ADVERTISEMENT

ദുബായ്∙ "അടുത്ത കാലത്തൊന്നും ഇത്ര ദൃഢമായ ഹസ്തദാനം കിട്ടിയിട്ടില്ല. ഇത്ര കൃത്യമായി ചുരുക്കി കാര്യം പറയുന്ന രാഷ്ട്രീയക്കാരനെ കണ്ടിട്ടുമില്ല. അദ്ദേഹത്തിന്റെ മരണവിവരം ശരിക്കും വിശ്വസിക്കാനാകുന്നില്ല"”- ഖലീജ് ടൈംസ് പത്രത്തിന്റെ സീനിയർ ഫൊട്ടോഗ്രാഫർ ഷിഹാബ് പറഞ്ഞു. കഴിഞ്ഞദിവസം അന്തരിച്ച ആന്ധ്ര വ്യവസായ മന്ത്രി മേഘപതി റെഡ്ഡിക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ ഓർക്കുകയായിരുന്നു അദ്ദേഹം.

 

കഴിഞ്ഞ ആഴ്ച ദുബായ് എക്സ്പോയിൽ ഇന്ത്യ പവിലിയനിൽ ആന്ധ്ര സർക്കാരിന്റെ സ്റ്റാൾ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയ മന്ത്രിയുടെ പ്രത്യേക അഭിമുഖം നടന്നപ്പോൾ ഷിഹാബാണ് ചിത്രങ്ങളും വിഡിയോയും പകർത്തിയത്. മന്ത്രിക്കൊപ്പമുണ്ടായിരുന്ന  നിമിഷങ്ങളെക്കുറിച്ചും അദ്ദേഹത്തിൽ കണ്ട പ്രത്യേകതകളെക്കുറിച്ചും  ഷിഹാബ് പറഞ്ഞു തുടങ്ങി...ഇന്ത്യയിൽ നിന്ന് മന്ത്രി എത്തുന്നുണ്ട്. അഭിമുഖത്തിനായി അദ്ദേഹം ഓഫിസിൽ എത്തുമെന്ന് മാത്രമാണ് അറിയിപ്പ് കിട്ടിയത്. പിന്നീട് പേര് മനസ്സിലാക്കിയപ്പോൾ ഗൂഗിളിൽ പരതി.

 

ഈ സമയം അൽപം അകലെ കോട്ടും സ്യൂട്ടുമെല്ലാം ധരിച്ച് ഒരാൾ ഓഫിസിലെ ചില സഹപ്രവർത്തകരുമായി സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞപ്പോൾ വിഐപി പാർക്കിങ് ഏരിയയിൽ കാറിലെത്തിയ ചിലർ അവരുടെ അടുത്തേക്ക് എത്തുന്നത് കണ്ടു. കോട്ടു ധരിച്ച് അവിടെ നിന്ന വ്യക്തി വന്നവരെ പരിചയപ്പെടുത്തുന്നത് കണ്ടപ്പോഴാണ് അതായിരുന്നു മന്ത്രി എന്ന് തിരിച്ചറിഞ്ഞത്. സാധാരണ ഇന്ത്യൻ മന്ത്രിമാരുടെ പതിവ് വേഷങ്ങളിൽ പ്രതീക്ഷിച്ചതിനാലാണ് തെറ്റുപറ്റിയത്.

 

ഫയലുകൾ അടുക്കിപ്പിടിച്ച് ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സിഇഒയെപ്പോലെ ചടുലമായി നടക്കുകയും ദൃഢമായി ഹസ്തദാനം തരുകയും ചെയ്യുന്ന വ്യക്തി. അഭിമുഖത്തിന് കോട്ടിൽ മൈക്ക് ഘടിപ്പിക്കാൻ സമീപിച്ചപ്പോഴും അദ്ദേഹം ചിരിച്ച മുഖത്തോടെ ഇറ്റ്സ് സോ ക്യൂട്ട് എന്ന് മൈക്കിനെക്കുറിച്ച് പറഞ്ഞതും ഓർമയിലുണ്ട്. ഇന്ത്യക്കാർ ഔദ്യോഗിക വിമാനമായിപ്പോലും എമിറേറ്റ്സിനെ കരുതുന്നെന്ന് പറഞ്ഞതും ഓർക്കുന്നു. സാധാരണ രാഷ്ട്രീയക്കാരുടെ അഭിമുഖങ്ങളുടെ വലിയ പ്രശ്നം നീട്ടിപ്പരത്തിയുള്ള മറുപടികളാണ്.

 

അത് എഡിറ്റ് ചെയ്യാൻ പ്രയാസമാണ്. എന്നാൽ അവിടെയും അദ്ദേഹം വ്യത്യസ്തനായി. അളന്നുകുറിച്ചുള്ള കൃത്യം മറുപടികൾ. അഭിമുഖത്തിന്റെ തുടക്കത്തിലെ വാചകം ഒന്നുകൂടി ഷൂട്ട് ചെയ്യാൻ സമ്മതിക്കുമോ എന്ന് ചോദിച്ചപ്പോഴും അദ്ദേഹം നിറചിരിയോടെ, തനിക്കിതെല്ലാം പരിചതമാണെന്നാണ് പ്രതികരിച്ചത്. അക്ഷമയുടെ ഒരു കണിക പോലും പ്രകടിപ്പിക്കാതെ സഹകരിച്ച അദ്ദേഹത്തോടെ നന്ദി പറഞ്ഞത് ഞാനാണ്.

 

അദ്ദേഹം യാത്രപറയാനായി കൈപിടിച്ചു കുലിക്കിയപ്പോൾ  പ്രവഹിച്ച പ്രസരിപ്പ് ഇപ്പോഴും ഓർമയിലുണ്ട്. ഉറച്ച  ചുവടുകളുമായി അദ്ദേഹം നടന്നു മറഞ്ഞത് കൺമുന്നിലുണ്ട്.  കഴിഞ്ഞ ആഴ്ച ഒപ്പം മണിക്കൂറുകളോളം ഉണ്ടായിരുന്ന ആൾ പെട്ടെന്ന് ഇല്ലാതായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഷിഹാബ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com