ADVERTISEMENT

അബുദാബി ∙ പങ്കുവയ്ക്കലിന്റെ പുണ്യവുമായി റമസാനിൽ ഇഫ്താർ ടെന്റുകൾ വീണ്ടുമെത്തുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷം നിർത്തിവച്ച ഇഫ്താർ ടെന്റ് നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കാൻ യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി അനുമതി നൽകി. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാവുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അനുമതി നൽകുന്നതെന്ന് സമിതി വ്യക്തമാക്കി. ഏപ്രിൽ 2നാകും വ്രതാരംഭമെന്നാണ് സൂചന. കുറഞ്ഞ വരുമാനക്കാർക്ക് വിഭവസമൃദ്ധമായി നോമ്പുതുറക്കാൻ അവസരമൊരുക്കുന്ന ഇഫ്താർ ടെന്റുകൾ ഗൾഫ് രാജ്യങ്ങളിൽ പതിവാണ്. എന്നാൽ കോവിഡ് കാലത്ത് കൂട്ടംചേരുന്നത് ഒഴിവാക്കാൻ ടെന്റുകൾ നിർത്തലാക്കിയിരുന്നു. ഇതോടെ ബുദ്ധിമുട്ടിലായ തൊഴിലാളികൾക്കും നിർധന കുടുംബങ്ങൾക്കും കഴിഞ്ഞ 2 വർഷവും ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിലാണ് ഭക്ഷണം എത്തിച്ചത്.

നിബന്ധനകൾ

റമസാൻ ടെന്റുകൾ സ്ഥാപിക്കുന്നവർ റെ‍ഡ് കെസന്റിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. കൂടാരത്തിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കണം. കൂടാരം വായുസഞ്ചാരമുള്ളതും നാലു ഭാഗങ്ങളിലൂടെയും കവാടമുള്ളതുമാകണം. ശീതീകരിച്ച ടെന്റുകളാണെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ടെന്റിൽ ഉൾക്കൊള്ളിക്കാവുന്ന ആളുകളുടെ പരിധി ആതാതു എമിറേറ്റിലെ ദുരന്ത നിവാരണ സമിതി തീരുമാനിക്കും.

നിർദേശങ്ങൾ

∙ ഇഫ്താർ ടെന്റിലെ പ്രവേശനത്തിന് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിക്കണം.

∙ ടെന്റിനകത്ത് ഒരു മീറ്റർ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.

∙ തിരക്കു കുറയ്ക്കാൻ ഇഫ്താറിന് 2 മണിക്കൂർ ‍മുൻപു ടെന്റ് തുറക്കണം.

∙ ജനങ്ങൾ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പാക്കണം.

∙ ഇഫ്താറിന് മുൻപും ശേഷവും ടെന്റ് അണുവിമുക്തമാക്കണം.

∙ ഉപയോഗിച്ച ശേഷം കളയാവുന്ന പ്ലേറ്റ്, കപ്, സ്പൂൺ, മേശ വിരി എന്നിവ അഭികാമ്യം.

∙ പ്രവേശന കവാടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകണം.

∙ ഹസ്തദാനം, ആലിംഗനം തുടങ്ങിയ പാടില്ല.

നിർധനരെ സഹായിക്കാൻ 4.37 കോടി രൂപയുടെ പദ്ധതിയുമായി ഇആർസി

അബുദാബി∙ റമസാനിൽ നോമ്പുതുറ, ഫിത്ർ സകാത്ത്, പെരുന്നാൾ പുടവ എന്നിവയ്ക്കായി 21 ലക്ഷം ദിർഹത്തിന്റെ (4.37 കോടി രൂപ) പദ്ധതിയുമായി എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) അറിയിച്ചു. പ്രാദേശിക, വിദേശ രാജ്യങ്ങളിലെ നിർധനർക്ക് സഹായം എത്തിക്കാനാണ് തുക വിനിയോഗിക്കുക. 14.5 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഇആർസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ സാലിം അൽ റയീസ് അൽ അമരി പറഞ്ഞു. 64 രാജ്യങ്ങളിലെ 6.63 ലക്ഷം പേർക്കും റമസാൻ വിഭവമെത്തിക്കും. റമസാനിൽ സംഭാവന സ്വീകരിക്കാൻ 250 കേന്ദ്രങ്ങളിൽ ഇആർസി സൗകര്യമൊരുക്കും. ഷോപ്പിങ് മാൾ, മാർക്കറ്റ്, ജനങ്ങൾ കൂടുന്ന പ്രദേശം എന്നിവിടങ്ങളിൽ ഔട്‌ലറ്റുകളുണ്ടാകും. വെബ്സൈറ്റ്, സ്മാർട് ആപ്, ബാങ്ക് ട്രാൻസ്ഫർ, എസ്എംഎസ് വഴിയും സംഭാവന നൽകാം. യുഎഇയിൽ അംഗീകൃത ഏജൻസികൾക്കു മാത്രമേ സംഭാവന പിരിക്കാൻ അധികാരമുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com