ADVERTISEMENT

ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഭരണമേറ്റെടുത്തതോടെ യുഎഇ പുതിയ വികസന യുഗത്തിലേക്ക്. സാമ്പത്തിക വൈവിധ്യവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള കൂടുതൽ പദ്ധതികളുമായിട്ടാകും രാജ്യത്തിന്റെ ഇനിയുള്ള ജൈത്രയാത്ര.

sheikh-nahyan

 

അറബ് മേഖലയിൽ രാജ്യത്തെ ഒന്നാമതെത്തിച്ച പല സുപ്രധാന പദ്ധതികളുടെയും നയപരിപാടികളുടെയും ആസൂത്രണത്തിൽ മുഖ്യപങ്കു വഹിച്ചതിന്റെ അനുഭവസമ്പത്തും നയതന്ത്ര പാടവവും ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു. മുൻഗാമി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട വികസന പദ്ധതികളുടെ തുടർച്ച കൂടുതൽ വേഗത്തിലാകും.

 

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഷെയ്ഖ് ഖലീഫ ഭരണകാര്യങ്ങളിൽ നിന്ന് വിട്ടുനിന്നപ്പോൾ ചുമതലകൾ നിർവഹിച്ച ഷെയ്ഖ് മുഹമ്മദിന് ഭരണതലങ്ങളിൽ അനുഭവ സമ്പത്ത് ഏറെയാണ്. 8 വർഷത്തിനകം 55,000 കോടി ദിർഹത്തിന്റെ നിക്ഷേപ പദ്ധതികളാണ് രാജ്യം ലക്ഷ്യമിടുന്നത്. 

-mohammed-bin-zayed-al-nahyan

 

സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം

 

sheikh-nahyan-and-sheikh-mohammed

സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക മുന്നേറ്റമാണ് ഷെയ്ഖ് മുഹമ്മദിന്റെ വികസന നയം. ബഹിരാകാശ, പാരമ്പര്യേതര ഊർജ പദ്ധതികളിലേക്ക് രാജ്യത്തെ നയിച്ചതും ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ്. മധ്യപൂർവ ദേശത്തെ ഇതര രാജ്യങ്ങളും യുഎഇയെ മാതൃകയാക്കി.

 

ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥ,  പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം ഉറപ്പാക്കൽ,  മികച്ച വിദ്യാഭ്യാസ സംവിധാനവും തൊഴിലവസരങ്ങളും, മേഖലയുടെ സൗഹൃദവും സ്ഥിരതയും ഉറപ്പാക്കൽ, രാജ്യസുരക്ഷയ്ക്കും വികസനത്തിനും പ്രത്യേക പരിഗണന,  പ്രതിഭകളുടെയും നിക്ഷേപകരുടെയും രാജ്യാന്തര ആസ്ഥാനമാക്കൽ, രാഷ്ട്രീയ അകലങ്ങൾക്കതീതമായി അടിയന്തര ഘട്ടങ്ങളിൽ ഏതു രാജ്യത്തിനും സഹായ നൽകുക,  ബന്ധങ്ങൾക്കും സമാധാനത്തിനും മുൻതൂക്കം നൽകുന്ന വിദേശനയം, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 

 

modi-nahyan

സാമ്പത്തിക മുന്നേറ്റത്തിന് ബഹിരാകാശം 

 

വിദേശ രാജ്യങ്ങളുടെയടക്കം ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കുക,  ബഹിരാകാശ സാങ്കേതിക വിദ്യകളുടെ രാജ്യാന്തര ആസ്ഥാനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഷെയ്ഖ് മുഹമ്മദിന്റെ സ്വപ്നങ്ങളാണ്. ബഹിരാകാശ മേഖലയിൽ സ്വകാര്യ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കി ഈ രംഗത്തെ നേട്ടങ്ങൾ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താനുള്ള പദ്ധതി മേഖലയിൽ ആദ്യം.

