ADVERTISEMENT

ദുബായ് ∙ മൂന്നു വർഷം, അതിൽ രണ്ടു തവണ ഒരു ദശലക്ഷം ഡോളർ (ഏതാണ്ട് ഏഴു കോടി ഏഴുപതു ലക്ഷത്തിലേറെ രൂപ), ഒരു റേഞ്ച് റോവർ കാർ! ദുബായിലെ നറുക്കെടുപ്പിലൂടെ മലയാളി നേടിയതാണിതെല്ലാം. അതേ, ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയി ശ്രീ സുനിൽ ശ്രീധരനെ കുറിച്ചുതന്നെ. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് സുനിൽ ശ്രീധരൻ വീണ്ടും കോടീശ്വരനായത്. 

വിജയിക്ക് പറയാനുള്ളത്

‘ഓൺലൈൻ വഴി ഏപ്രിൽ മാസത്തിൽ മൂന്നു ടിക്കറ്റുകളാണ് എടുത്തത്. 3150 ദിർഹമായിരുന്നു ഇതിനായി മുടക്കിയത്. തിരികെ സമ്മാനമായി ലഭിച്ചത് ഒരു ദശലക്ഷം യുഎസ് ഡോളർ! ഒരു മീറ്റിങ്ങിൽ ഇരിക്കുമ്പോഴാണ് സമ്മാനം ലഭിച്ചുവെന്ന ഫോൺ കോൾ വന്നത്. തീർച്ചയായും എനിക്ക് വലിയ സന്തോഷം തോന്നി. പക്ഷേ, ഇക്കാര്യം ഞാൻ അപ്പോൾ സുഹൃത്തുക്കളുമായി പങ്കുവച്ചില്ല’ –സുനിൽ പറഞ്ഞു.

മുൻപ് എൻജിനിയർ ആയി ജോലി ചെയ്തിരുന്ന സുനിൽ ഇപ്പോൾ ഓൺലൈൻ ട്രേഡിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിനയവും ലാളിത്യവുമുള്ള വ്യക്തിയെന്നാണ് സുനിൽ സ്വയം പരിചയപ്പെടുത്തുന്നത്. സമ്മാനമായി ലഭിച്ച തുക ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 55 വയസ്സുള്ള സുനിൽ ശ്രീധരൻ കഴിഞ്ഞ 30 വർഷമായി യുഎഇയിലുണ്ട്.

അത് ഭാഗ്യം മാത്രമല്ല!

ഭാഗ്യവാനാണെന്ന് തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, നിരവധിയാളുകൾ ഭാഗ്യമാണെന്നു പറയുമ്പോഴും ഇതിനു പിന്നിൽ വലിയൊരു നിക്ഷേപം താൻ നടത്തുന്നുണ്ടെന്നാണ് സുനിൽ പറയുന്നത്. കഴിഞ്ഞ നിരവധി വർഷമായി ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. ചിലപ്പോൾ ഒരു തവണതന്നെ 10 ടിക്കറ്റ് വരെ വാങ്ങിയിട്ടുണ്ട്. ധാരാളം പണം അതിനായി ചെലവഴിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ടു വട്ടമായി തുക തിരിച്ചു ലഭിക്കുന്നു. ഇനിയും ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് ഭാഗ്യം വന്ന വഴിയിങ്ങനെ

സുനിലിന് ഇതിനു മുൻപ് 2019 സെപ്റ്റംബറിലും ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം ലഭിച്ചിരുന്നു. അതിനു ശേഷം 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ ഇത് എട്ടാം തവണയാണ് ഒരു വ്യക്തിക്കു രണ്ടു വട്ടം ഒന്നാം സമ്മാനം ലഭിക്കുന്നത്. 1938 എന്ന നമ്പറിലെ ടിക്കറ്റിനാണ് സുനിലിന് ഇത്തവണ ഭാഗ്യം കൊണ്ടുവന്നത്. 2019ൽ 4638 എന്ന നമ്പറും 2020ൽ 1293 എന്ന നമ്പറുമായിരുന്നു ഭാഗ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com