ADVERTISEMENT

ദുബായ്∙ 6 മാസത്തെ എക്സ്പോ ലോകത്തിന് കൈമാറിയത് ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള സാങ്കേതിക വിദ്യകൾ. നിർമിതബുദ്ധി, ഗതാഗതം, റോബട്ടിക്സ്, പാരമ്പര്യേതര ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയടക്കമുള്ള പ്രമുഖ രാജ്യങ്ങൾ അവതരിപ്പിച്ച സാങ്കേതികവിദ്യകൾ ശ്രദ്ധ നേടി. പല രാജ്യങ്ങളിലും ഇതു വ്യാപകമാകും.

 

വിസ്മയ കുംഭഗോപുരം; വീടിനകത്ത് മഴ, കൃഷി

 

∙എക്സ്പോ കുംഭഗോപുരമായ അൽ വാസൽപ്ലാസയാണ് ഏറ്റവും ശ്രദ്ധയാകർഷിച്ച നിർമിതി. ഇറ്റലിയിലെ പിസ ഗോപുരത്തേക്കൾ 10 മീറ്റർ വലുപ്പമുണ്ട്. 360 ഡിഗ്രി സ്ക്രീൻ ഉൾപ്പെടുന്ന താഴികക്കുടത്തിന് 16 ടെന്നിസ് കോർട്ടുകളുടെ വിസ്തീർണം. ഹൈടെക് ഡിജിറ്റൽ ദൃശ്യ-ശ്രാവ്യ അനുഭവം നൽകുന്ന 'സ്ക്രീൻ'  252 പ്രൊജക്ടറുകൾ ഉപയോഗിച്ചാണു പ്രവർത്തിപ്പിക്കുന്നത്.  ഉൾഭാഗത്തിന്  300 ഒളിംപിക് നീന്തൽക്കുളങ്ങളുടെ വലുപ്പം. 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവുമുള്ള അൽവാസൽ പ്ലാസയ്ക്ക് 10,000 പേരെ ഉൾക്കൊള്ളാനാകും. 

 

∙ വീടിനകത്തു വരെ മഴ പെയ്യിക്കാൻ കഴിയുന്ന നെതർലൻഡ്സ് സാങ്കേതിക വിദ്യ. സോളർ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ ഈർപ്പത്തിൽ നിന്നാണു മഴ പെയ്യിക്കുന്നത്. നൂൽമഴയിൽ തട്ടുകൃഷിത്തോട്ടം നനഞ്ഞുകൊണ്ടേയിരിക്കും. ദിവസവും നൂറുകണക്കിനു ലീറ്റർ വെള്ളം മഴയിലൂടെ ലഭ്യമാകും. ശീതീകരണികളുടെ ഉപയോഗം കുറയ്ക്കാം.  

 

∙ചൂടു കാലാവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ തലയ്ക്കു കുളിർമയേകാൻ ഇന്ത്യൻ സംരംഭകരുടെ എസി ഹെൽമറ്റ്. 'ജർഷ് സേഫ്റ്റി' അവതരിപ്പിച്ച ഹെൽമറ്റിൽ തണുപ്പ് കാലാവസ്ഥയിൽ സുഖകരമായ ചൂട് നിലനിർത്താൻ കഴിയുന്ന ഹീറ്റർ സംവിധാനവുമുണ്ട്.

 

∙എക്സ്പോയിൽ സന്ദർശകർക്കു കറങ്ങാൻ ലോകത്താദ്യമായി കംപ്രസ്ഡ് എയർ ട്രെയിൻ. കംപ്രസ് ചെയ്ത വായു ഉപയോഗിച്ച് പ്രവർത്തനം. 

 

∙ ടെറ പവിലിയനോടനുബന്ധിച്ച് 4912 പാനലുകളുള്ള കൂറ്റൻ 'സൗരോർജ വൃക്ഷങ്ങൾ'. മരങ്ങളുടെ രൂപത്തിലുള്ള സോളർ പാനലാണിത്. സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തേക്ക് ഇതിലെ ഇലകൾ തിരിയും വിധമാണ് പ്രവർത്തനം. 9 ലക്ഷത്തിലേറെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള വൈദ്യുതി ഇതിൽ നിന്നു ലഭിക്കും. 

 

∙ മൊബിലിറ്റി പവിലിയനിൽ ഒരുസമയം 160ൽ ഏറെ പേർക്കു കയറാവുന്ന ലിഫ്റ്റ്. 

 

∙തട്ടുകൃഷി രീതിയിൽ വളർത്തിയെടുത്ത മഴക്കാട്. മരുഭൂമിയിൽ വൻ സാധ്യതയുള്ള പദ്ധതിക്ക് ചെലവ് വളരെ കുറവ്. സിംഗപ്പൂർ പവിലിയനാണ് ഇതൊരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com