ADVERTISEMENT

ദുബായ് ∙ സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ, സ്കൂട്ടറുകൾ എന്നിവയുടെ ഉപയോഗത്തിന് ദുബായ് പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. 21 തരം നിയമലംഘനങ്ങൾക്ക്  300 ദിർഹം വരെ പിഴയും ബൈക്കുകൾ കണ്ടുകെട്ടാനുമുള്ള വിശദാംശങ്ങളും വ്യക്തമാക്കി. പെർമിറ്റ്, സുരക്ഷാ മാർഗനിർദേശങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പ്രായപരിധി എന്നിവ ഉൾക്കൊള്ളുന്ന നിയന്ത്രണങ്ങൾ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച 2022 ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയം (13) പ്രകാരമാണ് നടപ്പിലാക്കുന്നത്. 

 

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓടിക്കാൻ ഇനി ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യക്തമാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കോ ഇലക്ട്രിക് സ്‌കൂട്ടറോ മറ്റേതെങ്കിലും തരത്തിലുള്ള ബൈക്കോ ഓടിക്കാൻ 16 വയസ്സിന് താഴെയുള്ളവരെ അനുവദിക്കില്ല.12 വയസ്സിന് താഴെയുള്ള സൈക്ലിസ്റ്റുകൾക്കൊപ്പം 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു മുതിർന്ന സൈക്ലിസ്റ്റ് ഉണ്ടായിരിക്കണം.

 

ഗ്രൂപ്പ് പരിശീലനത്തിനോ (നാലിൽ കൂടുതൽ സൈക്ലിസ്റ്റുകൾ/ബൈക്കർമാർ) വ്യക്തിഗത പരിശീലനത്തിനോ (നാലിൽ താഴെ) ആർടിഎയുടെ അംഗീകാരം ലഭിക്കാതെ ബൈക്കോ സൈക്കിളോ ഓടിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. സൈക്ലിങ് ട്രാക്കുകളിൽ മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നില്ലെന്ന് റൈഡർമാർ എപ്പോഴും ഉറപ്പാക്കണം. സൈക്ലിങ്ങും ബൈക്കിങ്ങും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയോ മറ്റ് സൈക്കിൾ യാത്രക്കാർ, വാഹനങ്ങൾ, കാൽനടയാത്രക്കാർ എന്നിവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ചെയ്താൽ പിഴ ലഭിക്കും. 

 

ആദ്യ ലംഘനം നടന്ന് ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായാൽ 30 ദിവസത്തേക്ക് ബൈക്ക് കണ്ടുകെട്ടുന്നതും നിശ്ചിത സമയത്തേക്ക് ബൈക്ക് ഓടിക്കുന്നത് വിലക്കുന്നതുമാണ്. 18 വയസ്സിന് താഴെയുള്ള ഒരാളാണ് ലംഘനം നടത്തിയതെങ്കിൽ, പിഴ അടയ്‌ക്കാനുള്ള ഉത്തരവാദിത്തം യാത്രക്കാരന്റെ രക്ഷിതാവിന് ആയിരിക്കും. പിഴയടച്ചില്ലെങ്കിൽ ബൈക്ക് കണ്ടുകെട്ടേണ്ടി വരും (വാഹനം കണ്ടുകെട്ടുന്നതിനുള്ള നിയന്ത്രണത്തിന് സമാനമാണിത്). നിയമം ലംഘനമടക്കമുള്ള പ്രവൃത്തികൾ ആർടിഎയുമായി ചേർന്ന് നിയന്ത്രിക്കാനുള്ള അധികാരം പൊലീസിന് പ്രമേയം നൽകുന്നു.

നിയമലംഘനങ്ങൾ, പിഴ

∙അപകടകരമാം വിധം ഓടിക്കുക, പ്രധാന പാതകളിൽ പ്രവേശിക്കുക, ഒരു വാഹനത്തിൽ 2 പേർ യാത്ര ചെയ്യുക, സാങ്കേതിക തകരാറുകൾ പരിഹരിക്കാതിരിക്കുക, സാധനങ്ങൾ കയറ്റുക-300 ദിർഹം.

∙ അനുവദനീയ മേഖലകളിലല്ലാതെ ഉപയോഗിക്കുക, ജോഗിങ് ട്രാക്കുകളിലും മറ്റും പാർക്ക് ചെയ്യുക, ലൈസൻസ് ഇല്ലാതെയുള്ള ഉപയോഗം, ഹെൽമറ്റും മറ്റും ധരിക്കാതിരിക്കുക-200 ദിർഹം.

∙12 വയസ്സിൽ  താഴെയുള്ളവർ സൈക്കിൾ ഉപയോഗിക്കുമ്പോൾ 18 വയസ്സോ അതിൽ കൂടുതലോ ഉള്ളയാൾ ഒപ്പമില്ലെങ്കിലും 200 ദിർഹമാണ് പിഴ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com