ദുബായ് ∙ വിവിധ രാജ്യക്കാരായ സന്ദർശകർ അതാതു ഭാഷകൾ സംസാരിച്ച് എക്സ്പോ േവദിയിലൂടെ കടന്നു പോകുന്ന ഓൺലൈൻ വിഡിയോ ദൃശ്യമൊരുക്കി ദുബായ് പൊലീസ് ഗിന്നസ് റെക്കോർഡ് നേടി. വിവിധരാജ്യങ്ങൾ കണ്ണികളായി ചേർന്ന് ലോകം ഒന്നാകുന്ന ദൃശ്യമാണ് പ്രതീകാന്മകമായി ചിത്രീകരിച്ചത്.
ഇതിനായി എക്സ്പോയിലെ അൽ ഫൊർസാൻ പാർക്കിൽ 193 രാജ്യങ്ങളിലെ 146 വനിതകളും 119 പുരുഷന്മാരുമാണ് അണിനിരന്നത്. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി. പൊലീസ്, എക്സ്പോ പ്രതിനിധികൾ ചേർന്ന് ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ദുബായ് പൊലീസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് മുഹമ്മദ് റഫ തുടങ്ങിയവർ പങ്കെടുത്തു.