ദുബായ് ∙ റിപ്പബ്ലിക് ദിനാഘോഷത്തിൽ മാതൃരാജ്യത്തിന് വേറിട്ട ആദരം ഒരുക്കി മലയാളിയായ പ്രവാസി സംരംഭകൻ. സ്വാതന്ത്ര്യാനന്തരം ഇന്ത്യ പുറത്തിറക്കിയ സ്മാരക നാണയങ്ങളുടെ ശേഖരം പിത്തള ആൽബത്തിൽ പുറത്തിറക്കുകയാണ് തൃശൂർ തൃപ്രയാർ സ്വദേശി സിനോജ് സിദ്ധാർഥൻ. 12 കിലോ വരുന്ന ആൽബത്തിന്റെ പുറം ചട്ട റിപ്പബ്ലിക് ദിനത്തിൽ അദ്ദേഹം പുറത്തിറക്കി.
ഗിന്നസ് റെക്കോർഡ് കൂടി ലക്ഷ്യമിട്ടാണ് സിനോജ് ശ്രമം നടത്തുന്നത്. 1950 മുതൽ 2021 വരെ ഇന്ത്യ പുറത്തിറക്കിയ 52 സ്മാരക നാണയങ്ങളാണ് ശേഖരത്തിലുള്ളത്. ആൽബം പോലെ തന്നെ മറിച്ചു നോക്കാവുന്ന രീതിയിലാണ് ഇതു ക്രമീകരിക്കുന്നത്. പുറം ചട്ടയ്ക്കുള്ളിലെ ഒരോ പിത്തള താളിലും നാലു നാണയങ്ങൾ വീതം ഉണ്ടാകും.
ഇവ കൂടി ചേർക്കുമ്പോൾ ഏതാണ്ട് 17 കിലോയ്ക്കു മുകളിൽ ആൽബത്തിന് ഭാരം വരും. മൂന്നു മാസമെടുത്താണ് പുറം ചട്ട നിർമിച്ചത്. ഒരു മാസത്തിനകം ആൽബം പൂർത്തിയാക്കി ഗിന്നസ് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്. ഖത്തറിൽ പ്രവാസി സംരംഭകനായിരുന്ന സിനോജ് കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങി.
ലോക്ഡൗണിൽപ്പെട്ടിരിക്കുമ്പോഴാണ് പഴയ കൗതുകമായിരുന്ന നാണയ ശേഖരണം വീണ്ടും വ്യത്യസ്തമായി തുടങ്ങാനും അവതരിപ്പിക്കാനും ആലോചിച്ചത്. യുഎഇയുടെ ചരിത്രം പറയുന്ന 20 കിലോയുള്ള ആൽബവും പൂർത്തിയാക്കിയിട്ടുണ്ട്.
പിത്തളയിലാണ് ഇതിന്റെയും നിർമാണം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ലഭിച്ചാൽ ഉടൻ പ്രകാശനം ചെയ്യുമെന്നും സിനോജ് പറഞ്ഞു.