ADVERTISEMENT

ദുബായ്∙ നാട്ടിലേതിനേക്കാൾ സുഖമാണു ഗൾഫിലെ നോമ്പുകാലം എന്നു പലരും പറയാറുണ്ട്. സമൂഹനോമ്പുതുറയുടെ പ്രാധാന്യം തന്നെയാണ് അതിനു പ്രധാന കാരണം. നോമ്പുതുറ എന്നാൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക മാത്രമല്ല, പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനും വിശേഷങ്ങൾ കൈമാറാനും ലഭിക്കുന്ന അപൂർവാവസരം കൂടിയാണത്. മാനവികതയുടെ പുതിയ തലങ്ങൾ അവിടെ സംഭവിക്കുന്നു. ഇത്തരത്തിൽ ഇഫ്താറുകളിൽ പങ്കെടുക്കുമ്പോഴും പള്ളിയിൽ രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കുമ്പോഴും ലഭിക്കുന്ന ആത്മചൈതനൃത്തക്കുറിച്ചു വാചാലയാകുകയാണ്, ദുബായിൽ താമസിക്കുന്ന എഴുത്തുകാരി കൂടിയായ സജ്‌ന അബ്ദുല്ല:

വിവാഹം കഴിഞ്ഞു ദുബായിൽ വന്നതിനു ശേഷമാണു മനസ്സറിഞ്ഞു നോമ്പെടുത്തു തുടങ്ങിയത്. അതിനു മുൻപു പഠിത്തവും ചുറ്റുപാടുകളും മറ്റു ചില തിരക്കുകളും കാരണം ഇടയ്ക്കു മാത്രമേ നോമ്പെടുക്കാറുണ്ടായിരുന്നുള്ളൂ. 

കോട്ടയത്തു താമസിച്ചിരുന്ന ഞങ്ങൾക്ക് ഉമ്മ നാടായ കൊടുങ്ങല്ലൂരിലെ നോമ്പ് ഓർമകൾ പലതും പറഞ്ഞു തരുമായിരുന്നു.വെളുപ്പിനു രണ്ടിന് അത്താഴം കഴിക്കാൻ സമയമായി എന്നു പറഞ്ഞു പടിക്കൽ വന്നു മുട്ടിവിളിക്കുന്ന കുട്ടുകാരനും വിഭവസമൃദ്ധമായ അത്താഴ നോമ്പ് തുറ വിഭവങ്ങളുമെല്ലാം ഉമ്മ വിശദമായി പറഞ്ഞുതരും. വെളുപ്പിനു മൂന്നു മണി കഴിഞ്ഞ് അത്താഴം കഴിച്ചാൽ നോമ്പ് ലഭിക്കില്ല എന്നായിരുന്നു അന്നുള്ളവർ പറഞ്ഞിരുന്നത്. പിന്നീടു കാലങ്ങൾക്കു ശേഷം നോമ്പിന് സുബഹി ബാങ്ക് കൊടുക്കുന്നതിനു തൊട്ടുമുൻപ് വരെ ഭക്ഷണം കഴിക്കാം എന്നത്, ചെറുപ്പത്തിലെ ശീലം കൊണ്ടായിരിക്കും, ഉമ്മാക്ക് ആദ്യമൊന്നും അത്ര സ്വീകാര്യമായിരുന്നില്ല.  മുസ്‌ലിംകൾ അധികം ഒന്നും ഇല്ലാത്ത സ്ഥലത്തു താമസിച്ചിരുന്ന ഞങ്ങൾക്ക്, ഉമ്മാടെ ചെറുപ്പകാലത്തെ നോമ്പ് വിവരണങ്ങൾ കേൾക്കുമ്പോൾ നാട്ടിൽ പോയി നോമ്പ് പിടിക്കണം എന്ന ആഗ്രഹം കലശലായി തോന്നുമായിരുന്നു.

