ്) വ്യക്തമാക്കി. വ്യവസായ മേഖലകൾ, ഫ്രീസോൺ, തുറമുഖങ്ങൾ, എന്നിവിടങ്ങളിലൂടെ കടന്നു പോകുന്നതിനാൽ ചരക്കുനീക്കം വേഗത്തിലാകുകയും റോഡുകളിൽ ട്രക്കുകളുടെ തിരക്ക് ഒഴിവാകുകയും ചെയ്യും.

 

അബുദാബിയുടെ പടിഞ്ഞാറൻ മേഖലയുടെ സില മുതൽ വടക്കൻ എമിറേറ്റുകളിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളെയും കൂട്ടിയിണക്കുന്ന തന്ത്രപ്രധാന പാതയാണിത്. സൗദി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ചരക്കുനീക്കത്തിനാകും മുൻഗണന.

 

വടക്കൻ എമിറേറ്റുകളിലെ ക്വാറികളിൽ നിന്ന് പ്രതിവർഷം 35ലക്ഷം ടണ്ണിലേറെ നിർമാണ വസ്തുക്കൾ ദുബായിലും അബുദാബിയിലും എത്തിക്കാനാകുന്നതോടെ ട്രക്കുകളുടെ ഒരുലക്ഷത്തിലേറെ ട്രിപ്പുകൾ ഒഴിവാകും. നിർമാണ മേഖലയിലെ ചെലവുകൾ കുറയുന്നതും നേട്ടമാകുമെന്ന് ഷാദി മാലിക് ചൂണ്ടിക്കാട്ടി.

 

ഏഴാമത് ഡിഐപിഎംഎഫ് മേള ദുബായ് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

 

ഒപ്പത്തിനൊപ്പം വിനോദ സഞ്ചാര പദ്ധതികൾ

 

ജൈവ-മലയോര-പൈതൃക മേഖലകളെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതികളും ഇത്തിഹാദ് റെയിലിനൊപ്പം പുരോഗമിക്കുന്നു. ഫുജൈറ വാദി ഹം മേഖലയിലെ അൽ ബിത്‌നയെ പരിസ്ഥിതി ഗവേഷണ പഠന കേന്ദ്രമാക്കി മാറ്റും. വടക്കൻ മേഖലയെ ജിസിസിയിലെ ഏറ്റവും മികച്ച ടൂറിസം മേഖലയാക്കി മാറ്റാമെന്നാണ് പ്രതീക്ഷ.

 

ഹജ്ർ മലനിരകളിലെ 15 വൻ തുരങ്കങ്ങൾ, കൂറ്റൻ ചരക്കു ട്രെയിനുകൾ താങ്ങാൻ ശേഷിയുള്ള 35 പാലങ്ങൾ എന്നിവ പൂർത്തിയായതോടെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലായി. സാങ്കേതിക വിഭാഗങ്ങളുടെ ജോലിയും ഇതോടൊപ്പം പുരോഗമിക്കുന്നു. പാതകളും ട്രെയിനുകളും നിരീക്ഷിക്കാൻ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങൾ ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com