ADVERTISEMENT

ദുബായ് ∙ കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ നിയമലംഘനങ്ങൾ കൂടുന്ന സാഹചര്യത്തിൽ, സാഹചര്യം  വീണ്ടും സങ്കീർണമാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തിരക്കേറിയ മേഖലകളിലും മെട്രോയിലും മാസ്ക് ധരിക്കാത്തവരുടെ എണ്ണം കൂടുന്നതു വീണ്ടും രോഗവ്യാപനത്തിനു കാരണമാകാം.

കോവിഡ് കാലത്തെ ശുചിത്വ ശീലങ്ങളിലും മാറ്റം വന്നു. സാനിറ്റൈസർ കച്ചവടം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. പൊതുജനങ്ങൾ സ്വന്തം സുരക്ഷയെക്കരുതി മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ സമിതി വക്താവ് ഡോ. താഹിർ അൽ അമീരി പറഞ്ഞു. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് രാജ്യം സുരക്ഷിത സാഹചര്യമൊരുക്കിയത്.

മാർച്ച് 7നു ശേഷം ഒറ്റ മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 97.82% പേരും വാക്സീനെടുക്കുകയും രോഗബാധിതരുടെ എണ്ണം കുത്തനെ കുറയുകയും ചെയ്തു. വാക്സിനേഷനും മറ്റു രോഗപ്രതിരോധ നടപടികളും ലോകത്തിനു മാതൃകയായി. പല രാജ്യങ്ങളിലും കോവിഡ് വീണ്ടും വ്യാപകമാകുന്നത് കണക്കിലെടുത്ത് മാർഗനിർദേശങ്ങൾ പാലിക്കാൻ ഓരോ വ്യക്തിയും തയാറാകണം.

വൻ തിരക്കനുഭവപ്പെടുന്ന മെട്രോയിൽ പോലും മാസ്ക് ഉപയോഗിക്കാത്തവരേറെയാണ്. കടുത്ത ചുമയും തുമ്മലുമുള്ളവർ പോലും മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്യുമ്പോൾ പലപ്പോഴും തർക്കങ്ങളുണ്ടാകുന്നു. തിരക്കില്ലാത്ത തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാമെങ്കിലും മാളുകളിലും മറ്റ് ഇൻഡോർ മേഖലകളിലും പൊതുവാഹനങ്ങളിലും നിർബന്ധമായും  ധരിക്കണം.  

 

വിദേശ യാത്രയിൽ രേഖകൾ കരുതണം

 

വിദേശയാത്ര നടത്തുന്നവർ അതതു രാജ്യങ്ങളിലെ കോവിഡ് ചട്ടങ്ങൾ പാലിക്കുകയും വാക്സിനേഷന്റെയും മറ്റും രേഖകൾ കരുതുകയും വേണം. മതിയായ രേഖകളില്ലാതെ യാത്ര ചെയ്താൽ പിഴയടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. 

 

മാസ്കുമായി പൊടിക്കാറ്റ്!

 

ഉപയോഗിച്ച മാസ്കുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന പ്രവണത കൂടുന്നു.  പാർക്കിങ്ങുകൾ, നടപ്പാതകൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം മാസ്ക് ഉപേക്ഷിക്കുന്നത് ഗുരുതര ആരോഗ്യ-പാരിസ്ഥിതിക പ്രശ്നമുണ്ടാക്കും. താമസകേന്ദ്രങ്ങളിലെ ലിഫ്റ്റുകൾ, പടികൾ, ഇടനാഴികൾ എന്നിവിടങ്ങളിലും ഉപേക്ഷിച്ച മാസ്കുകൾ കാണാം. പൊടിക്കാറ്റിൽ മാക്സുകൾ പറന്നുനടക്കുന്നു. 

 

മലിനം, കടൽ മുതൽ മലനിരകൾ വരെ 

 

ഉപേക്ഷിച്ച മാസ്കുകൾ മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും  ൻ ഭീഷണിയാണെന്നു പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. മരുഭൂമി, മലനിരകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ നിന്നു വൻതോതിലാണ് ഇവ നീക്കം ചെയ്യേണ്ടിവരുന്നത്. മാസ്കുകൾ കടലിൽ എത്തുന്നത് ജീവജാലങ്ങളുടെ നാശത്തിനും കാരണമാകും. കടലിലെത്തുന്ന ഒരു മാസ്കിൽ നിന്ന് ഒറ്റദിവസം കൊണ്ട് 1,73,000 ൈമക്രോ ഫൈബറുകൾ വ്യാപിക്കുമെന്നാണു രാജ്യാന്തര പാരിസ്ഥിതിക സംഘടനകളുടെ റിപ്പോർട്ട്.

 

മാസ്കിടാതെ ജീവനക്കാർ; 12 ഹോട്ടലുകൾ അടപ്പിച്ചു

റാസൽഖൈമ ∙ തൊഴിലാളികൾ മാസ്കില്ലാതെ ജോലി ചെയ്ത 12 ഭക്ഷ്യസ്ഥാപനങ്ങൾ നഗരസഭ അടപ്പിച്ചു. 3 മാസത്തിനിടെ 1,168 പരിശോധനകൾ നടത്തിയതായി പൊതു ആരോഗ്യ വകുപ്പ് മേധാവി ശീമാ അൽ തുനൈജി അറിയിച്ചു. കോവിഡ് വാക്സീൻ സ്വീകരിക്കാൻ  ഭക്ഷ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കർശന നിർദേശം നൽകി. ജീവനക്കാർ പാലിക്കേണ്ട ശുചിത്വ നിയമങ്ങൾ, ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാക്കാൻ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച്  നഗരസഭ ബോധവൽക്കരണം നടത്തിയിരുന്നു. ചില സ്ഥാപനങ്ങളിൽ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. അതേസമയം, റാസൽഖൈമയിൽ 98% ഭക്ഷ്യസ്ഥാപനങ്ങളും നിയമങ്ങൾ പാലിച്ചാണു പ്രവർത്തിക്കുന്നതെന്ന് അൽ തുനൈജി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com