അബുദാബി∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തോടെ പിതാവിന്റെ സ്ഥാനത്തു നിന്നയാളെ നഷ്ടപ്പെട്ട വേദനയിലാണ് ഈ 4 മലയാളികൾ. അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റുമാരായ തൃശൂർ തൊഴിയൂർ സ്വദേശികളായ കെ.ബി മുഹമ്മദ് കാളിയത്ത്, മുഹമ്മദ് കുട്ടി (മമ്മു) കല്ലംവീട്ടിൽ, ഉമ്മർ ഹാജി ഒന്നരക്കാട്ടയിൽ, മലപ്പുറം രണ്ടത്താണി സ്വദേശി അബൂബക്കർ കുറ്റിപ്പുറത്തൊടി എന്നിവർ സ്വന്തം വീട്ടിൽ കഴിഞ്ഞതിനെക്കാൾ കൂടുതൽ ഷെയ്ഖ് ഖലീഫയ്ക്കൊപ്പമാണു ചെലവഴിച്ചത്.
പിതാവ് മക്കളോടെന്ന പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നതെന്നും ഈ ആത്മബന്ധത്തിന്റെ പേരിലാണു തങ്ങൾക്കു യുഎഇ പൗരത്വം നൽകിയതെന്നും അവർ പറയുന്നു. അബുദാബി അൽബത്തീൻ പാലസിൽ ജോലി ചെയ്യുന്ന ഇവർക്കെല്ലാം സൗജന്യമായി വീടുവച്ചു നൽകുകയും ചെയ്തു. കേരളം സന്ദർശിക്കാനുള്ള ആഗ്രഹം ബാക്കിവച്ചാണ് ഷെയ്ഖ് ഖലീഫ യാത്രയായതെന്ന് കൂട്ടത്തിലെ സീനിയർ തൊഴിയൂർ കെ.ബി മുഹമ്മദ് പറഞ്ഞു. യുഎഇ രൂപീകരിക്കുന്നതിന് മുൻപുതന്നെ രാജകുടുംബത്തോടൊപ്പം കൂടിയ ഇദ്ദേഹം 75ാം വയസ്സിലും തുടരുന്നു. 51 വർഷം ഷെയ്ഖ് ഖലീഫയ്ക്കൊപ്പം സ്വദേശത്തും വിദേശത്തും സന്തത സഹചാരിയായി.

ജീവിതത്തിൽ ഉപ്പയെക്കാളും ഉമ്മയെക്കാളും കൂടുതൽ കണ്ടത് ഷെയ്ഖ് ഖലീഫയെയാണെന്നും വേർപ്പാട് തീരാത്ത നഷ്ടമാണെന്നും മുഹമ്മദ് കുട്ടിയുടെ വിങ്ങൽ. 48 വർഷത്തെ ജോലിക്കിടെ 36 വർഷം അടുത്തിടപഴകാൻ സാധിച്ചു. നൂറുകണക്കിന് ജീവനക്കാരുള്ള അൽബത്തീൻ പാലസിലെ വിവിധ വകുപ്പുകളിലായി 600ലേറെ മലയാളികളുണ്ട്. ജീവനക്കാരോട് ഇത്രമാത്രം സൗമ്യതയോടെ പെരുമാറുന്ന മറ്റൊരാളെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കെ.ടി അബൂബക്കർ ഓർമിക്കുന്നു. 45 വർഷത്തിനിടെ ഒരിക്കൽപോലും മുഖം കറുപ്പിച്ചിട്ടില്ല.
വിദേശരാജ്യങ്ങളിലേക്കു പോകുമ്പോഴും ഒപ്പമുള്ളവരുടെ ക്ഷേമം ഉറപ്പാക്കുമായിരുന്നു അദ്ദഹം. തെറ്റ് കണ്ടാൽ പോലും ആരുടെയും വീസ റദ്ദാക്കിയിട്ടില്ലെന്നത് മഹാമസ്കതയ്ക്കു തെളിവാണ്.ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണക്കാരൻ ഷെയ്ഖ് ഖലീഫയായിരുന്നുവെന്ന് ഉമ്മർ ഹാജിയുടെയും സക്ഷ്യം. പൗരത്വം ലഭിച്ചതോടെ മക്കളുടെ വിദ്യാഭ്യാസമെല്ലാം സൗജന്യമായി പൂർത്തിയാക്കാനായെന്നും അവർ പറയുന്നു. യുഎഇയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി പ്രമുഖ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുകയാണ് മക്കൾ.