ഉയരങ്ങൾ താണ്ടി ഇത്തിഹാദ് റെയിൽ കിഴക്കൻ തീരത്തേക്ക്

etihad-rails
ഇത്തിഹാദ് റെയിൽ പദ്ധതിയോടനുബന്ധിച്ച് ഫുജൈറ അൽ ബിത്‌നയിൽ നിർമാണം പുരോഗമിക്കുന്ന പാലം.
SHARE

ദുബായ് ∙  അൽ ഹജ്ർ മലനിരകൾ കടന്ന് ഫുജൈറയിലെ കിഴക്കൻ തീരദേശ മേഖലയിലേക്ക് ഇത്തിഹാദ് റെയിൽ പദ്ധതി അതിവേഗം മുന്നോട്ട്. അൽ ബിത്‌നയിൽ 600 മീറ്റർ നീളമുള്ള പാലം നിർമാണം അന്തിമഘട്ടത്തിലാണ്.

മലനിരകളോടു ചേർന്ന നഗരത്തിനും കൃഷിയിടങ്ങൾക്കും മുകളിലൂടെയുള്ള പാലം റെയിൽ ശൃംഖലയിലെ ഏറ്റവും ഉയരമുള്ള പാലമാണ്. വടക്കൻ എമിറേറ്റുകളിലെ ഇത്തിഹാദ് പാതയിൽ 54 പാലങ്ങളും അൽ ഹജ്ർ മലനിരകളിൽ 9 വലിയ തുരങ്കപാതകളും മൃഗങ്ങൾക്കു കടന്നു പോകാൻ 20 ക്രോസിങ്ങുകളുമുണ്ട്.

ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലായി 145 കിലോമീറ്ററിലേറെയാണ് റെയിൽ ട്രാക്ക്. റാസൽഖൈമയിലെ അൽ ഗെയിൽ ഇത്തിഹാദ് റെയിലിന്റെ പ്രധാന കേന്ദ്രമാകും. അൽ സിജി, മസാഫി, അൽ തവീൻ ക്വാറികളെ ബന്ധിപ്പിച്ചാണ് റെയിൽ ശൃംഖല. 7 എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്ററാണ് ഇത്തിഹാദ് റെയിൽ.

ഫുജൈറയിൽനിന്ന് റാസൽഖൈമ, ഷാർജ, ദുബായ്, ജബൽഅലി, ഖാലിദ് തുറമുഖങ്ങൾ, കിസാഡ് മുസഫ വഴി ഗുവൈഫാത് വരെ 605 കിലോമീറ്ററാണുള്ളത്. ഫുജൈറ, ഖോർഫക്കാൻ തുറമുഖങ്ങളെ ഇത്തിഹാദ് പാതയുമായി ബന്ധിപ്പിക്കുന്നതോടെ പ്രതിവർഷം 20 ലക്ഷം ടിഇയു (20 ഫുട് ഇക്വലന്റ് കണ്ടെയ്നർ യൂണിറ്റ്സ്) ചരക്കു നീക്കം സാധ്യമാകും.

2015ലാണ് റെയിൽ പദ്ധതിയുടെ 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം പൂർത്തിയായത്. ഇതുവഴി  പ്രതിവർഷം 70 ലക്ഷം ടൺ ചരക്കു നീക്കം നടക്കുന്നുണ്ട്. ഇത് 5 കോടിയായി വർധിപ്പിക്കും.   

യാത്രാ ട്രെയിൻ വൈകില്ല

2024 അവസാനത്തോടെ രാജ്യമാകെ യാത്രാ ട്രെയിൻ ഓടിക്കാനാണ് പദ്ധതി. തുടർന്നു ജിസിസി റെയിലുമായി ബന്ധിപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ബന്ധിപ്പിക്കുന്നു. അബുദാബിയിൽ നിന്ന് ദുബായിലെത്താൻ 50 മിനിറ്റും ഫുജൈറയിലെത്താൻ 100 മിനിറ്റും മതിയാകും.  

ഒപ്പത്തിനൊപ്പം ടൂറിസം പദ്ധതി

ജൈവ-മലയോര മേഖലകളെയും പൈതൃക ഗ്രാമങ്ങളെയും ബന്ധിപ്പിച്ചു വൻ ടൂറിസം പദ്ധതിയും ഇത്തിഹാദ് പാതയ്ക്കൊപ്പം ഫുജൈറയിൽ പുരോഗമിക്കുന്നു. പൈതൃകത്തനിമയും പ്രകൃതി ദൃശ്യങ്ങളും ആസ്വദിച്ച്  യാത്ര ചെയ്യാം. അൽ ബിത്‌നയിൽ ഇത്തിഹാദ്, റെയിൽ, എമിറേറ്റ്സ്  നേച്ചർ, ഫുജൈറ മുനിസിപ്പാലിറ്റി, ഫുജൈറ എൻവയൺമെന്റ് അതോറിറ്റി, ഫുജൈറ അഡ്വഞ്ചർ സെന്റർ എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS