ADVERTISEMENT

ദുബായ്∙ വിസ്മയങ്ങളുടെ മേള വൻവിജയമാക്കി വികസന ഭാവിയിലേക്ക് സ്മാർട് ദുബായ്. കോവിഡ് ആശങ്കകൾ അകറ്റി ലോകത്തിന് ആത്മവിശ്വാസം പകർന്ന വലിയ ദൗത്യവും സഫലമാക്കി എക്സ്പോ സമാപിച്ചെങ്കിലും ബഹിരാകാശ മേഖലയിലെയടക്കം പദ്ധതികളുടെയും സാങ്കേതികവിദ്യകളുടെയും സ്മാർട് യുഗത്തിന് കൊടിയേറുകയാണ്.

4.38 ചതുരശ്ര കിലോമീറ്റർ എക്സ്പോ നഗരം '15 മിനിറ്റ് നഗര'മാകും. കാറുകളെയും മറ്റും ആശ്രയിക്കാതെ സൈക്കിളിലോ നടന്നോ 15 മിനിറ്റിനകം ഏതുഭാഗത്തുമെത്താവുന്ന അതിവേഗ നഗരം.  കാൽനട-സൈക്കിൾ യാത്രക്കാർക്കും ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങൾക്കുമുള്ള ട്രാക്കുകൾ ഒരുക്കുകയും ഇവയെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്ത പരിസ്ഥിതി സൗഹൃദ മേഖലയാണ് 'ഡിസ്ട്രിക്ട് 2020' എന്ന എക്സ്പോ നഗരം.

ഇന്ത്യ, സൗദി പവിലിയനുകളടക്കം 80% നിർമിതികൾ നിലനിർത്തുന്ന ഇവിടെ ഒക്ടോബറോടെ പുതിയ സംരംഭങ്ങൾ പ്രവർത്തിച്ചുതുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളുമാണ് ആദ്യഘട്ടത്തിലുള്ളത്. 

ഒപ്പമുണ്ട് ഇന്ത്യ

ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായി വിവിധ ഓഫിസുകളും മറ്റും പ്രവർത്തിക്കുന്ന കെട്ടിടമായി ഇന്ത്യ പവിലിയൻ മാറും.  എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത്. സസ്റ്റൈനബിലിറ്റി, ഓപ്പർച്യൂണിറ്റി പവിലിയനുകൾ, പാർക്കുകൾ, ജലാശയങ്ങൾ തുടങ്ങിയവ രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലകളാകും.

ഭാവിയുടെ ആസ്ഥാനം

∙ എക്സ്പോ നഗരം ബഹിരാകാശ മേഖലയിലെയടക്കം സകലപദ്ധതികളുടെയും രാജ്യാന്തര ആസ്ഥാനമാകും. സംരംഭകർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർക്ക് അവസരങ്ങൾ. 

∙ അത്യാധുനിക താമസ-സാംസ്കാരിക കേന്ദ്രങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ രാജ്യാന്തര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാബുകൾ.  

∙ സുരക്ഷിതത്വം ഉൾപ്പെടെ ഉറപ്പാക്കി എല്ലാ കെട്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന സ്മാർട് ശൃംഖല. മെട്രോ വിപുലീകരണ പദ്ധതി പരിഗണനയിലെന്നു റിപ്പോർട്ട്. 

∙ ലോജിസ്റ്റിക്സ് സേവനങ്ങളുടെ രാജ്യാന്തര ആസ്ഥാനമാകും. വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുൾപ്പെടുന്ന തന്ത്രപ്രധാന കേന്ദ്രം.

∙ എക്സ്പോ വേദിയുടെ 'ഡിജിറ്റൽ ട്വിൻ'. ഡിജിറ്റൈസ് സംവിധാനങ്ങളുടെ സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന ഹൈടെക് ലോകമാണിത്. ഡേറ്റകൾ ശേഖരിക്കാനും അപഗ്രഥിക്കാനും സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയും.

പുരാവസ്തു മുതൽ ഹൈഡ്രജൻ വരെ

എക്സ്പോയ്ക്കു ശേഷം വേദിയിൽ ഹൈഡ്രജൻ ഇന്നവേഷൻ സെന്റർ തുടങ്ങാനാണ് യുകെ പദ്ധതി. സംശുദ്ധ ഊർജമായ ഹൈഡ്രജന്റെ ഉൽപാദനവും കയറ്റുമതിയും കൂട്ടാനുള്ള പദ്ധതിക്ക് യുഎഇ ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ തുടക്കമിടുകയാണ്.

നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകുന്ന ഹൈടെക് കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. പുരാവസ്തുക്കളെക്കുറിച്ചും മറ്റും പഠന-ഗവേഷണങ്ങൾക്കുള്ള നവോത്ഥാന കേന്ദ്രമാണ്  ഇറ്റലിയുടെ ലക്ഷ്യം.

വിവിധ മേഖലകളിൽ നിന്നു ശേഖരിക്കുന്ന കലാരൂപങ്ങൾ ഇവിടെയുണ്ടാകും. വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com