അബുദാബി∙ ആരോഗ്യമേഖലയെ ഹൈടെക് യുഗത്തിലേക്കു നയിച്ച പ്രസിഡന്റാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്ന് യുഎഇ പൗരത്വവും ഉന്നത സിവിലിയൻ ബഹുമതിയും ലഭിച്ച പത്തനംതിട്ട തുമ്പമൺ സ്വദേശി ഡോ. ജോർജ് മാത്യു പറഞ്ഞു. സഹോദര തുല്യ സ്നേഹവും പരിഗണനയും തന്ന് ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും നെടുംതൂണായി നിന്ന ഷെയ്ഖ് ഖലീഫയുടെ നിര്യാണം തീരാ നഷ്ടമാണെന്ന് ഡോക്ടർ പറഞ്ഞു.
1967 മേയ് 14ന് ഡോക്ടറായെത്തി പിന്നീട് യുഎഇ രാജകുടുംബത്തിന്റെ ഡോക്ടറായ രാജ്യത്തെ ആദ്യ മെഡിക്കൽ ഡയറക്ടർ കൂടിയാണ് ഡോ. ജോർജ് മാത്യു. ആരോഗ്യരംഗത്തെ വികസന പ്രവർത്തനങ്ങൾക്കെല്ലാം പൂർണ പിന്തുണയേകിയതിന്റെ ഫലമാണ് യുഎഇയിലെ ലോകോത്തര ആശുപത്രികളെന്ന് ഡോ. ജോർജ് മാത്യു പറഞ്ഞു. തനിക്ക് യുഎഇ പൗരത്വം ലഭിക്കുമ്പോൾ ഷെയ്ഖ് ഖലീഫ കിരീടാവകാശിയായിരുന്നു. പരമോന്നത സിവിലിയൻ ബഹുമതി നൽകുമ്പോൾ ഭരണാധികാരിയും. പരിചയപ്പെട്ടതു മുതലുള്ള ബന്ധം അവസാനം വരെയും കാത്തുസൂക്ഷിച്ചു. തവാം ആശുപത്രി, അൽഐൻ ആശുപത്രി, അബുദാബി ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ, ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റി തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രമുഖ ആശുപത്രികൾ യുഎഇയിലെ മാത്രമല്ല ലോകത്തെ തന്നെ മികച്ച ആതുരശുശ്രൂഷാ കേന്ദ്രങ്ങളാക്കി ഉയർത്തിയതിനു പിന്നിലും ഷെയ്ഖ് ഖലീഫയുടെ ദീർഘവീക്ഷണമുണ്ടായിരുന്നു.
ലോകോത്തര ചികിത്സ രാജ്യത്ത് ലഭ്യമാക്കിയതോടെ സ്വദേശികൾ വിദഗ്ധ ചികിത്സയ്ക്ക് വിദേശ ആശുപത്രികളെ ആശ്രയിച്ചിരുന്നത് പഴങ്കഥയായി. മെഡിക്കൽ ടൂറിസത്തിലൂടെ വിദേശ രാജ്യക്കാരെ യുഎഇയിലേക്ക് ആകർഷിക്കുന്നിടം വരെ ആരോഗ്യരംഗം വളർന്നതിനു പിന്നിലെ ചാലക ശക്തിയും ഷെയ്ഖ് ഖലീഫയായിരുന്നു. ആരോഗ്യ വികസനത്തിന് പൂർണ പിന്തുണ നൽകുന്നതോടൊപ്പം കൃത്യനിഷ്ഠയിൽ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല.
കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച സമയത്തിനു മുൻപ് തന്നെ ഷെയ്ഖ് ഖലീഫ തയാറായി എത്തും. എല്ലാ രാജ്യക്കാരോടും ഒരുപോലെ സ്നേഹവും കരുണയും കാണിച്ചു. എല്ലാവരോടും ഒരുപോലെ ഇടപഴകി. ആരോഗ്യകാര്യങ്ങൾ മാത്രമല്ല, രാജ്യത്തെ പൊതു വിഷയങ്ങളും ആഴ്ചതോറുമുള്ള കൂടിക്കാഴ്ചയിൽ ഷെയ്ഖ് ഖലീഫ ചർച്ച നടത്തുമായിരുന്നു. വിവിധ രാജ്യക്കാരായ ജീവനക്കാർ ഒട്ടേറെയുള്ള ഷെയ്ഖ് പാലസിൽ ഇന്ത്യക്കാർക്കായിരുന്നു മുൻതൂക്കമെന്നും ഡോക്ടർ അനുസ്മരിച്ചു.