ADVERTISEMENT

ദുബായ് ∙ പുതിയ അറിവുകളും അനുഭവങ്ങളും വിസ്മയങ്ങളും സമ്മാനിച്ച 6 മാസത്തെ എക്സ്പോ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മേന മേഖലയിലെ ആദ്യ എക്സ്പോയുടെ സമാപന പരിപാടികൾ അവിസ്മരണീയമാക്കാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. എക്സ്പോയിലെ വിവിധ മേഖലകളിൽ 20ൽ ഏറെ കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചു.  

വേദിയിലെ കുംഭഗോപുരമായ അൽ വാസൽ പ്ലാസയിൽ കരിമരുന്നു പ്രയോഗം, േലസർഷോ എന്നിവയോടെ വൈകിട്ട് 7ന് പരിപാടികൾ ആരംഭിക്കും. സമാപന ചടങ്ങിൽ എക്സ്പോ പതാക ജാപ്പനീസ് പ്രതിനിധികൾക്കു കൈമാറും.  ജപ്പാനിലെ ഒസാകയിൽ 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13വരെയാണ് അടുത്ത എക്സ്പോ. 

അൽ വാസൽ പ്ലാസയിൽ ഉദ്ഘാടന ദിവസം അരങ്ങേറിയ ദൃശ്യവിരുന്നിന്റെ തുടർച്ചയായുള്ള പരിപാടിയാണ് ആദ്യത്തേത്. നാടോടിക്കഥ പറയുന്ന രീതിയിൽ അന്ന് അവതരിപ്പിച്ച പരിപാടിയിൽ സ്വദേശി മുത്തശ്ശനോടൊപ്പം അറബ് പെൺകുട്ടിയായി വേഷമിട്ട ഇന്ത്യൻ വിദ്യാർഥി ഉത്തരാഖണ്ഡ് നൈനിറ്റാൾ സ്വദേശി 11 വയസ്സുകാരി മിറാ സിങ്  ആണ് ഇത്തവണയും കേന്ദ്രകഥാപാത്രം. 

തിരക്ക് കണക്കിലെടുത്ത് പകലും രാത്രിയും മെട്രോ സർവീസ് നടത്തും. വിവിധ മേഖലകളിൽ നിന്നുള്ള എക്സ്പോ റൈഡർ ബസുകൾക്കു പുറമേ ടൂറിസ്റ്റ് ബസുകളും ഉണ്ടാകും. യാത്ര സൗജന്യം. വേദിയോടനുബന്ധിച്ച് കൂടുതൽ പാർക്കിങ് സൗകര്യവുമൊരുക്കി. 

സന്ദർശകർ പൊതുവാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. കാറിൽ വരുന്നവർ ജബൽ അലി മെട്രോ സ്റ്റേഷനിൽ പാർക്ക് ചെയ്ത് മെട്രോയിൽ വരാൻ സൗകര്യമുണ്ട്. 

Indian-National-Day-celebration-expo-2020

ബഹിരാകാശം കണ്ടു, ചന്ദ്രനെ തൊട്ടറിഞ്ഞു

എക്സ്പോയിൽ രണ്ടരക്കോടി സന്ദർശകരാണ് എത്തിയത്. സന്ദർശകരെ ബഹിരാകാശ വിസ്മയങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയ എക്സ്പോയെന്ന വിശേഷണവും ദുബായ്ക്ക് സ്വന്തം. ചന്ദ്രനെയും ചൊവ്വയെയും അടുത്തറിയാൻ അവസരം ലഭിച്ചു. യുഎസ് പവിലിയനിൽ ചന്ദ്രനിൽ നിന്നു കൊണ്ടുവന്ന ചെറുകല്ലിൽ തൊടാനും ചൊവ്വയിൽ നിന്ന് അന്റാർട്ടിക്കയിൽ പതിച്ച ഉൽക്കയുടെ ചെറുകഷണം കാണാനും കഴിഞ്ഞു. ഇന്ത്യ, റഷ്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ബഹിരാകാശ നേട്ടങ്ങളുടെ വിസ്മയക്കാഴ്ചകൾ അവതരിപ്പിച്ചു. 

