ADVERTISEMENT

ദുബായ് ∙ യുഎഇയിലെ വനിതകളെ പുരോഗതിയുടെ ചക്രവാളത്തിലേയ്ക്ക് കൈപിടിച്ചു ഉയർത്തിയ ഭരണാധികാരിയായിരുന്നു വെള്ളിയാഴ്ച വിടപറഞ്ഞ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. രാഷ്ട്രശിൽപി ഷെയ്ഖ് സായിദിന്റെ മൂത്ത പുത്രനായിരുന്ന ഷെയ്ഖ് ഖലീഫ 19 വയസ്സ് പിന്നിടുന്നതിനു മുൻപ് തന്നെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടി വന്ന യുവാവായിരുന്നു. 

യുഎഇ ഒരു രാഷ്ട്രമായി പരിണമിച്ചതു മുതൽ ജനതയുടെ ആവശ്യങ്ങൾ അന്വേഷിച്ച് കണ്ടെത്തി അതു പരിഹരിക്കാൻ അദ്ദേഹം മുന്നിൽ നടന്നു. ജനങ്ങളെ അദ്ദേഹവും ജനങ്ങൾ അദ്ദേഹത്തേയും അങ്ങേയറ്റം പ്രിയം വച്ചു. 2004 മുതൽ ഭരണസാരഥ്യം ഏറ്റെടുത്ത ഷെയ്ഖ് ഖലീഫ, പിതാവ് കൊളുത്തി വച്ച പുരോഗതിയുടെ പൊൻവെളിച്ചം വജ്ര ശോഭയുള്ളതാക്കി. 

വനിതകൾ സമൂഹത്തിന്റെ നിർണായക ഭാഗമാണെന്നതിനാൽ പെൺകുട്ടികളെ പഠിപ്പിച്ച് ഉന്നത ശ്രേണിയിലെത്തിക്കാൻ ഷെയ്ഖ് ഖലീഫ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. ‘യുഎഇ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായാണ് വനിതകള ഞങ്ങൾ കാണുന്നത്. എല്ലാ തൊഴിൽ മേഖലകളിലും അവർ പുരുഷന്മാർക്കൊപ്പമുണ്ടാകും’–2009 ഡിസംബർ 9 നു കുവൈത്ത് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

Women pose for pictures next to a monument at Dubai Expo 2020, on November 27, 2021, celebrating the upcoming United Arab Emirates' 50th anniversary which falls on December 2. (Photo by Giuseppe CACACE / AFP)
Women pose for pictures next to a monument at Dubai Expo 2020, on November 27, 2021, celebrating the upcoming United Arab Emirates' 50th anniversary which falls on December 2. (Photo by Giuseppe CACACE / AFP)

ഈ വീക്ഷണത്തിന്റെ പ്രത്യക്ഷങ്ങളായിരുന്നു യുഎഇയിൽ വനിതകൾക്കുണ്ടായ അപ്രതീക്ഷിത  മുന്നേറ്റം. പുരുഷന്മാർക്കൊപ്പം തോളോടു തോൾ ചേർന്നവർ അവകാശങ്ങൾ കൈപറ്റി കുതിച്ചു. ദൃഢനിശ്ചയവും ആത്മവിശ്വാസവുമുള്ളവരായി അവർ മുന്നേറിയത് ഭരണാധികാരികൾ നൽകിയ പ്രചോദനത്തിന്റെയും അനന്തമായ അവസരങ്ങളുടെയും ബലത്തിലായിരുന്നു. 

