ADVERTISEMENT

റിയാദ് ∙ സൗദി സ്ഥാപകദിനത്തിന്റെ ഭാഗമായി ഇറക്കിയ ലോഗോയ്ക്കുമുണ്ട് ഏറെ പ്രത്യേകതകൾ. ചരിത്ര രേഖകളിൽ നിന്നും കൈയെഴുത്ത് പ്രതികളിൽ നിന്നും  പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോയുടെ രൂപകൽപന. ലഭ്യമായ പുരാതന കൈയെഴുത്തു പ്രതികളിൽ നിന്നും  രാജ്യത്തിൻറെ മറ്റു ചരിത്ര രേഖകളിൽ നിന്നും കണ്ടെടുത്ത പൈതൃകങ്ങളിലേക്കും സംഭവങ്ങളിലേക്കും ആഘോഷങ്ങളിലേക്കും സൂചന നൽകുന്ന അടയാളങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പ്രധാന അഞ്ചു ചിഹ്നങ്ങൾ ലോഗോയിൽ അടങ്ങിയിട്ടുണ്ട്. സൗദി പതാക വഹിക്കുന്ന ഒരു പുരുഷന്റേതാണ് ആദ്യത്തേത്. ഇത് രാജ്യത്തിൻറെ ധീരതയെയും പൗരന്മാരുടെ വീര്യത്തെയും സൂചിപ്പിക്കുന്നു. സൗദിയുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട ഈന്തപ്പനയുടെ രൂപമാണ് മറ്റൊന്ന്. പ്രകൃതി കനിഞ്ഞ് നൽകിയ രാജ്യത്തിൻറെ പ്രധാന ഫല വൃക്ഷവും ഭക്ഷണ സ്രോതസ്സമാണ് ഈന്തപ്പന. ഇത് രാഷ്ട്രത്തിന്റെ ഔദാര്യത്തെയും ജീവിതത്തെയും വളർച്ചയെയും പ്രതിനിധീകരിക്കുന്നു. അറേബ്യൻ  കുതിരയാണ് മറ്റൊരു അടയാളം. ഇത് സൗദി രാജാക്കന്മാരുടെ ധീരതയുടെയും പടയോട്ടത്തിന്റെയും പ്രകടനമാണ് കാണിക്കുന്നത്. ലോഗോയിലെ മജ്‌ലിസ് (കൗൺസിൽ)  ഐക്യത്തെ ആണ് സൂചിപ്പിക്കുന്നത്. സൂഖ് (മാർക്കറ്റ്), രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ചലനാത്മകതയും വൈവിധ്യത്തെയും പ്രതിനിധീകരിക്കുന്നു.

saudi-founders-day-logo

ഇവയ്ക്ക് പുറമെ, ഫാൽക്കൺ, അറബിക് കാലിഗ്രാഫി, പരമ്പരാഗത വാസ്തുവിദ്യാ അലങ്കാരങ്ങൾ, സൗദി കോഫി കപ്പ് എന്നിവയും ലോഗോയിൽ ഉണ്ട്. നിറങ്ങളുമായി  ബന്ധപ്പെട്ടും  സങ്കൽപങ്ങൾ ഏറെയാണ്. അവ ഓരോന്നും വ്യത്യസ്ത തീമുകളെ പ്രതിനിധീകരിക്കുന്നു. പ്രാഥമിക നിറങ്ങൾ വ്യക്തതയും നിശ്ചയദാർഢ്യവുമാണ്. അതേസമയം, അനുബന്ധ നിറങ്ങൾ ഉദാരത, അറിവ്, സ്ഥിരോത്സാഹം, ഊഷ്മളത, അഭിമാനം, സർഗാത്മകത എന്നിവയെയും ഉൾക്കൊള്ളുന്നു. 1727 മുതൽ ലഭ്യമായ വിവിധ കൈയെഴുത്തു പ്രതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'സ്ഥാപക ദിനം -1727' എന്ന് ലോഗോയിൽ ഉല്ലേഖനം ചെയ്തിരിക്കുന്നത്.

1727ൽ സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ ഓർമയ്ക്ക്‌ എല്ലാ വർഷവും സ്ഥാപകദിനമായി ആചരിക്കാൻ ഇക്കഴിഞ്ഞ ജനുവരി 27 ന് സൽമാൻ രാജാവ്‌ ഉത്തരവിറക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com