ADVERTISEMENT

ദുബായ് ∙ഗൾഫ് രാജ്യങ്ങളിലെ ഗതാഗതമേഖലയിൽ വൻമാറ്റത്തിനു വഴിയൊരുക്കുന്ന ജിസിസി റെയിൽ പദ്ധതി വേഗത്തിലാക്കുന്നത് സജീവ പരിഗണനയിൽ. ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ പാത യാത്രയും ചരക്കു നീക്കവും എളുപ്പമാക്കുകയും ചെലവു കുറയ്ക്കുകയും ചെയ്യും.

യുഎഇയുടെ ഇത്തിഹാദ് പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനു പുറമേ ഒമാനും വൈകാതെ പദ്ധതിക്കു തുടക്കമിടുമെന്നാണ് ഓക്സ്ഫഡ് ബിസിനസ് ഗ്രൂപ്പിന്റെ റിപ്പോർട്ട്. ജിസിസിയിലെ 6 രാജ്യങ്ങൾ അതത് മേഖലകളിലെ ജോലി പൂർത്തീകരിച്ച് ആദ്യഘട്ടം 2018ൽ യാഥാർഥ്യമാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും എണ്ണവിലയിടിവും കോവിഡും കാരണം മുന്നോട്ടുപോകാനായില്ല.

EtihadRail

ഓരോ രാജ്യത്തും നിർമിക്കേണ്ട റെയിൽവേ ലൈനിന്റെ രൂപരേഖ നേരത്തേ തയാറാക്കിയിട്ടുണ്ട്. പ്രമുഖ നഗരങ്ങളെയും തുറമുഖങ്ങളെയും മറ്റു തന്ത്രപ്രധാന മേഖലകളെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട പാത ഒട്ടേറെ നിക്ഷേപ പദ്ധതികൾക്കു തുടക്കമിടും. 2,177 കിലോമീറ്റർ പൂർത്തിയാക്കി ഭാവിയിൽ കൂടുതൽ മേഖലകളിലേക്കു ദീർഘിപ്പിക്കുന്നതും പരിഗണിക്കപ്പെടാം.

EtihadRail3

സൗദി വഴി  ജോർദാനിലേക്കും  കുവൈത്ത്  വഴി  ഇറാഖിലേക്കും  പാത  ദീർഘിപ്പിക്കാനാകും. സിറിയയും  തുർക്കിയുമാണ് മറ്റു ലക്ഷ്യങ്ങൾ. ജോർദാൻ വഴി തുർക്കി റെയിൽ ശൃംഖലയിലേക്കു കടക്കുന്നതോടെ യൂറോപ്പുമായി ബന്ധമാകും.

ജിസിസി ഉച്ചകോടിയിലും റെയിൽ പദ്ധതി

ജിസിസി ഉച്ചകോടിയിലും പദ്ധതി ചർച്ചയായിരുന്നു. അടുത്തിടെ സൗദി സന്ദർശനത്തിനിടെ ഒമാനി മന്ത്രിതല സംഘം ഇതുസംബന്ധിച്ചു ചർച്ചകൾ നടത്തിയതും പ്രതീക്ഷ നൽകുന്നു. റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്-സൊഹാർ ലൈറ്റ് റെയിൽ എന്നിവയും പരിഗണനയിലാണ്.

EtihadRail5

ഇത്തിഹാദ് പദ്ധതി അൽ ഹജ്ർ മലനിരകൾ കടന്ന് ഫുജൈറയിലെ കിഴക്കൻ തീരദേശ മേഖലയിൽ പുരോഗമിക്കുകയാണ്. അൽ ബിത്‌നയിൽ 600 മീറ്റർ നീളമുള്ള പാലം നിർമാണം അന്തിമഘട്ടത്തിലാണ്. യുഎഇയിൽ പദ്ധതി പൂർത്തിയാകുന്നതോടെ സൗദി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 2024 അവസാനത്തോടെ യുഎഇയിൽ യാത്രാ ട്രെയിൻ ഓടും.  അബുദാബിയിൽ നിന്ന് ദുബായിലെത്താൻ 50 മിനിറ്റും ഫുജൈറയിലെത്താൻ 100 മിനിറ്റും മതിയാകും.  

ഒമാന് വൻ നേട്ടം

സലാല, സൊഹാർ, ദുഖം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുമെന്നതാണ് ഒമാൻ റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളാണിവ.

EtihadRail2

ഒമാനെ മേഖലയിലെ ലോജിസ്റ്റിക് ഹബ് ആക്കി മാറ്റാനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തിൽ മാറ്റത്തിനു തുടക്കമിടാനും കഴിയും. ദുഖം-തുംറൈത്-സലാല,  സോഹാർ തുറമുഖം-മസ്‌കത്തറ്റ്,  അൽ മിസ്ഫ-സിനാ,  തുംറൈത്-അൽ മേസൂന,  പാതകളാണ്  ഒമാൻ  റെയിലിൽ  ഉൾപ്പെടുന്നത്.

കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുമെന്നതാണ് മറ്റൊരു നേട്ടം. ലോജിസ്റ്റിക് മേഖലയിൽ മാത്രം 35,000 ലേറെ തൊഴിലവസരങ്ങളുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com