എന്റെ സഹോദരൻ, ഗുരു: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്; അനുശോചിച്ച് പ്രമുഖർ

khalifa-bin-zayed12
SHARE

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനും സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു.  

ഖലീഫ ബിൻ സായിദ്.. എന്റെ സഹോദരൻ, എന്റെ ഗുരു. അങ്ങയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. യുഎഇയ്ക്ക് പ്രിയപ്പെട്ട ഒരു പൗരനെയും അതിന്റെ ശാക്തീകരണ ഘട്ടത്തിലെ നേതാവിനെയും യാത്രയുടെ സംരക്ഷകനെയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ നേട്ടങ്ങളും വിവേകവും ഔദാര്യവും സംരംഭങ്ങളും രാജ്യത്തിന്റെ എല്ലാ കോണിലും പ്രതിധ്വനിക്കുന്നു. 

വാഗ്ദാനം നിറവേറ്റി, രാജ്യത്തെ സേവിച്ചു; ഷെയ്ഖ് ഖലീഫയ്ക്ക് ഷെയ്ഖ് മുഹമ്മദിന്റെ ആദരാഞ്ജലി

mohd

ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ പ്രസിഡന്റിന് ആദരാഞ്ജലി അർപ്പിച്ചു. സമൂഹ മാധ്യമത്തിൽ ഷെയ്ഖ് മുഹമ്മദ് എഴുതി: അദ്ദേഹം തന്റെ ജനത്തെ സംതൃപ്തരാക്കി. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനം നൽകുകയും ഞങ്ങളിൽ ക്ഷമയുണ്ടാക്കുകയും ചെയ്യട്ടെ.  യുഎഇയുടെ നേതാവിന്റെ വിയോഗത്തിൽ യുഎഇയിലെ ജനങ്ങളോടും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരോടും ഷെയ്ഖ് മുഹമ്മദ് അനുശോചനം അറിയിച്ചു. 

ഇന്നാണ് ഷെയ്ഖ് ഖലീഫ തന്റെ 73–ാം വയസ്സിൽ അന്തരിച്ചത്. രാജ്യത്തിനു മുഴുവനും അറബ് മേഖലയ്ക്കും നേട്ടങ്ങളുടെ ഒരു പൈതൃകം  അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

PM addressing the ‘Utkarsh Samaroh’ in Bharuch, Gujarat, via video conferencing, in New Delhi on May 12, 2022 (Photo - PIB)

ന്യൂഡൽഹി/അബുദാബി ∙ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിയോഗത്തെകുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. ഇന്ത്യ-യുഎഇ ബന്ധം അഭിവൃദ്ധി പ്രാപിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. മികച്ച രാഷ്ട്രതന്ത്രജ്ഞനും വൈജ്ഞാനിക നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങളുടെ അനുശോചനം യുഎഇയിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും ഷെയ്ഖ് ഖലീഫയുടെ ആത്മാവിന് ശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യുഎഇയിലെ ജനങ്ങളെ അനുശോചനം അറിയിച്ചു. ഇസ്രായേലി പ്രസിഡന്റ്  െഎസക് ഹെർസോഗും അനുശോചനമറിയിച്ചു.  ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി, ജോർദാനിയൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇൗജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരും ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. 

EMIRATES SHEIK ZAYED

അനുശോചിച്ച് അറബ് ലോകം

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി,  റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൌദ് ബിൻ സഖർ അൽ ഖാസിമി,  അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി,  ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, അബുദാബി ഭരണാധികാരിയുടെ അൽ ഐൻ മേഖലാ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ തുടങ്ങിയവരും അനുശോചിച്ചു. 

Khalifa-bin-Zayed-Al-Nahyan-1248

മനാമ∙  ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ വിയോഗത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അനുശോചിച്ചു.  റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ, ദുഃഖവാർത്തയിൽ യുഎഇ നേതൃത്വത്തോടും ജനങ്ങളോടും രാജാവ് അനുശോചനം രേഖപ്പെടുത്തി.  പതാകകൾ പകുതി താഴ്ത്തിക്കെട്ടി ബഹ്‌റൈനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് റോയൽ കോർട്ട് അറിയിച്ചു.

ദോഹ ∙ ജ്ഞാനിയും മിതവാദിയുമായ ഭരണാധികാരിയെയാണ് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചിച്ചു.

രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു അദ്ദേഹമെന്നും അമീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഷെയ്ഖ് ഖലീഫയുടെ മരണത്തെ തുടര്‍ന്ന് ഖത്തറില്‍ 3 ദിവസത്തെ ദു:ഖാചരണവും അമീര്‍ പ്രഖ്യാപിച്ചു. ദേശീയ പതാകയും പകുതി താഴ്ത്തികെട്ടി.

nahyan-wam

മസ്‌കത്ത് ∙ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചിച്ചു. നിശ്ചയദാര്‍ഢ്യത്തോടെയും സ്ഥിരോത്സാഹത്തോടെയും അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കുകയും എല്ലാ മേഖലകളിലും വ്യക്മുദ്ര പതിപ്പിക്കുകയും ചെയ്ത നേതാക്കളില്‍ ഒരാളായിരുന്നു  ഖലീഫയെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  ഒമാനില്‍ വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച വരെ മുന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു.

റിയാദ് ∙  ഖലീഫ ബിൻ സായിദിന്റെ വേർപാടിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചിച്ചു. അൽ നഹ്യാൻ കുടുംബം, യുഎഇ ജനത എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചതായി റോയൽ കോർട്ട് പ്രസ്താവാനയിൽ പറഞ്ഞു.

തന്‍റെ ജനതയ്ക്കും രാജ്യത്തിനും ഒരുപാട് സംഭാവനകൾ നൽകിയ നേതാവാണ്, അദ്ദേഹത്തിന്റെ വിയോഗത്തിൽ യുഎഇ ഭരണകൂടത്തോടും അവിടുത്തെ ജനങ്ങളോടും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളോടും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സൗദി റോയൽ കോർട്ട് പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA