ADVERTISEMENT

ദുബായ്∙ പുകയും ശബ്ദവുമില്ലാത്ത 'നിശ്ശബ്ദ വിപ്ലവ'ത്തിന് വൈദ്യുത വാഹനങ്ങളെ മുൻനിരയിലെത്തിക്കാൻ ദുബായ്. ബസുകളടക്കം കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനൊപ്പം അതിവേഗം ചാർജ് ചെയ്യാൻ കഴിയുന്ന നൂതന സ്റ്റേഷനുകൾ വ്യാപകമാക്കും. വൈദ്യുത വാഹനങ്ങളെക്കുറിച്ചും ചാർജിങ് സ്റ്റേഷനുകളെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) തുറന്നു. സൈറ്റ്: www.dubaievhub.ae. 

വൈദ്യുത വാഹനം വാങ്ങുന്നവർക്ക് വഴികാട്ടിയാകും ഈ സൈറ്റ് എന്ന് ദീവ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വാലീദ് ബിൻ സൽമാൻ പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കാനുള്ള പഞ്ചവത്സര പദ്ധതിക്ക് കഴിഞ്ഞ ദിവസം ആർടിഎ രൂപം നൽകിയിരുന്നു. 2030 ആകുമ്പോഴേക്കും 4,000 സ്വയം നിയന്ത്രിത ടാക്സികൾ ഉൾപ്പെടെ നഗരപാതകളിലുണ്ടാകും.  ദുബായിൽ 2,500ൽ ഏറെ ഇലക്ട്രിക് വാഹനങ്ങളും 6,100ൽ ഏറെ ഹൈബ്രിഡ് വാഹനങ്ങളുമുള്ളതായാണു കണക്ക്.

ചാർജിങ് പലവിധം

വൈദ്യുത വാഹനങ്ങൾ പെട്ടെന്നു ചാർജ് ചെയ്യാൻ കഴിയുന്ന സ്റ്റേഷനുകൾ വ്യാപകമാക്കും. 325ൽ ഏറെ സ്റ്റേഷനുകളിലെ 530ൽ ഏറെ പോയിന്റുകളിൽ  രാത്രിയും പകലും ചാർജ് ചെയ്യാം. 

ഇലക്ട്രിക് ട്രെയിൻ പോലെ മുകളിലെ യൂണിറ്റിൽ നിന്നും  കേബിൾ ഉപയോഗിച്ചും ചാർജ് ചെയ്യുന്നതിനു പുറമേ വയലർലസ് സംവിധാനവുമുണ്ട്.  ഷേപ്ഡ് മാഗ്നറ്റിക് ഫീൽഡ് ഇൻ റസൊണൻസ് (എസ്എംഎഫ്ഐആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. 

വാഹനങ്ങൾ തനിയെ ചാർജ് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. നിശ്ചിത ഭാഗത്തുകൂടി കടന്നുപോകുമ്പോൾ ബാറ്ററി ചാർജ് ആകുന്നു. യാത്രാസമയം നഷ്ടമാകുന്നില്ല.

ശരാശരി 200 കിലോമീറ്റർ

ബസുകൾ ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 200 കിലോമീറ്റർ ഓടും.  താപനില, റോഡിന്റെ പ്രത്യേകതകൾ, വാഹനത്തിലെ എയർകണ്ടീഷനുകളുടെ പ്രവർത്തനം എന്നിവയെ ആശ്രയിച്ചാണിത്. 38 സീറ്റുകൾക്കു പുറമേ നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള, മടക്കിവയ്ക്കാവുന്ന 3 സീറ്റുകളുമുണ്ട്. 

2008 മുതൽ ദുബായ് റോഡുകളിൽ ഹൈബ്രിഡ് ടാക്‌സികൾ ഓടുന്നുണ്ട്. 33% എണ്ണ ലാഭിക്കാൻ ഇതുവഴി കഴിയുന്നു.

ഒന്നിലേറെ  ഊർജ  സ്രോതസ്സുകൾ  ഉപയോഗിച്ചു  പ്രവർത്തിക്കുന്നവയാണ്  ഹൈബ്രിഡ് വാഹനങ്ങൾ.  കുറഞ്ഞ വേഗത്തിലാണെങ്കിൽ  വൈദ്യുതിയിലാണു  വാഹനം  ഓടുക. 

സാധാരണ വാഹനങ്ങൾക്ക് 100 കിലോമീറ്റർ  ഓടാൻ  12.5  ലീറ്റർ ഇന്ധനം  വേണമെങ്കിൽ ഹൈബ്രിഡ്  വാഹനങ്ങൾക്ക്  8.25 ലീറ്റർ മതിയാകും.

ഗൾഫ് രാജ്യങ്ങൾ ഗ്രീൻ ട്രാക്കിൽ

2018ൽ തദ്ദേശീയമായി നിർമിച്ച പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് നിരത്തിലിറക്കി യുഎഇ രാജ്യാന്തര ശ്രദ്ധനേടിയിരുന്നു. അബുദാബിയിലെ മസ്ദറും ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഹഫിലാത് ഇൻഡസ്ട്രിയും ചേർന്നാണു ബസ് രൂപകൽപന ചെയ്തു നിർമിച്ചത്. 

തദ്ദേശീയമായി നിർമിച്ച ഇലക്ട്രിക് കാർ ദുബായ് എക്സ്പോയിൽ ഒമാൻ അവതരിപ്പിച്ചിരുന്നു. വാഹനത്തിന് നൂറിലേറെ ബുക്കിങ് ലഭിച്ചെന്നും ആദ്യഘട്ടത്തിൽ 300 കാറുകൾ നിർമിക്കുമെന്നും നിർമാതാക്കളായ മെയ്സ് മോട്ടോഴ്സ് അറിയിച്ചു. 

കാർബൺ ഫൈബറിൽ നിർമിച്ച കാറിന് ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ പോകാനാകും. ഇതര ഗൾഫ് രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാനൊരുങ്ങുന്നു. ഗൾഫ് മേഖലയിൽ പാരമ്പര്യേതര ഊർജ പദ്ധതികൾ നടപ്പാക്കിയതോടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com