ADVERTISEMENT

അബുദാബി ∙ കുറ്റകൃത്യം കണ്ടെത്താൻ നിർമിത ബുദ്ധി,  പട്രോളിങിന് ഡ്രോൺ... അബുദാബി എമിറേറ്റ് സ്മാർട് സുരക്ഷാവലയത്തിലായതോടെ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായി പൊലീസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ഗതാഗത നിയമലംഘനം കണ്ടെത്താനും അപകട സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഹൈടെക് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ് അബുദാബി.

 

വിവിധ റോഡുകളിലെ ഗതാഗതക്കുരുക്ക് കണ്ടെത്തി അധികൃതരെ അറിയിക്കുന്നതും പതിവായി അപകടം നടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുന്നതും  ഡ്രോണുകളാണ്. ഇതുമൂലം രക്ഷാപ്രവർത്തനം ഊർജിതമാക്കാനും വിലപ്പെട്ട ജീവൻ രക്ഷിക്കാനും സാധിക്കുന്നതായി അബുദാബി പൊലീസ് അറിയിച്ചു. അറബ് ഗതാഗത വാരാചരണത്തോടനുബന്ധിച്ചാണ് നൂതന സംവിധാനത്തെക്കുറിച്ച് പൊലീസ് വിശദീകരിച്ചത്.

 

4 വർഷം മുൻപാണ് നിർമിതബുദ്ധി ഉപയോഗിച്ച് അബുദാബി പൊലീസ് സേഫ് സിറ്റി പദ്ധതി അവതരിപ്പിച്ചത്. പൊലീസിന്റെ എല്ലാ പ്രവർത്തന മേഖലകളിലും റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുവരുന്നുണ്ട്. റെഡ് സിഗ്നൽ മറികടക്കുന്നവരെ പിടികൂടുന്നതിനും ട്രാഫിക് അപകടങ്ങൾ വിശകലനം ചെയ്യുന്നതിനും സ്മാർട് സംവിധാനമാണ് ഉപയോഗിക്കുന്നത്.

 

ഗതാഗതക്കുരുക്കുള്ള റോഡുകളെ സംബന്ധിച്ച് വിവരം കൺട്രോൾ റൂമിന് കൈമാറുന്നതും ബദൽ റോഡുകളെക്കുറിച്ച് യാത്രക്കാർക്ക് വിവരം നൽകുന്നതിനും ഹൈടെക് രീതിയാണ് ഉപയോഗിക്കുന്നതെന്ന് അബുദാബി പൊലീസിലെ സേഫ് സിറ്റി ഡിപ്പാർട്ട്‌മെന്റ് മേധാവി അഹമ്മദ് സുരൂർ അൽ ഷംസി പറഞ്ഞു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെയും കുറ്റവാളികളെയും കണ്ടെത്താനും ഡ്രോണിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.

 

മൂടൽമഞ്ഞ്, മഴ, അപകടം, ഗതാഗതക്കുരുക്ക് എന്നിവയെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതും സ്മാർട് സംവിധാനം വഴിയാണ്. നഗരത്തിലെ 5 സ്മാർട് ഗേറ്റുകൾ പരസ്പരം ആശയ വിനിമയം നടത്തിയാണ് യാത്രക്കാരെ വിവരം അറിയിക്കുന്നത്. കാൽനട യാത്രക്കാരുടെ നിയമലംഘനം കുറയ്ക്കാനും ഇതുവഴി സാധിച്ചതായും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com