ADVERTISEMENT

അബുദാബി ∙ തിങ്കളാഴ്ച (16) മുതൽ യുഎഇയിൽ പ്രവാസികൾക്ക് പാസ്പോർട്ടിൽ വീസ പതിച്ച് നൽകുന്നത് പൂർണമായും നിർത്തലാക്കി. ഇനി എമിറേറ്റ്സ് െഎ‍ഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകൾ പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു.

റസിഡൻസിയും ഐഡിയും നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യർഥനകളിലോ ഏകീകൃത ഫോം സേവനങ്ങൾ ഉപയോഗിക്കും. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്‌സ് ഐഡി കാർഡ് ഇപ്പോൾ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവർത്തിക്കുന്നു.  

emirates-id-2

യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതിയ രൂപത്തിൽ എല്ലാം ഉൾപ്പെടുന്നു. ഇതിനകം ഒട്ടേറെ പേർക്ക് എമിറേറ്റ്സ് െഎഡിയിൽ വീസ പതിച്ച് ലഭിച്ചിട്ടുണ്ട്.  ഇൗ മാസം 11 മുതലാണ് ഇൗ നിയമം പ്രാബല്യത്തിൽ വന്നത്.

റസിഡൻസി വിശദാംശങ്ങളുള്ള സ്റ്റിക്കർ പാസ്‌പോർട്ടിൽ പതിക്കുന്നതിന് പകരം, എല്ലാ വിവരങ്ങളും എമിറേറ്റ്‌സ് ഐഡിയിൽ സംഭരിക്കുകയാണ് ചെയ്യുന്നത്. വീസയും എമിറേറ്റ്‌സ് ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വളരെ കുറവായതിനാൽ പെട്ടെന്ന് തന്നെ എമിറേറ്റ്സ് െഎഡി ലഭിക്കുന്നതായി ആളുകൾ പറയുന്നു. 

emiates-id-2

വീസയ്ക്കും എമിറേറ്റ്സ് ഐഡിക്കും വേണ്ടി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഒരു ആപ്ലിക്കേഷനിൽ തന്നെ നടപടി പൂർത്തിയാക്കാം. മാത്രമല്ല, വീസ സ്റ്റാമ്പിങ്ങിനായി അപേക്ഷകർ ഇമിഗ്രേഷൻ ഓഫിസുകളിൽ പാസ്‌പോർട്ട് നൽകേണ്ടതുമില്ലെന്ന്  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കിയിരുന്നു. ഈ നീക്കം റസിഡൻസി രേഖകൾ നേടാനുള്ള പ്രയത്നവും സമയവും കുറയ്ക്കും.

താമസക്കാരുടെ വീസ സ്റ്റാറ്റസിന്റെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ എമിറേറ്റ്സ് ഐഡി തെളിവായി സ്വീകരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (െഎസിഎ) തീരുമാനപ്രകാരമാണിത്. മുൻകാല റെസിഡൻസി സ്റ്റിക്കറുകൾ താമസക്കാർക്ക് അതോറിറ്റിയുടെ സ്മാർട് ആപ്ലിക്കേഷൻ വഴി മാത്രമേ ലഭ്യമാകൂ.

അതോറിറ്റിയുടെ സ്മാർട് ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് ഉപയോഗിച്ച് വ്യക്തികളുടെ അക്കൗണ്ടുകൾ വഴി അപേക്ഷിക്കാവുന്ന പ്രിന്റഡ് ഫോമിലൂടെ വ്യക്തികളുടെ താമസത്തിന്റെ വിശദാംശങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക സൗകര്യങ്ങളും അതോറിറ്റി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വളരെയെളുപ്പത്തിൽ ആപ്പ് വഴി താമസത്തിന്റെ വിശദാംശങ്ങൾ ലഭ്യമാകും.

emiates-id

വിമാനക്കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പാസ്‌പോർട്ട് റീഡർ മുഖേന ഐഡന്റിറ്റി പരിശോധിച്ച് രാജ്യത്തിന് പുറത്തുള്ള, സാധുവായ റെസിഡൻസി വീസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. പാസ്‌പോർട്ട് നമ്പറും എമിറേറ്റ്‌സ് ഐഡിയും വഴി എയർലൈനുകൾക്ക് ഇപ്പോൾ റെസിഡൻസി സ്റ്റാറ്റസ് പരിശോധിക്കാനാകും.  

കഴിഞ്ഞ വർഷം എമിറേറ്റ്‌സ് ഐഡിയുടെ പുതിയ രൂപം പുറത്തിറക്കിയിരുന്നു. കാർഡ് പുറത്തിറക്കുമ്പോൾ അല്ലെങ്കിൽ പുതുക്കൽ അഭ്യർഥന സമർപ്പിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഐഡിയുടെ സോഫ്റ്റ് കോപ്പി ലഭിക്കും. താമസക്കാർക്ക് നൽകുന്ന പുതിയ എമിറേറ്റ്‌സ് ഐഡി കാർഡിൽ വ്യക്തിപരവും തൊഴിൽപരവുമായ വിവരങ്ങൾ കാർഡിന്റെ പ്രധാനഭാഗത്ത് വായിക്കാൻ കഴിയും. വായിക്കാൻ കഴിയാത്തതായ മറ്റ് വിവരങ്ങളും കാർഡിൽ അടങ്ങിയിരിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com