ഗൾഫിലെ നോമ്പുകാലം അതിന് ഏറെ ചൈതന്യം ഉണ്ട് .  ഈ നാടുമുഴുവൻ, എന്തിനു പ്രകൃതിപോലും റമസാനിൽ പ്രാർഥനയുടെയും ആത്മനിയന്ത്രണം ക്ഷമയുടെയും ഒരു ഭാവം ഉൾക്കൊള്ളുന്നതായി തോന്നും.  ബറാത്ത് കഴിയുമ്പോഴേ നോമ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കും വീടുമുഴുവൻ വൃത്തിയാക്കി, നിസ്കാര പായയും കുപ്പായങ്ങളും അലക്കി ഉണക്കി, ഒരു പുതിയ തുടക്കത്തിലേയ്ക്ക് എന്ന വിധത്തിലുള്ള ഒരുക്കങ്ങളായിരിക്കും ചെയ്യുക. ആദ്യകാലങ്ങളിൽ ഒക്കെ നോമ്പുതുറക്കാൻ എണ്ണയിൽ പൊരിച്ച ഭക്ഷണസാധനങ്ങൾക്കു പ്രാധാന്യം നൽകിയിരുന്നു അതൊന്നും ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന തിരിച്ചറിവ് വന്നപ്പോൾ കൂടുതൽ പഴങ്ങളും ജ്യൂസുകളും ഇളനീരും ഒക്കെ നോമ്പുതുറ വിഭവങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്.

നോമ്പ് തുടങ്ങുന്ന അന്നുതന്നെ തൊട്ടടുത്ത പാക്കിസ്ഥാനി വീട്ടുകാർ, അവർ നോമ്പുതുറക്കാൻ ഉണ്ടാക്കിയ സമൂസയും കടലക്കറിയും കീറും ഒക്കെ കൊണ്ട് തന്നത് എനിക്കു പുതുമയായിരുന്നു. അയൽബന്ധം കാത്തുസൂക്ഷിക്കാൻ പിന്നീട് ഞാനും അതൊരു ശീലമാക്കി. നമ്മുടെ പഴംപൊരിയും ഉഴുന്നുവടയും ഒക്കെ അവർക്ക് ഏറെ ഇഷ്ടമാണ്. പല സംഘടനകളുടെയും നോമ്പുതുറയ്ക്ക് വോളന്റിയറായി ഞാൻ പോകാറുണ്ട്. ഒരിക്കൽ അങ്ങനെ പോയപ്പോൾ നോമ്പുതുറ കഴിഞ്ഞ് എന്റെ തൊട്ടടുത്തിരുന്ന സ്ത്രീയോട്  " നമുക്ക് പോയി മഗരിബ് നിസ്കരിക്കാം... " എന്നു പറഞ്ഞപ്പോൾ, " ഞാൻ മുസ്‌ലിമല്ല... " എന്നു സങ്കോചത്തോടെ മറുപടി നൽകി. അമുസ്‌ലിംകൾ നോമ്പെടുക്കുന്നതിനെക്കുറിച്ച് ഞാൻ ധാരാളം കേട്ടിരുന്നെങ്കിലും, നേരിട്ട് ഒരു അനുഭവം ആദ്യമായിട്ടായിരുന്നു. പിന്നീട് ഞാൻ അവരോട് നോമ്പ് നോൽക്കാൻ ഉള്ള കാരണം അന്വേഷിച്ചപ്പോൾ അവർ നോമ്പിന്റെ ഗുണങ്ങളെക്കുറിച്ചു വാചാലയായി.

ആദ്യമൊക്കെ അവരുടെ ഭർത്താവ് ഓഫിസിൽ നോമ്പുകാലത്തു മറ്റുള്ള കൂട്ടുകാരുടെ മുൻപിൽ വച്ചു ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടു നോമ്പെടുത്തു തുടങ്ങിയതാണ്. ഭർത്താവിനു കൂട്ടായി അവരും വെറുതെ ഒരു രസത്തിനു നോമ്പ് എടുത്തു തുടങ്ങി. പക്ഷേ അതു ശരീരത്തിനും മനസ്സിനും വരുത്തിയ ആരോഗ്യപരമായ മാറ്റങ്ങൾ വളരെ വലുതായിരുന്നു. പിന്നീട് എല്ലാ വർഷവും അവരും ഭർത്താവും 30 നോമ്പും എടുക്കാറുണ്ട്. ആ വർഷം ആദ്യമായി 14 വയസ്സുള്ള അവരുടെ മകനും നോമ്പെടുത്തു തുടങ്ങിയെന്ന് അവർ ആഹ്ളാദത്തോടെ പറഞ്ഞപ്പോൾ എന്റെ മനസ്സും നിറഞ്ഞു.

