ADVERTISEMENT

അബുദാബി/കുവൈത്ത് സിറ്റി∙ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധന അടിയന്തരമായി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗൾഫ് രാജ്യങ്ങൾ കോവിഡ് നിബന്ധനകളെല്ലാം എടുത്തുമാറ്റിയിട്ടും ഇന്ത്യയുടെ കടുംപിടിത്തം പ്രവാസികളുടെ മാത്രമല്ല വാണിജ്യ, വ്യാപാര, വിനോദസഞ്ചാരികളുടെയും സുഗമമായ യാത്രയ്ക്ക് തടസ്സമാകുന്നതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയിൽ നിന്ന് 2 വാക്സീൻ എടുത്തുവന്നവർക്കു മാത്രമാണു നിലവിൽ ഇളവുള്ളത്.

ഏറ്റവും സുരക്ഷിതമായ രീതിയിൽ കോവിഡിനെ പ്രതിരോധിച്ചു നിയന്ത്രണവിധേയമാക്കിയ രാജ്യമാണ് യുഎഇ. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ യോഗ്യരായ 100 ശതമാനത്തോളം പേർക്കും വാക്സീൻ നൽകിയ  യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു പോകുന്നവർക്കു പിസിആർ വേണമെന്ന നിബന്ധന ന്യായീകരിക്കാനാകില്ലെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാർ പറഞ്ഞു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനും ബൂസ്റ്റർ ഡോസും എടുത്തവരാണ് യുഎഇ, കുവൈത്ത് പ്രവാസികൾ. ഇതിൽ മഹാഭൂരിപക്ഷവും മലയാളികളാണെന്നിരിക്കെ എല്ലായ്പോഴും കേരളത്തോട് കേന്ദ്രം കാണിക്കുന്ന വിവേചനമായേ ഇതിനേ കാണാനാവൂ എന്ന് യുവകലാസാഹിതി യുഎഇ സംഘടനാ അസിസ്റ്റന്റ് സെക്രട്ടറി റോയ് ഐ വർഗീസ് പറഞ്ഞു. ചികിത്സ, മരണം തുടങ്ങി അടിയന്തരമായി നാട്ടിലേക്കു പോകേണ്ടവരാണ് ഏറെ പ്രയാസപ്പെടുന്നത്. തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. 

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ–യുഎഇ ബന്ധം കൂടുതൽ ശക്തവും ദൃഢവുമായ കാലമാണിത്. എന്നിട്ടും യാത്രാ പ്രശ്ന പ്രശ്നത്തിലെ കടുംപിടുത്തം നയതന്ത്ര തലത്തിലെ പരാജയമായാണ് കാണുന്നതെന്ന് ട്രാവൽ മേഖലയിലെ ടി.പി സുധീഷ് പറഞ്ഞു. പ്രവാസികൾക്കു മാത്രമല്ല വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കും ടൂറിസത്തിനുമായി ഇന്ത്യയിലേക്കു പോകാൻ ആഗ്രഹിക്കുന്നവർക്കും വിലങ്ങു തടിയാണിത്. ദുബായ് എക്സ്പൊ 2020യ്ക്കായി എത്തിയ വ്യത്യസ്ത രാജ്യക്കാരിൽ പലരും ഇന്ത്യ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും 72 മണിക്കൂർ പിസിആർ നിബന്ധന സുഗമമായ സഞ്ചാരത്തിന് തടസ്സമാണെന്നറിയിച്ച് പലരും വേണ്ടന്നുവയ്ക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

ആർ.ടി പിസിആർ വേണ്ടന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും യുഎഇയെയും ഉൾപ്പെടുത്തണമെന്ന് എൻസിപി ഓവർസീസ്‍ സെൽ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനും സഹമന്ത്രി വി. മുരളീധരനും നിവേദനം നൽകുകയും ചെയ്തു.

ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത്, യുഎഇ പ്രവാസികൾക്കു മാത്രം നാട്ടിലേക്കു പോകുന്നതിന് പിസിആർ വേണമെന്ന നിബന്ധനയിൽ കുവൈത്ത് കെഎംസിസി ശക്തമായി പ്രതിഷേധിച്ചു. പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിച്ച് പിസിആർ നിബന്ധന പിൻവലിക്കണമെന്ന് കുവൈത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് അസ്ലം കുറ്റിക്കാട്ടൂർ പറഞ്ഞു.

ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന പ്രവാസികൾക്ക് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ വേണമെന്ന നിബന്ധന അടിയന്തരമായി പിൻവലിക്കണമെന്ന് കുവൈത്ത് കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല) പ്രസിഡന്റ് പി.ബി സുരേഷ്, ജനറൽ സെക്രട്ടറി ജെ സജി എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com