ADVERTISEMENT

ദുബായ് ∙  ദീർഘവീക്ഷണമുള്ള പിതാവിന്റെ പാത പിന്തുടരാൻ താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിക്കുന്നതായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സുൽത്താന്റെ ഭരണ നാളുകൾ. പിതാവ് പഠിപ്പിച്ചതിനൊപ്പം തന്റേതായ രീതികളും അദ്ദേഹം വികസിപ്പിച്ചെടുത്ത് ഭരണത്തിൽ പകർത്തിയതോടെ ലോകത്തെ മുൻനിര രാഷ്ട്രങ്ങളുടെ ഗണത്തിലേക്ക് യുഎഇയുടെ പേരും എഴുതിച്ചേർത്തു.

 

പിതാവിട്ട അടിസ്ഥാന ശിലകൾക്കുമേൽ അദ്ദേഹം ശോഭയുള്ള വെണ്ണക്കല്ലുകൾ അടുക്കിച്ചേർക്കുകയായിരുന്നു. തന്റെ പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനിൽ നിന്ന് എല്ലാദിവസവും എന്തെങ്കിലുമൊക്കെ പഠിക്കാൻ ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചിരുന്നതായും എല്ലാദിവസവും രാജ്യത്തെ പൗരന്മാരെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പെരുമാറാനും ആവശ്യപ്പെട്ടിരുന്നതായും ഷെയ്ഖ് ഖലീഫ പറഞ്ഞിട്ടുണ്ട്.

 

തുറന്ന മനസ്സോടെ പൗരന്മാരെ കേട്ടിരുന്ന തന്റെ പിതാവിന്റെ പാത ഷെയ്ഖ് ഖലീഫ അവസാനം വരെ പിന്തുടർന്നിരുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ളവരും പറയുന്നു. തന്റെ പിതാവ് സ്ഥാപിച്ച വിദ്യാലയത്തിൽ തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടിയാണ് ഷെയ്ഖ് ഖലീഫ വളർന്നത്. 57-ാം വയസ്സിലാണ് അധികാരത്തിലേക്ക് എത്തിയതെങ്കിലും അതിനും പതിറ്റാണ്ടുകൾക്കു മുൻപേ അദ്ദേഹം പിതാവിനൊപ്പം ഭരണ നൈപുണ്യം നേടി. 1966 സെപ്റ്റംബർ 18ന് പതിനെട്ടാം വയസ്സിലാണ് ആദ്യമായി ഷെയ്ഖ് ഖലീഫ ഭരണരംഗത്തേക്ക് വന്നത്.

 

അൽ ഐനിൽ നിന്ന് പിതാവ് അബുദാബിയിലേക്ക് ഭരണം മാറ്റിയതോടെയായിരുന്നു അത്. അതോടെ കിഴക്കൻ മേഖലയിലെ പ്രതിനിധിയായി അദ്ദേഹം നിയമിക്കപ്പെട്ടു. പിന്നീട് 1969 ഫെബ്രുവരി ഒന്നിന് കിരീടാവകാശിയായും ഷെയ്ഖ് ഖലീഫയെ പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹം അബുദാബി പ്രതിരോധ ഡിപ്പാർട്മെന്റിന്റെ ചെയർമാൻ പദവിയിലും അവരോധിതനായി.

 

പിന്നീട് അബുദാബിയുടെ ശക്തമായ പ്രതിരോധ വകുപ്പിന്റെ രൂപീകരണത്തിന് ഇത് കാരണമായി. 1971 ഡിസംബർ രണ്ടിന് അബുദാബിയുടെ പ്രധാനമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെട്ട ഷെയ്ഖ ഖലീഫയിലേക്ക് പ്രതിരോധ-ധനകാര്യ വകുപ്പുകളുടെ ചുമതലയും വന്നു ചേർന്നു. 1974ൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായും പിന്നീട് ഡിസംബർ 23ന് അതേ വർഷം ഫെഡറൽ കാബിനറ്റിന്റെ ഡപ്യൂട്ടി പ്രധാനമന്ത്രിയായും അദ്ദേഹം ചുമതലയേറ്റു.

 

1976ൽ യുഎഇയുടെ സംയുക്ത പ്രതിരോധ സേനാ രൂപീകരണ വേളയിൽ അദ്ദേഹം സൈന്യത്തിന്റെ ഉപമേധാവിയുമായി. 1988ൽ അബുദാബിയുടെ പെട്രോളിയം കൗൺസിൽ അധ്യക്ഷപദം എന്ന പ്രധാന ഉത്തരവാദിത്തവും അദ്ദേഹത്തിലായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി അതു വളർന്നതും ഷെയ്ഖ് ഖലീഫയുടെ കീഴിലാണ്. അങ്ങനെ പിതാവിൽ നിന്നു ലഭിച്ച പാഠങ്ങളും സ്വന്തം നൈപുണ്യവും ചേർത്ത് അദ്ദേഹം യുഎഇയെ പടിപടിയായി വളർത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com