വൻ വിജയമായി ഷാർജ പൊലീസിന്റെ ‘അനുരഞ്ജനം നല്ലതാണ്’ പദ്ധതി

Mail This Article
ഷാർജ∙ ഷാർജ പൊലീസിന്റെ "അൽ സോൽ ഖൈർ" (അനുരഞ്ജനം നല്ലതാണ്) എന്ന പദ്ധതി വൻ വിജയം. 2021ലെ 8,523 സാമ്പത്തിക റിപ്പോർട്ടുകൾ ഉൾപ്പെടെ 27,408 ക്രിമിനൽ റിപ്പോർട്ടുകളിൽ നിന്ന് 12,798 അനുരഞ്ജനങ്ങളാണ് "അൽ സോൽ ഖൈർ" പദ്ധതിയിലൂടെ നടപ്പിലാക്കിയതെന്നു ഷാർജ പൊലീസിലെ സമഗ്ര പൊലീസ് സ്‌റ്റേഷൻ വിഭാഗം ഡയറക്ടർ കേണൽ യൂസഫ് ഉബൈദ് ബിൻ ഹർമൂൽ പറഞ്ഞു. ഈ കേസുകൾ കോടതിയിലെത്തിക്കാതെ തന്നെ ഏകദേശം 500 ദശലക്ഷം ദിർഹം അവരുടെ ഉടമകൾക്ക് തിരികെ നൽകാനും സാധിച്ചു.

നൽകുന്ന സേവനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്. "അൽ സോൽ ഖൈർ" സംരംഭത്തിന്റെ 11–ാം വർഷത്തിൽ, സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അവരുടെ അവകാശങ്ങൾ സൗഹാർദ്ദപരമായി വീണ്ടെടുക്കാൻ പ്രാപ്തരാക്കുക, സാമ്പത്തിക കേസുകൾ കോടതികളിൽ റഫർ ചെയ്യാതെ തന്നെ പ്രശ്നപരിഹാരമുണ്ടാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് കേണൽ ബിൻ ഹർമൂൽ പറഞ്ഞു.
പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുന്നതിനുമുമ്പ്, വൈരുദ്ധ്യമുള്ള കക്ഷികൾക്കിടയിൽ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും മികച്ച ബന്ധം നിലനിർത്തുന്നതിനും ഈ സംരംഭം സഹായിക്കും. തങ്ങളുടെ പണം കോടതികളെ ആശ്രയിക്കാതെ സൗഹൃദപരമായി വീണ്ടെടുക്കാൻ കഴിഞ്ഞതിൽ "അൽ സോൽ ഖൈർ" സംരംഭത്തിന്റെ നിരവധി ഗുണഭോക്താക്കൾ സന്തോഷം പ്രകടിപ്പിച്ചു. സമൂഹത്തിന്റെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിലും നിലനിർത്തുന്നതിലും പൊലീസ് വഹിച്ച പങ്കിനെ പ്രശംസിച്ചു.