 

10 വർഷത്തിനകം 30,000 കോടി ദിർഹത്തിന്റെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അബുദാബി മസ്ദർ സിറ്റിയിൽ 'സ്പേസ് ഇക്കണോമിക് സോൺ' ആരംഭിക്കുകയെന്നതും അദ്ദേഹത്തിന്റെ തീരുമാനമാണ്.  ഉപഗ്രഹ- ചെറുപേടക നിർമാണം, റോബട്ടിക് മൈനിങ്, വിക്ഷേപണ വാഹനങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പൊതു-സ്വകാര്യ മേഖലകൾക്കു സഹകരിച്ചു പ്രവർത്തിക്കാനാകും.

 

വിദേശികളടക്കം ഒട്ടേറെ യുവശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും സംരംഭകർക്കും സ്പേസ് ഇക്കണോമിക് സോണിൽ അവസരമൊരുങ്ങും. യുഎഇയുടെ നൂറാം വാർഷികാഘോഷങ്ങൾ 2071 നടക്കുമ്പോഴേക്കും എല്ലാ മേഖലകളിലും മുന്നിലെത്തുകയെന്നതാണ് നയം. പാഠ്യപദ്ധതിയിൽ സമഗ്രമാറ്റം വരുത്തിയായിരുന്നു ഇതിന്റെ തുടക്കം. നിർമിതബുദ്ധി, റോബട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സ്കൂൾ മുതൽ പുതിയ പാഠ്യപദ്ധതികൾ വ്യാപകമാക്കാനുള്ള തീരുമാനത്തിനു പിന്നിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആയിരുന്നു. 

 

സൗഹൃദത്തിന് ഊർജമേകി നയതന്ത്ര പാടവം 

 

എണ്ണ പര്യവേഷണ പദ്ധതികൾ ഊർജിതമാക്കുമ്പോഴും പാരമ്പര്യേതര ഊർജ പദ്ധതികൾ വേഗത്തിലാക്കി എണ്ണയിലുള്ള അമിത ആശ്രിതത്വം കുറയ്ക്കാനുള്ള പദ്ധതിയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണമാണ്. ഈ രംഗത്തടക്കം ഇന്ത്യയെ ഒപ്പംനിർത്താനുള്ള തീരുമാനവും അദ്ദേഹത്തിന്റേതാണ്.

 

2017 ജനുവരിയിൽ ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദർശിച്ചപ്പോഴാണ് അബുദാബിയുടെ എണ്ണ ഇന്ത്യയിൽ സംഭരിക്കാനുള്ള തന്ത്രപ്രധാന സഹകരണത്തിനു ധാരണയായത്. 2018 മേയിൽ അഡ്നോക്കിൽ നിന്നുള്ള  20 ലക്ഷം ടൺ എണ്ണയുമായി ആദ്യ ടാങ്കർ മംഗളൂരു സംഭരണ കേന്ദ്രത്തിലെത്തി. എണ്ണവ്യാപാരത്തിനുള്ള വെയർഹൗസ് ആയാണ്  അഡ്‌നോക് ഈ സംവിധാനത്തെ കാണുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഇതിൽ നിന്നുള്ള എണ്ണ ഇന്ത്യയ്ക്കു നൽകും.

 

ഇന്ത്യയിൽ 2 എണ്ണ സംഭരണ കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ മൊത്തം സംഭരണശേഷി  65 ലക്ഷം മെട്രിക് ടൺ ആകുമെന്നാണ് റിപ്പോർട്ട്. പാരമ്പര്യേതര ഊർജപദ്ധതികളിൽ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രാജ്യമെന്ന നിലയിലേക്കും യുഎഇ വളർന്നു. സംശുദ്ധ ഊർജം എന്ന ആശയത്തിന് അറബ് മേഖലയിൽ പ്രചാരം നൽകിയ നേതാവാണ് ഷെയ്ഖ് മുഹമ്മദ്.

 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പല രാജ്യങ്ങളിലും സൗരോർജ പദ്ധതി സൗജന്യമായി പൂർത്തിയാക്കാനും മുൻകയ്യെടുത്തു. അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിലെ ബറാകയിൽ ദക്ഷിണകൊറിയൻ സഹകരണത്തോടെ ആണവോർജ കേന്ദ്രം നിർമിച്ചതും ഇദ്ദേഹത്തിന്റെ തീരുമാനപ്രകാരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com