ADVERTISEMENT

ദുബായ് ∙ 6 മാസത്തെ എക്സ്പോ വൻവിജയമായതോടെ ദുബായിലെ വാണിജ്യ-വ്യവസായ മേഖല 'ടോപ്ഗിയറിൽ'. വളർച്ച കൈവരിച്ച 76.5% കമ്പനികളിൽ 73.5 ശതമാനത്തിനും രാജ്യാന്തര തലത്തിലടക്കം ബന്ധങ്ങൾ ശക്തമാക്കാൻ കഴിഞ്ഞതായി ദുബായ് ഇക്കണോമി വ്യക്തമാക്കി. ഗ്ലോബൽ ബിസിനസ് ഫോറം വേദികൾക്കു പുറമേ കമ്പനികൾക്കും സംരംഭകർക്കും നേരിട്ടുള്ള ചർച്ചകൾക്ക് അവസരം ലഭിച്ചതും നേട്ടമായി.

ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 98 പരിപാടികളിൽ 130ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള 25,000 പ്രതിനിധികൾ പങ്കെടുത്തു. ആഫ്രിക്കൻ, ആസിയാൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വൻ പങ്കാളിത്തമുണ്ടായിരുന്നു. ഒട്ടേറെ സാധ്യതകൾക്കാണ് വഴിയൊരുങ്ങിയത്. യുഎഇയിലെ സംരംഭകർക്കും രാജ്യാന്തര പങ്കാളികൾക്കും ബിസിനസ് ശൃംഖല വിപുലമാക്കാൻ ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ 1,500 ഉഭയകക്ഷി ചർച്ചാവേദികളൊരുക്കി.

രാഷ്ട്രീയ-വ്യവസായ പ്രമുഖരടക്കം 60ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള 3,350 പ്രതിനിധികൾ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. പ്രത്യേക സാമ്പത്തിക മേഖലയായ ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) 17 വർഷത്തെ ഏറ്റവും വലിയ വളർച്ച കൈവരിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

കഴിഞ്ഞ വർഷം 25% അധിക വളർച്ച നേടിയതോടെ ഇവിടെയുള്ള മൊത്തം കമ്പനികളുടെ എണ്ണം 3,644 ആയി. പുതിയ റജിസ്ട്രേഷനിൽ 36% വർധന. 996 കമ്പനികൾ പുതിയതായി റജിസ്റ്റർ ചെയ്തു. സാങ്കേതിക വികസന മേഖലയിലെ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, നൂറു കോടി ക്ലബിലെ കമ്പനികൾ എന്നീ വിഭാഗത്തിൽ മാത്രം 500 സ്ഥാപനങ്ങൾ.

ഹോട്ടലുകൾ കൂടി, താമസക്കാരും

ഹോട്ടലുകളുടെയും താമസക്കാരുടെയും എണ്ണത്തിലുണ്ടായ വർധനയാണ് ശ്രദ്ധേയ മാറ്റങ്ങളിലൊന്ന്. 2021 ജനുവരിയിൽ 711 ഹോട്ടലുകളായിരുന്നെങ്കിൽ ഈ വർഷം ജനുവരി ആയപ്പോഴേക്കും 759 ആയി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 12.7% വർധന രേഖപ്പെടുത്തി. എണ്ണയിതര വ്യാപാരത്തിൽ 2020നെ അപേക്ഷിച്ച് 27% വർധന. നൂതന ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, രാജ്യാന്തര സഹകരണം, സാമ്പത്തിക വൈവിധ്യവൽക്കരണം തുടങ്ങിയ മേഖലകളിൽ എക്സ്പോ നൽകിയ സംഭാവന വളരെ വലുതാണെന്ന് ദുബായ് ചേംബേഴ്സ് പ്രസിഡന്റും സിഇഒയുമായ ഹമദ് ബുവാമിം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യുഎഇയുടെ സാമ്പത്തിക വളർച്ച ശക്തമാകുമെന്ന് ലോക ബാങ്കും വിലയിരുത്തിയിരുന്നു. കഴിഞ്ഞവർഷത്തെ 2.6 ശതമാനത്തിൽ നിന്ന് 4.6% ആകുമെന്നാണ് റിപ്പോർട്ട്. എക്സ്പോ തുടങ്ങിയ ശേഷം എണ്ണയിതര മേഖലയ്ക്കു പുറമേ ടൂറിസം, റിയൽ എസ്റ്റേറ്റ്, ആതിഥേയ മേഖല, വ്യോമഗതാഗതം എന്നീ രംഗങ്ങളിലെല്ലാം ശക്തമായ വളർച്ചയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com