ADVERTISEMENT

ദുബായ് ∙ അവയവ–മനുഷ്യക്കടത്ത് മാഫിയകളുമായി ബന്ധപ്പെട്ട് ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന 121 പേർ 25 രാജ്യങ്ങളിലായി പിടിയിലായതായി ഇന്റർപോൾ അറിയിച്ചു. മനുഷ്യക്കടത്തിന് ഇരകളായ 85 പേരെ മോചിപ്പിക്കുകയും സംശയകരമായ സാഹചര്യത്തിലായിരുന്ന 3400 പേരെ കണ്ടെത്തുകയും ചെയ്തു.

 

ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവയവക്കടത്തുസംഘം ഇന്തൊനീഷ്യൻ പൗരന്മാരെ വലയിലാക്കി തുർക്കി കേന്ദ്രീകരിച്ചാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും ഇന്റർപോൾ വ്യക്തമാക്കി. ഓപ്പറേഷൻ സ്റ്റോം എന്ന പേരിൽ നടത്തിയ പരിശോധനകൾക്ക് ഒടുവിലായിരുന്നു വ്യാപകമായ അറസ്റ്റ്. വിയറ്റ്നാമിലെ ഹാനോയ്, യുഎഇയിലെ അബുദാബി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്റർപോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

 

യുഎഇയിലെ വിമാനത്താവളങ്ങളിലെ സ്മാർട് ഗേറ്റുമായി ബന്ധിപ്പിച്ച് ഇന്റർപോളിന്റെ ഡേറ്റാ ബേസ് പ്രവർത്തിപ്പിച്ചാണ് വ്യാജ പാസ്പോർട്ടും രേഖകളും മറ്റും കണ്ടെത്തിയത്. രാജ്യാന്തര തലത്തിൽ ഇങ്ങനെ ഒന്നരക്കോടി പരിശോധനകൾ നടത്തി. അഫ്ഗാൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് ഗ്രീസിലെ തെസലോനിക്കയിലേക്ക് നടത്തിയ മനുഷ്യക്കടത്തും തടഞ്ഞു.

 

വിയറ്റ്നാമിൽ നിന്ന് ജർമനിയിലേക്കു കടത്തിയ സംഘത്തെയും പിടികൂടി. തായ്‌ലൻഡിൽ നിന്ന് വേശ്യാവൃത്തിക്ക് മാലദ്വീപുകളിൽ കൊണ്ടുവന്ന സ്ത്രീകളെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതരായി നാട്ടിൽ എത്തിച്ചതായും സെക്രട്ടറി ജനറൽ യൂർഗൻ സ്റ്റോക്ക് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com