റമസാനിൽ പള്ളിയിൽപോയി നമസ്കരിക്കുന്ന തറാവീഹ്, ഖിയാമുൽ ലൈൽ നമസ്കാരങ്ങൾ നൽകുന്ന ചൈതന്യവും മനസുഖവും ഒന്നു വേറെ തന്നെയാണ്. നോമ്പിന്റെ അവസാനത്തെ പത്തിലെ രാത്രി നമസ്കാരം ആയ ഖിയാമുൽ ലൈൽ നമസ്കാരത്തിനു പള്ളികൾ നിറഞ്ഞു കവിയും എന്നതിനാൽ രാത്രി 10 മണിക്ക് ഞാനും മകളും ചില സുഹൃത്തുക്കൾ എല്ലാം പള്ളിയിൽ പോയി ഇരിക്കും. ഞങ്ങളെപ്പോലെ തന്നെ വന്നിരിക്കുന്ന ഈ  നാട്ടുകാർ അടക്കം പലരുമുണ്ടാകും അവിടെ. ഈ 10 ദിവസത്തിൽ പല പുതിയ സൗഹൃദങ്ങളും ഉണ്ടാകാറുണ്ട്.  കാവയും ഈത്തപ്പഴവും അറബിക് സ്വീറ്റുകളും ഒക്കെ എല്ലാവരും പരസ്പരം പങ്കുവച്ചും ഖുർആൻ പാരായണം ചെയ്തും  ഉറക്കത്തെ അകറ്റി നിർത്തും. അതൊരു പ്രത്യേക അനുഭവം ആണ്.

കഴിഞ്ഞ രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ മൂലം പള്ളികളിലെ പ്രാർഥനകളും സമൂഹ നോമ്പ് തുറകളുമില്ലാതെ നോമ്പിന് ഒരു ഉന്മേഷ കുറവുണ്ടായിരുന്നു. ഈ നോമ്പിന് അതെല്ലാം തിരിച്ചുവന്ന് അതിന്റെ ഒരു പ്രത്യേക സന്തോഷമുണ്ട്. എങ്കിലും എല്ലാവരും ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

നിങ്ങൾക്കും എഴുതാം, നോമ്പോർമകൾ

റമസാൻ ഒാരോ മലയാളിയെയും സംബന്ധിച്ചിടത്തോളം തന്നിലൂടെ ഒഴുകി സ്ഫടികശുദ്ധിവരുത്തുന്ന പുഴയാണ്. നേരിട്ടല്ലെങ്കിലും അയൽപക്കത്തെയോ, സുഹൃത്തുക്കളുടേയോ മറ്റോ വ്രതശുദ്ധി തന്നിലേയ്ക്കും പകരുന്നതായി ഒാരോരുത്തർക്കും അനുഭവം പറയാനുണ്ടായിരിക്കും. ഗള്‍ഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണെങ്കിൽ, ഗൃഹാതുരത്വത്തിന്റെ കൂടി മേമ്പൊടിയോടെ എത്തുന്ന ആ അനുഭവങ്ങൾക്ക് തീവ്രതയും കൂടും. ബാച്‌ലർ ഫ്ലാറ്റുകളിൽ താമസിക്കുന്ന വിവിധ മതക്കാർ പലപ്പോഴും നോമ്പിനെ ഏകരൂപേണ സ്വീകരിക്കുന്നു, ആഘോഷമാക്കുന്നു. ആ അനുഭവങ്ങൾ അല്ലെങ്കിൽ ഒാർമകൾ പേര്, നാട്, ഗൾഫിൽ എവിടെ തുടങ്ങിയ വിവരങ്ങൾ, ഫോട്ടോ(പോസ്റ്റ് കാർഡ് സൈസ്-ചുരുങ്ങിയത് 4x6 സൈസ്) സഹിതം 500 വാക്കുകളിൽ കവിയാത്ത കുറിപ്പായി മനോരമ ഒാൺലൈനിന് അയച്ചുതരിക. ഇ–മെയിൽ: sadiqkavilmonline@gmail.com. തിരഞ്ഞെടുത്ത കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com