ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിനിടെ കാണികൾക്ക് സുഗമ ഗതാഗതം ഉറപ്പാക്കാൻ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ റെഡി. ബസുകളുടെ അവസാന ബാച്ചും ഖത്തറിലെത്തി.

ഇലക്ട്രിക് ബസുകളുടെ അവസാന ബാച്ചിൽ 130 എണ്ണമാണ് ഇന്നലെ ഹമദ് തുറമുഖത്ത് എത്തിയത്. ഇതോടെ ലോകകപ്പിന്  ഓർഡർ ചെയ്ത 741 ഇലക്ട്രിക് ബസുകളും ഖത്തറിലെത്തി. ഖത്തറിന്റെ പൊതുഗതാഗത കമ്പനിയായ മൗസലാത്ത് (കർവ) ആണ് ഇലക്ട്രിക് ബസുകൾ പ്രവർത്തിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദവും കാർബൺ നിഷ്പക്ഷവുമായ ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമാണ് ഇലക്ട്രിക് ബസുകൾ. ക്ലീൻ എനർജി ലക്ഷ്യമിട്ടാണ് പരിസ്ഥിതി സൗഹൃദ ബസുകൾ നിരത്തിലിറക്കുന്നത്. 2022 നകം പൊതുഗതാഗതത്തിൽ 25 ശതമാനവും ഇലക്ട്രിക് ബസുകളാക്കാനാണ് ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്. ലോകകപ്പിന് ശേഷവും ഇലക്ട്രിക് ബസുകൾ ഖത്തറിന്റെ നിരത്തുകളിൽ സജീവമാകും. 

ഖത്തറിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലാണ് ഇ-ബസുകളുടെ നിർമാണം. അത്യാധുനിക സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഇ-ബസുകളിലുള്ളത്. ഒറ്റത്തവണ ഫുൾ ചാർജിൽ ശരാശരി 200 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി. 

ഈ വർഷം ദോഹ മെട്രോയുടെ മെട്രോ ലിങ്ക് സർവീസുകൾക്കും ദോഹ, ലുസെയ്ൽ, അൽഖോർ നഗരങ്ങളിലെ പൊതുഗതാഗതത്തിനും ഇലക്ട്രിക് ബസുകൾ ഉപയോഗിക്കും.പ്രത്യേക പരിശീലനം നേടിയ 3,000 ഡ്രൈവർമാരും ഇരുന്നൂറോളം ടെക്‌നിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരാണ് ഇലക്ട്രിക് ബസുകളുടെ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളത്. ഇലക്ട്രിക് ബസുകൾക്കുള്ള പ്രത്യേക റൂട്ടുകളും പ്രവർത്തനം തുടങ്ങി കഴിഞ്ഞു. നിലവിൽ റൂട്ട് 76 ഇലക്ട്രിക് ബസുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. 

ദോഹ മെട്രോയുടെ ഗോൾഡ്, റെഡ് ലൈനുകളിലെ മെട്രോ ലിങ്ക് ബസുകളും ഇലക്ട്രിക് ബസുകളാണ്. 2023 മുതൽ 44 മെട്രോ ലിങ്ക് റൂട്ടുകളിലും 48 പബ്ലിക് ട്രാൻസിറ്റ് റൂട്ടുകളിലും ഇലക്ട്രിക് ബസുകൾ ഉപയോഗിക്കും. 2030നകം രാജ്യത്തെ പൊതുഗതാഗതം, സർക്കാർ സ്‌കൂൾ ബസുകൾ, ദോഹ മെട്രോ ലിങ്ക് ബസുകൾ എന്നിവ പൂർണമായും ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com