പൊതുജീവിതത്തിൽ സ്ത്രീകൾ പുരുഷന്മാർക്കൊപ്പമോ ചിലപ്പോൾ ഒരു പടി മുന്നിലോ എത്തി. മത സംസ്കൃതിയിലും ഭരണഘടനാ പിൻബലത്തിലും ആയിരുന്നു സർവ രംഗങ്ങളിലേക്കുമുള്ള അവരുടെ പിഴയ്ക്കാത്ത ചുവടുവയ്പ്പുകൾ. 2009 ഒക്ടോബർ 21ന് ഫെഡറൽ നാഷനൽ കൗൺസിലിന്റെ നാലാം പാർലമന്റ് ഉദ്ഘാടനം ചെയ്ത ഷെയ്ഖ് ഖലീഫ, എഫ്എൻസിയിലെ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ പ്രാധാന്യമാണ് പരാമർശിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കാലഘട്ടം വനിതകളുടെ 'സുവർണ കാല'മെന്നു തദ്ദേശീയർ വിശേഷിപ്പിക്കുന്നു. മന്ത്രിമാരായും പാർലമെന്റിലെ പ്രധാന പദവികളിലും പ്രാദേശിക, ഫെഡറൽ സർക്കാർ കാര്യാലയ മേധാവികളാകും വനിതകൾ രംഗത്തുവന്നു. 

സ്ത്രീ ശാക്തീകരണത്തിന്റെ ചാലകശക്തിയായി ഷെയ്ഖ് ഖലീഫ നിലകൊണ്ടതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. ദേശീയ വരുമാനത്തിന്റെ ഭാഗമാകാനായി വനിതകൾക്ക് ചെറുകിട, ഇടത്തരം വ്യവസായ സംരഭങ്ങൾക്കു അവസരം നൽകി. തലസ്ഥാനത്തും ദുബായ്, ഷാർജ എമിറേറ്റുകളിലും വനിതാ വ്യവസായ സംരഭകരുടെ സർക്കാർ കാര്യാലയങ്ങൾ നിലവിൽ വന്നത് ഷെയ്ഖിന്റെ പ്രോത്സാഹനത്തിന്റെയും കരുതലിന്റെയും പ്രതിഫലനമായിരുന്നു. 

മാർച്ചിൽ കൊടിയിറങ്ങിയ എക്സ്പോ 2020യുടെ വിജയക്കൊടി പാറിച്ചതിന്റെ പിന്നിലും വനിതകളുടെ നേതൃപരമായ പങ്കുണ്ട്. പരീക്ഷണങ്ങളുടെയും പരിശീലനങ്ങളുടെയും ‘സ്റ്റേജുകൾ’ കയറിയിറങ്ങി നൂറാ അൽ മത്റൂശി എന്ന യുഎഇ വനിത ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്ന ഘട്ടത്തിലാണ് വനിതകളെ മുഖ്യധാരയിലേക്ക് കൈപിടിച്ച ഭരണാധികാരിയുടെ വിയോഗം. 

sheikh-khalifa1
ബഹിരാകാശ യാത്രയ്ക്ക് പരിശീലനം നേടുന്ന യുഎഇ വനിത നൂറാ അൽ മത്റൂഷി.

പൂർവികരുടെ ത്യാഗപൂർണമായ പരിശ്രമത്തിന്റെ ഫലം കൊയ്യുന്നതു ആ ദേശത്തെ വരും തലമുറയായിരിക്കുമെന്നതിൽ സംശയമില്ല. നവോഥാനം, സർവാത്മക പുരോഗതി എന്നിവയുടെ പ്രയോഗിക പാoങ്ങൾ ലഭിക്കാൻ ഈ മരുമണ്ണിന്റെ നാൾവഴികൾ വേഷണ വിധേയമാക്കിയാൽ മാത്രം മതിയാകും. 

പുതുതായി ചുമതലയേറ്റ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ ഐക്യ എമിറേറ്റുകളെ കൂടുതൽ തലയെടുപ്പുള്ളതാക്കും. കാരണം മനുഷ്യരാണ് ഇന്നാട്ടിലെ ഭരണാധികാരികൾക്ക് ഏറ്റവും മൂല്യമേറിയത്. ചുമതലയേറ്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇതിനകം അതു തെളിയിച്ചിട്ടുണ്ട്. യുഎഇയിലെ ഭരണാധികാരികളുടെ മഹാമനസ്കത അനുഭവിച്ചറിഞ്ഞവരിൽ നല്ലൊരു വിഭാഗം യുഎഇയിലെ മലയാളി സമൂഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com