ADVERTISEMENT

അബുദാബി ∙ ‘എന്റെ അമ്മയുടെയും കുടുംബത്തിന്‍റെയും പ്രാർഥന ദൈവം കേട്ടെന്ന് കരുതുന്നു’– അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (ഏതാണ്ട് 25 കോടിയോളം രൂപ) സ്വന്തമാക്കിയ മലപ്പുറം സ്വദേശി മുജീബ് ചിറത്തൊടിയുടെ വാക്കുകളാണിത്. കഴിഞ്ഞ രണ്ടു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെങ്കിലും ജീവിതം മാറിമറിയുന്ന രീതിയിൽ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുജീബ് പറയുന്നു. അജ്മാനിൽ താമസിക്കുന്ന മുജീബ് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ പങ്കെടുത്തത്. ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് പെരുന്നാൾ സമ്മാനമായി ഭാഗ്യം കൊണ്ടുവന്നത്. 

അപ്രതീക്ഷിതം, പ്രാർഥന ദൈവം കേട്ടു!

ഇത് അപ്രതീക്ഷിതമാണ്. ഒരു കോടീശ്വരനാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയാണ്. കടം വീട്ടാനുണ്ടെന്നും മുജീബ് പറഞ്ഞു. വർഷങ്ങളോളം ഇവിടെ ജോലി ചെയ്തതിന് ശേഷം കേരളത്തിൽ സ്വന്തമായി ഒരു വീട് പണിയാൻ സാധിച്ചു. അതിന്റെ വായ്പകൾ തിരിച്ചടയ്ക്കാനുണ്ട്. വായ്പാ കുടിശികകളെല്ലാം തീർക്കാം എന്നത് സന്തോഷം പകരുന്നു. റമസാൻ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചു എന്നാണ് വിശ്വസിക്കുന്നത്. എന്റെ അമ്മയുടെയും കുടുംബത്തിന്‍റെയും പ്രാർഥന ദൈവം കേട്ടെന്ന് കരുതുന്നുവെന്നും മുജീബ് പറഞ്ഞു.

പ്രവാസം, കുടുംബം, ബിഗ് ടിക്കറ്റ്

1996 മുതൽ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മുജീബ് 2006ലാണ് യുഎഇയിലെത്തിയത്. അൽ നഖ കുടിവെള്ള കമ്പനിയിൽ ടാങ്കർ ഡ്രൈവറാണ് 49കാരൻ. പിതാവ് നേരത്തെ മരിച്ചു. അമ്മയും നാല് സഹോദരിമാരും ഭാര്യയും നാല് കുട്ടികളുമുണ്ട്. രണ്ട് പെൺകുട്ടികളും രണ്ട് ആൺമക്കളുമാണുള്ളത്.

രണ്ടു വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു. 10 പേരടങ്ങുന്ന സംഘമാണ് ഇപ്രാവശ്യം ടിക്കറ്റ് വാങ്ങിയത്. കൂടുതലും മലയാളികളാണ്. സംഘത്തിൽ  പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ഉണ്ട്. എല്ലാവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ. ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാർഡിൽ നിന്ന് കോൾ വന്നപ്പോൾ മുജീബ് വാഹനത്തിൽ ഡീസൽ നിറയ്ക്കാൻ പമ്പിലായിരുന്നു. അതിനാൽ ഫോണെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് തിരികെ വിളിച്ചപ്പോൾ കേട്ട വിവരം അവിശ്വസനീയമായിരുന്നു. സുഹൃത്തുക്കൾ വിളിച്ചപ്പോഴായിരുന്നു എല്ലാം യാഥാർഥ്യമാണമെന്ന് ബോധ്യമായത്. 

കൂടുതൽ പേർക്ക് സമ്മാനം

മറ്റു രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടി. 072051 നമ്പർ ടിക്കറ്റ് ഏപ്രിൽ 26-നായിരുന്നു വിശ്വനാഥൻ വാങ്ങിയത്. റാസൽഖൈമയിലെ മലയാളി ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹവും കീശയിലാക്കി. ഏപ്രിൽ 21 ന് എടുത്ത ടിക്കറ്റ് നമ്പർ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com