ADVERTISEMENT

ദോഹ∙രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ദൃഢപ്പെടുത്തി ഖത്തർ-മെനാസ 2022 സാംസ്‌കാരിക വർഷത്തിന് ഉജ്വല തുടക്കം.

  ഈ വർഷം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ (മെനാസ) രാജ്യങ്ങളുമായി ചേർന്നാണ് ഖത്തറിന്റെ സാംസ്‌കാരിക വർഷാഘോഷം. ഖത്തർ മ്യൂസിയം ഫയർ സ്റ്റേഷനിൽ ഖത്തർ അസി.വിദേശകാര്യമന്ത്രി ലുൽവ റാഷിദ് അൽ ഖാദർ  ഖത്തർ-മെനാസ ആഘോഷത്തിന് തുടക്കമിട്ടു. 

   മധ്യപൂർവ ദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും ഇന്ത്യ ഉൾപ്പെടുന്ന തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും സംഗീതവും കലയും സിനിമയും മാത്രമല്ല രാജ്യങ്ങളുടെ തനത് വിഭവങ്ങളും ഒക്കെയായി വർണാഭമായാണ് ഫയർ സ്റ്റേഷനിൽ ഖത്തർ-മെനാസ സാംസ്‌കാരിക വർഷാഘോഷത്തിന് തുടക്കമിട്ടത്. വിഖ്യാത ഖത്തരി ഗായിക ദാന അൽ ഫർദാന്റെ സംഗീത വിരുന്നും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിനിമ പ്രദർശനവും ആഘോഷത്തിന് മിഴിവേകി. സാംസ്‌കാരിക വർഷത്തിന് തുടക്കമിട്ട് ഖത്തർ മ്യൂസിയം രണ്ടു ദിവസത്തെ കലാ പ്രദർശനവും നടത്തിയിരുന്നു. 

  ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, എജ്യൂക്കേഷൻ എബൗവ് ഓൾ, കത്താറ കൾചറൽ വില്ലേജ്, വിവിധ മന്ത്രാലയങ്ങൾ, ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ, ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ, ഖത്തർ ഒളിംപിക് കമ്മിറ്റി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തുടങ്ങി വിവിധ പൊതു, സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഖത്തർ മ്യൂസിയം ഖത്തർ-മെനാസ സാംസ്‌കാരിക വർഷം ആഘോഷിക്കുന്നത്. 

   2012 ലാണ് രാജ്യങ്ങളുമായുള്ള സാംസ്‌കാരിക ബന്ധം ഊഷ്മളമാക്കാൻ ഖത്തർ മ്യൂസിയം സാംസ്‌കാരിക വർഷാഘോഷത്തിന് തുടക്കമിട്ടത്. സാംസ്‌കാരിക വർഷാഘോഷം 10 വർഷം പൂർത്തിയാക്കുന്നതിന്റെയും ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് 2022 ഖത്തർ-മെനാസ സാംസ്‌കാരിക വർഷമായി ആഘോഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com