ADVERTISEMENT

ദുബായ് ∙ ആറ് മാസം ദുബായിയെ കോരിത്തരിപ്പിച്ച എക്സ്പോ2020 വിടപറയുമ്പോൾ, സന്തോഷവും ദുഃഖവും സമ്മിശ്രമായ വികാരത്തോടെ ഒരു മലയാളി ചിത്രകാരൻ. വിസ്മയങ്ങൾ തീർത്ത എക്സ്പോ വേദിയിലെ 132 രാജ്യങ്ങളുടെ പവലിയനുകളുടെ കാഴ്ചകൾ പകർത്തി ശ്രദ്ധേയനായ യുവ ചിത്രകാരൻ കോഴിക്കോട് നരിക്കുനി കാരുകുളങ്ങര സ്വദേശി ലതീഷ് കുമാറാണ് കൊതി തീരുംമുൻപേ വിടപറയുന്ന ലോക മഹോത്സവത്തോട് യാത്രാമൊഴി ചൊല്ലാനാകാതെ വിലപിക്കുന്നത്.

latheesh-kumar-2

ദുബായ് സ്റ്റുഡിയോ സിറ്റിയിൽ അനിമേറ്ററായ ലതീഷ് കുമാർ മറ്റെല്ലാരെയും പോലെ ഒന്നു കണ്ടാസ്വദിക്കാനായിരുന്നു 2021 ഡിസംബർ 24ലെ വാരാന്ത്യദിനത്തിൽ എക്സ്പോ വേദിയിലെത്തിയത്. എവിടെ പോകുമ്പോഴും കൂടെ കരുതാറുള്ള സ്കെച് ബുക്കും പെൻസിലും പേനയുമെല്ലാം അന്നും കൈയിലെ ബാഗിലുണ്ടായിരുന്നു. യുഎഇ പവലിയനിലെ അൽ വാസൽ ഡോമിനകത്തിരുന്നായിരുന്നു ആദ്യം വരകൾ കോറിയിട്ടത്. യുഎഇ പവലിയൻ തന്നെയായിരുന്നു വിഷയം. അന്ന് താമസ സ്ഥലത്ത് തിരിച്ചെത്തിയതു മുതൽ വീണ്ടും എക്സ്പോ സന്ദർശിക്കാൻ മനസ്സ് തുടിച്ചു. അടുത്ത വാരാന്ത്യത്തിൽ ചെന്നത് ടോംഗോ പവലിയനിലായിരുന്നു. വലിയ തിരക്കില്ലാതിരുന്ന പവലിയനിലിരുന്ന് വരയ്ക്കുന്നത് കണ്ട് അവരു‌ടെ മാനേജർ വന്ന് അഭിനന്ദിച്ചു. മത്സ്യബന്ധനം പ്രധാന ഉപജീവനമായ ടോംഗോയിലെ വിശേഷങ്ങളായിരുന്നു വരകളായത്. ഇതോടെ ആവേശം ഇരട്ടിച്ചു. അടുത്ത വാരാന്ത്യങ്ങളിൽ ഒരു ദിവസം നാലും അഞ്ചും പവലിയനുകൾ കയറിയിറങ്ങി അവയുടെ സവിശേഷതകൾ കടലാസിൽ പകർത്തി. 

latheesh-kumar-4

തുടർന്നുള്ള വാരാന്ത്യങ്ങളിൽ പത്തോളം പവലിയനുകൾ സന്ദർശിച്ച് കാഴ്ചകൾ സ്വന്തമാക്കി. ഇത്തരത്തിൽ പന്ത്രണ്ടോളം പവലിയനുകളുടെ കാഴ്ചകൾ ചിത്രീകരിച്ച ദിനങ്ങളുമുണ്ടായിരുന്നു. വലിയ തിരക്കില്ലാത്ത ചെറിയ പവലിയനുകളായിരുന്നു തനിക്ക് ഏറെ സംതൃപ്തി നൽകിയതെന്ന് ലതീഷ് കുമാർ പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളുടെ പവലിയനുകളായിരുന്നു ഏറെ ആകർഷണം. വിവിധ രാജ്യങ്ങളുടെ പരമ്പരാഗത വസ്ത്രവും ഭക്ഷണവും സംസ്കാരവുമെല്ലാം ലതീഷിനെ ഏറെ ആകർഷിച്ചു. അവയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളായി.

latheesh-kumar-3

മാൾട്ട പവലിയൻ അധികൃതരായിരുന്നു ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. തങ്ങൾ പറയുന്ന ദിനം വന്ന് വരയ്ക്കാൻ പണം വേണോ എന്നു പോലും അവർ ചോദിച്ചു. സാമ്പത്തിക നേട്ടമല്ല, വരയോടുള്ള അഭിനിവേശമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് പറഞ്ഞപ്പോൾ അവർ നന്ദി പറഞ്ഞു. ക്ഷണമനുസരിച്ച് ചെന്ന ദിവസം 3 മണിക്കൂർ ചെലവഴിച്ച് ആ രാജ്യത്തിന്റെ രണ്ട് മുദ്രകൾ കടലാസിൽ പകർത്തി. ഒരുപാട് സമ്മാനങ്ങൾ നൽകിയാണ് മാള്‍ട്ട അധികൃതർ യാത്രയാക്കിയത്. ആ ചിത്രങ്ങൾ അവർ തങ്ങളുടെ സമൂഹമാധ്യമ പേജുകളിൽ പങ്കിട്ടു. 

ഗംഗാധരൻ–കുട്ടിമാളു ദമ്പതികളുടെ മകനായ ലതീഷ് കുമാർ തിരുവനന്തപുരം വിസ്മയാ മാക്സിലും യൂണിവേഴ്സൽ ആർട്സിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ദുബായിൽ ജോലി ചെയ്യുന്നു. വ്യത്യസ്ത പരിപാടികളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബായിൽ ഇനിയും ഇതുപോലുള്ള മഹോത്സവങ്ങളെത്തുമ്പോൾ അതെല്ലാം പകർത്താനുള്ള ആവേശമാണ് ലതീഷിന് എക്സ്പോ2020 സമ്മാനിച്ചത്. ഫോൺ:+971 58 215 4812.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com