ADVERTISEMENT

ദുബായ് ∙ തൊഴിൽ മേഖലയിലടക്കം വൻ അവസരങ്ങളൊരുക്കി എക്സ്പോ പദ്ധതികളുടെ അടുത്ത ഘട്ടത്തിലേക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എസ്എംഇ). യുഎഇ ലക്ഷ്യമിടുന്ന സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളിൽ മികച്ച പങ്കു വഹിക്കാനാകുമെന്നു തെളിയിച്ചതോടെ ഭക്ഷ്യ, നിർമാണ, സാങ്കേതിക  മേഖലകളിലും മറ്റും കൂടുതൽ സംരംഭങ്ങൾ തുടങ്ങുകയാണ്. 

മികച്ച തൊഴിലവസരങ്ങൾ, വിവിധ മേഖലകളുടെ വളർച്ച, മത്സരക്ഷമത എന്നിവയിലൂടെ സാമ്പത്തിക മുന്നേറ്റത്തിന് രാജ്യം തയാറെടുത്തതായി എക്സ്പോ സംഘാടകർ വ്യക്തമാക്കി. 

എക്സ്പോയിൽ 680 കോടി ദിർഹത്തിന്റെ കരാറുകളാണ് ചെറുകിട-ഇടത്തരം സംരംഭങ്ങൾ നേടിയതെന്ന് എക്സ്പോ 2020 ദുബായ് ചീഫ് ഫിനാൻഷ്യൽ ഓഫിസറും ഡപ്യൂട്ടി സിഇഒയുമായ മുഖ്താർ സാഫി പറഞ്ഞു. ഏകദേശം 3,245 കരാറുകളിൽ 66 ശതമാനവും എസ്എംഇകൾക്കു ലഭിച്ചു. 64% യുഎഇയിലെ സ്ഥാപനങ്ങൾ സ്വന്തമാക്കി. ഇതിൽ രാജ്യത്തെ വിദേശ സംരംഭകരുമുൾപ്പെടും. 

യുഎഇ ആസ്ഥാനമായുള്ള എസ്എംഇകൾക്ക് കഴിഞ്ഞവർഷം മാത്രം 106 കോടി ദിർഹത്തിന്റെ കരാറുകൾ ലഭിച്ചു. വിദേശ സംരംഭങ്ങളിൽ യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണു മുൻനിരയിലെങ്കിലും ഇന്ത്യ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും രാജ്യാന്തര തലത്തിൽ നേട്ടമുണ്ടാക്കി.

നിർമാണം, ഭക്ഷ്യശേഖരം, വിതരണം, വിവിധ പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയ മേഖലകളിലെല്ലാം എസ്എംഇകൾ വലിയ പങ്കുവഹിക്കുന്നു. 

വഴികാട്ടും, നിയമസഹായം ഉറപ്പാക്കും

ചെറുകിട-ഇടത്തരം സംരംഭകർക്ക് നിയമപരമായ മാർഗനിർദേശങ്ങളും മറ്റും നൽകാൻ വിപുല സംവിധാനമൊരുക്കി. ഇന്റർനാഷനൽ കൺസൽറ്റന്റ് ലോ ഓഫിസുമായി (ഐസിഎൽഒ) ദുബായ് എസ്എംഇയുടെ കീഴിലുള്ള ഹംദാൻ ഇന്നവേഷൻ ഇൻക്യുബേറ്റർ നേരത്തേ ധാരണാപത്രം ഒപ്പുവച്ചിരുന്നു. 

വിവിധ സംരംഭങ്ങളുടെ മത്സരക്ഷമത ഉറപ്പുവരുത്താനും നിയമസഹായം നൽകാനും ഇതു സഹായിക്കും. എക്സ്പോ വേദിയായ ഡിസ്ട്രിക്ട് 2020 മേഖലയിൽ ഓരോ വർഷവും നിശ്ചിത സംരംഭകർക്ക് അവസരം നൽകാനാണ് പദ്ധതി. ഈ വർഷം അവസാന പാദത്തിൽ എത്തുന്ന ആദ്യ ബാച്ചിൽ ഒട്ടേറെ ഇന്ത്യൻ സംരംഭകരുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 9 സ്റ്റാർട്ടപ്പുകളുമായി എക്സ്പോയ്ക്കു മുൻപേ ദുബായ് സഹകരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com