വിവിധയിനം റോക്കറ്റുകൾ, ബഹിരാകാശ പേടകങ്ങൾ, റോബട്ടുകൾ, നക്ഷത്രലോകം എന്നിവയെല്ലാം സന്ദർശകർക്കു പുതുമയായി. 

india-in-dubai-expo-2
എക്സ്പോയിൽ ഇന്ത്യയുടെ ദേശീയദിനാഘോഷ പരിപാടികളിൽ നിന്ന്.

ഇന്ത്യ പവിലിയൻ നിലനിർത്തും

എക്സ്പോയ്ക്കു ശേഷം സ്മാർട് സംരംഭങ്ങളുടെ ആസ്ഥാനമാകുന്ന മേഖലയിൽ ഇന്ത്യ പവിലിയൻ നിലനിർത്തും. സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും ഒട്ടേറെ അവസരങ്ങളൊരുക്കാൻ കഴിഞ്ഞ പവിലിയനിൽ 16 ലക്ഷത്തിലേറെ സന്ദർശകരെത്തി.

2,000ൽ ഏറെ ബിസിനസ് മീറ്റുകളും നടന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ 110 ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. ആയുർവേദം, സിദ്ധ, പ്രകൃതി ചികിത്സ, യോഗ, മെയ്ക് ഇൻ ഇന്ത്യ, സ്മാർട് സിറ്റി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയവ രാജ്യാന്തരശ്രദ്ധ േനടി. 

Indian-National-Day-celebration-expo-20203

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സന്ദർശനത്തിനു കഴിഞ്ഞു. പരമാവധി നിക്ഷേപ സാധ്യതകളിലേക്കു വഴിയൊരുക്കാനും സഹായകമായി. രാജ്യാന്തര മേളകളിൽ അധികം സജീവമാകാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിക്ഷേപങ്ങൾക്കു വഴിയൊരുങ്ങി.

വർണങ്ങളിൽ ആറാടി ഇന്ത്യ

ദുബായ് ∙ സംസ്ഥാനങ്ങളുടെ സാംസ്കാരിക നിറച്ചാർത്തുകളോടെ എക്സ്പോയിൽ ഇന്ത്യയുടെ ദേശീയ ദിനാഘോഷം. എക്സ്പോയെ ഇന്ത്യൻ മേളയാക്കി മാറ്റിയ അത്യപൂർവ ആഘോഷമാണ് അരങ്ങേറിയത്. സംഗീതപ്രതിഭകളും നാടോടി ഗായകരും നർത്തകരും അണിനിരന്നു. 

ഇന്ത്യൻ പതാകകൾ വീശി അൽ വാസൽ പ്ലാസയ്ക്ക് ചുറ്റും തടിച്ചുകൂടിയവർ പർദേശ് എന്ന ചിത്രത്തിലെ  'ഐ ലവ് മൈ ഇന്ത്യ', കർമ എന്ന ചിത്രത്തിലെ 'ദിൽദിയാ ഹേ ജാൻ ഭി ദേംഗെ' തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ ഏറ്റുപാടി ചുവടുകൾ വച്ചു. ഇന്ത്യയുടെയും യുഎഇയുടെയും ദേശീയപതാകകൾ ഒന്നിച്ച് തെളിഞ്ഞപ്പോൾ ആരവവും കരഘോഷവും ഉയർന്നു. 

വയലിൻ വിദഗ്ധൻ ഡോ. എൽ. സുബ്രഹ്മണ്യം, ഭാര്യയും ഗായികയുമായ കവിത കൃഷ്ണമൂർത്തി തുടങ്ങിയവർ അരങ്ങിലെത്തി. സാംസ്കാരിക ഘോഷയാത്ര, ഭക്ഷ്യമേള, പൊയ്ക്കാൽ നൃത്തം, കാർട്ടൂൺ മേള എന്നിവയും ഉണ്ടായിരുന്നു. 

Indian-National-Day-celebration-expo-20201

ഇന്ത്യ പവിലിയനിലും അൽ വാസൽ പ്ലാസയിലും മറ്റു വേദികളിലും കലാപരിപാടികൾ അരങ്ങേറി. ഇന്ത്യ പവിലിയനിൽ നിർമിതബുദ്ധി, ബഹിരാകാശം, ആരോഗ്യം, ഡിജിറ്റൈസേഷൻ തുടങ്ങിയ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടികൾ ഉണ്ടായിരുന്നു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com