ADVERTISEMENT

അബുദാബി∙ യുഎഇയിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസി മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങി. ആശങ്കയുടെ മുൾമുനയിൽ 3 നാൾ പിന്നിട്ട് ഇവർ രക്ഷാദൗത്യത്തിന്റെ കരങ്ങൾക്കായി ഊണും ഉറക്കവുമൊഴിച്ച് കണ്ണിമവെട്ടാതെ കാത്തിരിക്കുകയാണ്. തലസ്ഥാന നഗരിയായ കീവിലുള്ള 3 മെഡിക്കൽ കോളജുകളിലും മറ്റു ഭാഗങ്ങളിലെ കോളജുകളിലുമായി പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ കൂടുതൽ പേരും ഇന്ത്യയിൽനിന്നുള്ളവരാണ്.

കൂടാതെ ഏവിയേഷൻ കോളജുകളിലും ഇന്ത്യക്കാരുണ്ട്. മൊത്തം നാലായിരത്തിലേറെ മലയാളി വിദ്യാർഥികളിൽ നല്ലൊരു ശതമാനം യുഎഇയിൽനിന്നുള്ള പ്രവാസികളുമുണ്ട്. ഇവർക്ക് തിരികെ യുഎഇയിലെത്താൻ വഴിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ രക്ഷാദൗത്യത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഇവർ.

യുദ്ധത്തിന്റെ സൂചന വന്നതു മുതൽ പലരും ദുബായിലേക്കും അബുദാബിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിൽ എത്തി ബോഡിങ് പാസ് എടുത്തെങ്കിലും അപ്പോഴേക്കും എയർപോർട്ട് അടച്ചതോടെ തിരിച്ചുപോകേണ്ടിവന്നതായി ബൊഗൊമെലറ്റ്സ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി നസീൽ നാസർ പറഞ്ഞു. യുദ്ധം ആരംഭിച്ചതോടെ കോളജിനു പുറത്തു താമസിച്ച വിദ്യാർഥികളോട് ഹോസ്റ്റലിലേക്കു എത്താൻ നിർദേശമെത്തിയിരുന്നു.

അത്യാവശ്യ സാധനങ്ങളും വാങ്ങി സഹപാഠികളെയും കൂട്ടി ഹോസ്റ്റലിലെത്തി. ബങ്കറിലെ പരിമിത സൗകര്യത്തിൽ ഞെരുങ്ങി കഴിയുന്നു. എത്ര നാൾ ഇങ്ങനെ ഇവിടെ തുടരേണ്ടിവരുമെന്നറിയില്ല. വെടിയൊച്ചകളില്ലാത്ത സമയം നോക്കി പുറത്തിറങ്ങി ഹോസ്റ്റൽ മുറിയിൽ പോയി കുളിച്ച് വസ്ത്രം മാറി ചായയോ മറ്റോ ഉണ്ടാക്കി കഴിച്ച് വീണ്ടും ബങ്കറിലെത്തും. ഇടയ്ക്കിടെ സൈറൺ മുഴുങ്ങുന്നതിനാൽ കൂടുതൽ സമയവും ചെലവഴിക്കുന്നത് ബങ്കറിലാണെന്നും പറഞ്ഞു. സ്വന്തം നിലയ്ക്ക് അതിർത്തി പ്രദേശങ്ങളിലേക്കു നീങ്ങാനാണ് എംബസി അധികൃതർ പറയുന്നത്.

തലസ്ഥാന നഗരിയായ കീവിലെ വിദ്യാർഥികൾക്ക്  റഷ്യൻ സൈനികരെ മറികടന്ന് റോഡ് മാർഗം 850 കിലോമീറ്റർ അകലെയുള്ള അതിർത്തിയിലേക്കു യാത്ര ചെയ്യുക എന്നത് ശ്രമകരമാണ്. 12 മണിക്കൂർ യാത്ര ചെയ്താലേ അതിർത്തിയിലെത്താനാകൂ. ഈ സമയത്ത് ട്രെയിനോ ടാക്സിയോ ലഭ്യമല്ല. ശാരീരികവും മാനസികവുമായി തകർന്ന വിദ്യാർഥികളെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ബസ് സൗകര്യം ഒരുക്കി രക്ഷപ്പെടുത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ലബീബ് പോലെ അതിർത്തിക്കു സമീപം താമസിക്കുന്നവർക്ക് 65–100 കി.മീ സഞ്ചരിച്ചാൽ അയൽ രാജ്യങ്ങളിലെത്താം. ഇങ്ങനെയുള്ളവർക്കു മാത്രമാണു രക്ഷാദൗത്യത്തിന്റെ സേവനം നിലവിൽ ഉപയോഗപ്പെടുത്താനാകുന്നത്. അതുകൊണ്ടുതന്നെ അകലെയുള്ളവരുടെ കാര്യത്തിലും സർക്കാർ സജീവ ശ്രദ്ധ പുലർത്തണമെന്നും വിദ്യാർഥികൾ പറഞ്ഞു. യുദ്ധത്തിന് തൊട്ടുമുൻപ് അബുദാബിയിലെത്തിയ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി കണ്ണൂർ സ്വദേശി ദ്യുതിയും കുടുംബത്തിനും ആശ്വാസ തീരത്തെത്തിയ പ്രതീതിയാണ്.

 

കാലാവധി തീരാറായ യുഎഇ റെസിഡൻസ് വീസ പുതുക്കാൻ എത്തി 23ന് മടങ്ങാനിരിക്കവെയാണ് യുദ്ധം ആരംഭിക്കുന്നത്. ഇതോടെ യാത്ര ഒരാഴ്ചത്തേക്കുകൂടി നീട്ടുകയായിരുന്നു. താൻ സുരക്ഷിത സ്ഥലത്താണെങ്കിലും യുദ്ധമുഖത്തുള്ള സഹപാഠികളെയോർത്ത് വേവലാതിയിലാണ് ദ്യുതി.

 

റഷ്യ ഉടൻ യുദ്ധം നിർത്തണം : യുഎഇ

 

അബുദാബി/ന്യൂയോർക്ക്∙ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎഇ. പ്രദേശിക, രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും തുരങ്കം വയ്ക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണമെന്നും യുഎൻ രക്ഷാസമിതിയിൽ യുഎഇ ആവശ്യപ്പെട്ടു.

 

സംഭവത്തിൽ യുക്രെയ്‌ൻ ജനതയ്ക്കും രാജ്യാന്തര സമൂഹത്തിനുമുള്ള പ്രത്യാഘാതങ്ങളിൽ യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. സാധാരണക്കാരുടെ സംരക്ഷണത്തിന് മുൻഗണന നൽകണം. സഹായം ആവശ്യമുള്ളവർക്ക് തടസ്സമില്ലാതെ എത്തിക്കാൻ സൗകര്യമൊരുക്കണമെന്നും ഐക്യരാഷ്ട്ര സഭയിലെ യുഎഇ സ്ഥിരം പ്രതിനിധി ലാന നുസൈബ പറഞ്ഞു.

 

യുഎൻ രക്ഷാസമിതിയുമൊത്ത് പ്രവർത്തിക്കാൻ യുഎഇയുടെ തയാറാണെന്നും വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളുടെയും പരമാധികാരവും സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര ശ്രമങ്ങൾ അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com