ADVERTISEMENT

അബുദാബി∙ പ്രവാസികളുടെ കുടുംബ ബജറ്റിന്റെ  താളം തെറ്റിച്ച് അബുദാബിയിൽ 5% വരെ വാടക വർധന. 2 വർഷത്തെ ഇടവേളയ്ക്കുശേഷം വാടക കൂടിയതോടെ,  ഗ്രാമീണ മേഖലകളിലേക്ക് ചേക്കേറുകയാണ് മലയാളികൾ അടക്കമുള്ളവർ. എന്നാൽ താമസം ഒഴിയുന്നവർ 2 മാസം മുൻപ് നോട്ടിസ് നൽകണമെന്ന് അധികൃതർ അറിയിച്ചു.

 

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ മറികടക്കാനുള്ള വഴി തേടുന്നതിനിടയിലാണു വാടക വർധനയും ഉണ്ടായിരിക്കുന്നത്. നിലവിലെ വാർഷിക വാടകയിൽ 5% വരെയാണ് പലരും കൂട്ടിയത്.   നഗര ഹൃദയഭാഗത്ത് 2 കിടപ്പുമുറിയുള്ള ഫ്ലാറ്റിന് 65,000 ദിർഹം മുതൽ 1,25,000 ദിർഹം വരെയാണ് ഇപ്പോഴത്തെ നിരക്ക്.

 

പ്രാന്തപ്രദേശങ്ങളിലേക്കു മാറുന്നതോടെ 50,000–80,000 ദിർഹത്തിന് ഭേദപ്പെട്ട ഫ്ലാറ്റുകൾ ലഭിക്കും. ഉൾപ്രദേശങ്ങളിലേക്കു മാറുകയാണെങ്കിൽ  38,000–55,000 ദിർഹം വരെയാണ് ശരാശരി നിരക്ക്.  വില്ലകളിലെ മുറികൾ ചെറിയ കുടുംബങ്ങൾക്കു താമസിക്കാവുന്ന വിധമാക്കി മാറ്റി കുറഞ്ഞ വാടകയ്ക്ക് നൽകുന്നവരുമുണ്ട്. 3 വർഷത്തിനിടെ ചെലവ് ഇരട്ടിയോളം വർധിച്ചെങ്കിലും ശമ്പളത്തിൽ വർധനയില്ലാത്തത് തിരിച്ചടിയായതായി താമസക്കാർ പറയുന്നു.

 

ഇതുമൂലം ഉയർന്ന വാടകയുള്ള കെട്ടിടങ്ങളിൽ താമസിച്ചിരുന്ന പലരും വാടക കുറഞ്ഞ സ്ഥലങ്ങളിലേക്കോ സൗകര്യം കുറഞ്ഞ പഴയ കെട്ടിടങ്ങളിലേക്കോ മാറി താമസിക്കുകയാണ്. വാടകയിൽ ഭേദഗതി വരുത്തുന്ന വിവരം കെട്ടിട ഉടമകൾ  രേഖാമൂലം 2 മാസം മുൻപ് കരാറുകാരെ അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

 

കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞ് യുഎഇയിലേക്കു കൂടുതൽ പേർ വന്നതോടെ ഫ്ലാറ്റുകളുടെയും വില്ലകളുടെയും ആവശ്യക്കാർ കൂടി. യുഎഇയിൽ ജോലി ചെയ്യുന്ന വിദേശികൾ കുറഞ്ഞ അവധിക്ക് കുടുംബത്തെ കൊണ്ടുവരുന്നതും ഫ്ലാറ്റുകളുടെ ആവശ്യകത വർധിപ്പിച്ചു.

 

കോവിഡ് കാലത്ത് ഒട്ടേറെ കുടുംബങ്ങൾ നാട്ടിലേക്കു പോയതുമൂലം വാടക കുറഞ്ഞിരുന്നു. ചില കെട്ടിട ഉടമകൾ 2 മാസത്തെ സൗജന്യ താമസം വാഗ്ദാനം ചെയ്താണ് താമസക്കാരെ പിടിച്ചുനിർത്തിയത്. എന്നാൽ മാറിയ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ റദ്ദാക്കിയതിനു പുറമെ വാടകയും കൂട്ടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com