ADVERTISEMENT

ദോഹ∙ ഒരു മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷം വിദ്യാർഥികൾ ഇന്ന് മുതൽ സ്‌കൂളുകളിലേക്ക്. പൊതു, സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും 100 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കും. അതേസമയം പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാർഥികൾക്ക് പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കി കൊണ്ടാണ് സ്‌കൂൾ പഠനം  പുനരാരംഭിക്കുന്നത്.

 

കോവിഡ് വാക്‌സീൻ എടുത്തവരും എടുക്കാത്തവരുമെല്ലാം ആഴ്ചയിൽ ഒരിക്കൽ വീടുകളിൽ തന്നെ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. നെഗറ്റീവ് എങ്കിൽ മാത്രമേ സ്‌കൂളിലെത്തി പഠിക്കാൻ അനുവദിക്കൂ. പോസിറ്റീവ് എങ്കിൽ സർക്കാർ ഹെൽത്ത് സെന്ററിൽ വീണ്ടും പരിശോധന നടത്തി ഫലം നിർണയിച്ച ശേഷം വീട്ടിൽ ഐസലേഷനിൽ കഴിയണം. സ്‌കൂളിൽ നിന്നു ലഭിക്കുന്ന ഡിക്ലറേഷൻ ഫോമിൽ നെഗറ്റീവ് പരിശോധനാ ഫലം രക്ഷിതാക്കൾ സ്വയം സാക്ഷ്യപ്പെടുത്തി സ്‌കൂളിൽ സമർപ്പിക്കണം.

 

പരീക്ഷാ സമയങ്ങളിൽ പരീക്ഷ ആരംഭിക്കുന്നതിന് 48 മണിക്കൂർ മുൻപ് നടത്തിയ ആന്റിജൻ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. പഠനം തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പരിശോധനയുടെ കാര്യത്തിൽ പുതിയ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഒന്നിലധികം വിദ്യാർഥികൾ ഉള്ള കുടുംബങ്ങൾക്ക് പ്രതിവാര ആന്റിജൻ പരിശോധന സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നതിൽ സംശയമില്ല.

 

അതേസമയം ക്ലാസ് മുറി പഠനം പുനരാരംഭിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിലൂടെ സമ്മിശ്ര പ്രതികരണമാണ് രക്ഷിതാക്കൾ നടത്തുന്നത്. തീരുമാനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഇക്കാര്യത്തിൽ വിദ്യാർഥികളുടെ താൽപര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നവരും ധാരാളം. മക്കളെ സ്‌കൂളിൽ അയച്ചു പഠിപ്പിക്കണോ അതോ വീട്ടിൽ തന്നെ ഓൺലൈൻ പഠനം തുടരണമോ എന്നത് തിരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കൾക്ക് നൽകാതെയുളള മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ആശ്ചര്യപ്പെടുന്നവരും കുറവല്ല. എന്നാൽ ഷോപ്പിങ് മാളുകളിൽ കുട്ടികളെ കൊണ്ടു പോകുന്ന രക്ഷിതാക്കൾ മക്കളെ സ്‌കൂളിൽ അയയ്ക്കാൻ വിമുഖത കാണിക്കുന്നത് എന്തിനാണെന്ന് ചൂണ്ടിക്കാട്ടിയവരുമുണ്ട്.

sars
കോവിഡ് റാപ്പിഡ് ആന്റിജൻ ഹോം പരിശോധനാ കിറ്റ്.

 

കിന്റർഗാർട്ടൻ ഉൾപ്പെടെ ചെറിയ ക്ലാസുകളിലെ കുട്ടികൾക്കിടയിൽ ശാരീരിക അകലം ഉറപ്പാക്കുന്നതിനുള്ള വെല്ലുവിളികൾ സ്വദേശി അധ്യാപകരും മന്ത്രാലയത്തിന്റെ ട്വിറ്ററിൽ പങ്കുവച്ചു. സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ സ്വന്തം ചെലവിൽ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണമെന്ന വ്യവസ്ഥയിൽ എതിർപ്പു പ്രകടിപ്പിച്ചവരും ഏറെപ്പേരുണ്ട്.

പഠനസമയം ഉച്ചയ്ക്ക്  12.30 വരെ

ദോഹ∙ രാജ്യത്തെ പൊതു, സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും വിദ്യാർഥികളുടെ പഠനസമയം ഉച്ചയ്ക്ക് 12.30 വരെ മാത്രമേ പാടുള്ളുവെന്ന് നിർദേശം. അധ്യാപക, അനധ്യാപകർ 2.00 വരെ സ്‌കൂളിൽ തുടരണം. ഇന്നു മുതൽ ക്ലാസ് മുറി പഠനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പഠന സമയവും അധ്യാപക, അനധ്യാപകരുടെ ജോലി സമയവും വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്.

