ADVERTISEMENT

അബുദാബി∙ 2 വർഷം നീണ്ട രാജ്യാന്തര യാത്രാ വിലക്ക് അവസാനിച്ചതോടെ ഇന്നു മുതൽ ഇന്ത്യ–ഗൾഫ് സെക്ടറിൽ വിമാന സർവീസ് സാധാരണ നിലയിലേക്ക്. കോവിഡിനു മുൻപുണ്ടായിരുന്ന സർവീസുകളെല്ലാം വിമാന കമ്പനികൾ പുനരാരംഭിച്ചു. ചില കമ്പനികൾ പുതിയ സെക്ടറുകളിലേക്കും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഇതോടെ ഗൾഫ്–ഇന്ത്യാ സെക്ടറിൽ വിമാന സർവീസുകളുടെ എണ്ണം കൂടിയതിനാൽ ഇഷ്ടമുള്ള സമയത്ത് യാത്ര ചെയ്യാനുള്ള അവസരം കൈവന്നു. ഇതേസമയം കണ്ണൂരിലേക്ക് വിമാന സർവീസ് കുറഞ്ഞതായും പരാതിയുണ്ട്. കോവിഡ് നിയന്ത്രണത്തിലെ ഇളവ് മാറ്റിയതും വിമാന സർവീസുകൾ സാധാരണ നിലയിലായതും ഈ സെക്ടറിൽ യാത്രക്കാരുടെ എണ്ണം കൂട്ടും.

 

തൊഴിലന്വേഷകരുടെയും വിനോദസഞ്ചാരികളുടെയും ഒഴുക്ക് വർധിക്കും. പരീക്ഷ കഴിഞ്ഞ് നാട്ടിലെ സ്കൂളുകൾ അടയ്ക്കുന്നതോടെ ഗൾഫിലേക്കുള്ള വരുന്ന കുടുംബങ്ങളുണ്ട്. വിഷു, റമസാൻ, പെരുനാൾ പ്രമാണിച്ച് നാട്ടിലേക്കു പോകാനിരിക്കുന്നവരും ഏറെ. ഇതു കഴിയുമ്പോഴേക്കും വേനൽ അവധിക്കായി ഗൾഫിലെ സ്കൂളുകൾ അടയ്ക്കുന്നതോടെ സെപ്റ്റംബർ വരെ തിരക്കുള്ള സെക്ടറായി മാറും.

 

വിവിധ മേഖലകളിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതിനാൽ വാണിജ്യം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ ഉണർവ് വ്യോമയാന മേഖലയെ ശക്തിപ്പെടുത്തും. നിയന്ത്രണം നീങ്ങുക വഴി ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയും ഊർജിതമാകും.

 

പ്രതിസന്ധിയുടെ നടുക്കടലിലുള്ള ശ്രീലങ്കയെ മറികടന്ന് കൂടുതൽ സഞ്ചാരികൾ ഇന്ത്യയിലെത്താനുള്ള സാധ്യതയും ഇന്ത്യയ്ക്കും വിമാന കമ്പനികൾക്കും ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുന്നു.

 

എമിറേറ്റ്സ് എയർലൈൻ സർവീസ് ഏപ്രിൽ ഒന്നിന് പൂർണതോതിൽ

 

ദുബായ്∙ഇന്ത്യയിലേക്കുള്ള സർവീസുകൾ ഏപ്രിൽ ഒന്നിന് പൂർണതോതിൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ. കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ രാജ്യത്തെ 9 നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 സർവീസുകൾ നടത്തും. കൊച്ചിയിലേക്ക് ആഴ്ചയിൽ 14, തിരുവനന്തപുരത്തേക്ക് 7. മുംബൈ 35, ന്യൂഡൽഹി, 28, ബെംഗളൂരു 24, ചെന്നൈ 21, ഹൈദരാബാദ് 21, കൊൽക്കത്ത 11, അഹമ്മദാബാദ് 9 എന്നിങ്ങനെയാണ് മറ്റു സർവീസുകളുടെ എണ്ണം.

 

കണ്ണൂരിലേക്ക് സർവീസ് കുറഞ്ഞു

 

ഇന്നലെ വരെ പ്രാബല്യത്തിലുണ്ടായിരുന്ന എയർ ബബ്ൾ കരാർ പ്രകാരം യുഎഇയിൽനിന്ന് കണ്ണൂരിലേക്ക് 4 വിമാന കമ്പനികൾ സർവീസ് നടത്തിയിരുന്നു. ദുബായിൽനിന്ന് ഇൻഡിഗൊ ദിവസേനയും എയർ ഇന്ത്യ ആഴ്ചയിൽ 2 തവണയും സർവീസ് നടത്തിയിരുന്നു.

 

എയർ ഇന്ത്യാ എക്സ്പ്രസിനും ഗൊ ഫസ്റ്റിനും ഷാർജയിൽനിന്ന് പ്രതിദിന കണ്ണൂർ സർവീസുണ്ടായിരുന്നു.  ഇന്നു മുതൽ ഗൊ എയർ, എയർ ഇന്ത്യാ എക്സ്പ്രസ് മാത്രമാണ് കണ്ണൂരിലേക്കു സർവീസ് നടത്തുന്നത്. ഇത് ഈ സെക്ടറിലെ യാത്രക്കാരെ പ്രയാസത്തിലാക്കും. ഉഭയകക്ഷി കരാർ പരിഷ്കരിക്കാത്തതാണ് കണ്ണൂരിലേക്ക് കൂടുതൽ വിമാന കമ്പനികൾക്ക് അനുമതി ലഭിക്കാത്തതെന്നാണ് അറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com