 

എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30നകം പഠിപ്പിക്കൽ അവസാനിപ്പിക്കണം. എല്ലാ ഗ്രേഡുകളിലും വ്യവസ്ഥ ബാധകമാണ്. അധ്യാപകരുടെയും ഭരണനിർവഹണ ജീവനക്കാരുടെയും ജോലി സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 2.00 വരെയാണ്. ഇതു സംബന്ധിച്ച സർക്കുലർ എല്ലാ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും നൽകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അല്ലെങ്കിൽ പോസിറ്റീവായവരുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയേണ്ടി വരുന്ന വിദ്യാർഥികൾക്ക് മാത്രം ഓൺലൈൻ പഠനം നടത്താം.

 

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത കേന്ദ്രത്തിൽ പരിശോധന നടത്തി പോസിറ്റീവ് എന്നുറപ്പാക്കിയിരിക്കണം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഇന്നു മുതൽ രാജ്യത്തെ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും നൂറു ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാം.

റാപ്പിഡ് ആന്റിജൻ ഹോം കിറ്റുകൾക്ക് വൻ  ഡിമാൻഡ്

ദോഹ∙രാജ്യത്തെ സ്‌കൂൾ, കിന്റർഗാർട്ടൻ വിദ്യാർഥികൾക്ക്  പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയതോടെ ഹോം പരിശോധനാ കിറ്റുകളുടെ ആവശ്യകത ഗണ്യമായി ഉയർന്നു. പബ്ലിക് സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് അതാത് സ്‌കൂളുകളിൽ നിന്നു തന്നെ പരിശോധനാ കിറ്റുകൾ ലഭിക്കുമെങ്കിലും സ്വകാര്യ മേഖലയിലെ വിദ്യാർഥികൾ വിപണിയിൽ നിന്ന് തന്നെ വാങ്ങണം.

 

എല്ലാ ആഴ്ചയിലും എല്ലാ വിഭാഗം വിദ്യാർഥികളും വീടുകളിൽ തന്നെ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശമെന്നതിനാൽ രക്ഷിതാക്കൾ കിറ്റു തേടിയുള്ള ഓട്ടത്തിലാണ്. രാജ്യത്തെ അംഗീകൃത ഫാർമസികളിലും അൽമീറ സൂപ്പർമാർക്കറ്റ് ശാഖകളിലുമാണ് കിറ്റുകൾ ലഭിക്കുക. റാപ്പിഡ് ആന്റിജൻ ഹോം കിറ്റുകൾ വാങ്ങാനെത്തുന്നവരുടെ തിരക്കാണ് മിക്ക ഫാർമസികളിലും.

 

വിപണിയുടെ ആവശ്യകത നിറവേറ്റാൻ പര്യാപ്തമായ അളവിൽ കിറ്റുകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഫാർമസികളും. രാജ്യത്ത് റാപ്പിഡ് ആന്റിജൻ ഹോം പരിശോധനാ കിറ്റുകൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതിനൊപ്പം തന്നെ അമിതവില ഈടാക്കുന്നത് തടയിടാൻ വിലപരിധി നിശ്ചയിച്ചത് പൊതുജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. റൊച്ചെയുടെ ഒരു കിറ്റിന് 35 റിയാലും മറ്റ് കമ്പനികളുടേതിന് 25 റിയാൽ വരെയുമാണ് വിലപരിധി നിശ്ചയിച്ചിരിക്കുന്നത്.

 

ഒരു പരിശോധനാ കിറ്റു മാത്രമായും 25 കിറ്റുകൾ അടങ്ങുന്ന ഒറ്റ പായ്ക്കറ്റുകളായും വിപണിയിൽ ലഭിക്കും. വിപണിയിൽ കിറ്റുകൾക്ക് നേരിയ ക്ഷാമമുള്ളതിനാൽ ഓൺലൈൻ ഓർഡർ നൽകി വാങ്ങുന്നവരുമുണ്ട്. ഒമിക്രോൺ വ്യാപനം ശക്തമായതോടെ ഹോം കിറ്റുകൾ വാങ്ങി വീടുകളിൽ പരിശോധന നടത്തുന്നവരാണ് ഭൂരിഭാഗം പേരുമെന്നതിനാൽ ഹോം പരിശോധനാ കിറ്റുകൾക്ക് ജനുവരി ആദ്യ വാരം മുതലേ ഡിമാൻഡ് കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com