പുതുഭരണത്തിൽ യുഎഇ; ജനകീയ പ്രഖ്യാപനങ്ങൾ കാത്ത് ലോകം

Sheikh-Mohamed-bin-Zayed-Al-Nahyan
SHARE

ദുബായ് ∙ മുൻപ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള 3 ദിവസത്തെ അവധിക്കു ശേഷം ഇന്നു പ്രവൃത്തിദിനങ്ങൾ തുടങ്ങുമ്പോൾ യുഎഇ പുതിയ ഭരണചക്രത്തിൽ.

മുൻഗാമികൾ സ്വീകരിച്ച നയസമീപനങ്ങളിൽ മാറ്റമുണ്ടാകില്ലെങ്കിലും അതിവേഗ തീരുമാനങ്ങളിലൂടെ എന്നും ശ്രദ്ധേയനായ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വരുംദിവസങ്ങളിൽ കൂടുതൽ ജനകീയ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ.

ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ അദ്ദേഹം ഭരണമേറ്റത് ഇന്ത്യക്കാർ ആഘോഷമാക്കി. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ  (സിഇപിഎ) അതിവേഗം നിലവിൽ വന്നതു പിന്നിലും അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യമാണ്. യുഎഇ രാഷ്ട്രത്തലവനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം വൈകില്ലെന്നാണ് രാജ്യാന്തര രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.

വിവിധ പദവികളിൽ പതിറ്റാണ്ടുകളുടെ ഭരണപരിചയവും പക്വതയും ലാളിത്യവും ഓരോ നിലപാടിലും പ്രതിഫലിക്കുന്നതിനാൽ രാജ്യാന്തര വേദികളിൽ ആരണീയനാണ് ഷെയ്ഖ് മുഹമ്മദ്. 

സാധ്യതകളൊരുക്കി സ്വതന്ത്ര വ്യാപാര കരാർ 

ഒട്ടേറെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്ന ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായകമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 6,000 കോടി ഡോളറിൽ (4.5 ലക്ഷം കോടി രൂപ) നിന്ന് 5 വർഷത്തിനകം 10,000 കോടി ഡോളർ (7.5 ലക്ഷം കോടിരൂപ) ആക്കാൻ കരാർ ലക്ഷ്യമിടുന്നു.

ഗതാഗതം, റിയൽ എസ്റ്റേറ്റ്, ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ യുഎഇ കൂടുതൽ നിക്ഷേപം നടത്തുകയാണ്. യുഎഇയിലെ ഇന്ത്യൻ വ്യവസായികളടക്കമുള്ളവരും അബുദാബി റൂളേഴ്സ് ഓഫിസ് പ്രതിനിധിയും അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. കോവിഡ് വെല്ലുവിളികൾ മറികടക്കാനുള്ള ഉത്തേജക പദ്ധതികൾക്ക് 38,800 കോടി ദിർഹം വകയിരുത്തിയ യുഎഇ, നിക്ഷേപകർക്ക് ഒരുക്കിയ വൻ അവസരങ്ങൾ വരുംവർഷങ്ങളിൽ സാമ്പത്തിക മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കും.  

ഇന്ത്യയുടെ വിശ്വസ്ത പ്രതിരോധ പങ്കാളി

പ്രതിരോധ-സമുദ്ര സുരക്ഷാ മേഖലകളിൽ ഇന്ത്യ-യുഎഇ സഹകരണം കൂടുതൽ ശക്തമാകുമെന്നു പ്രതീക്ഷിക്കാം.  മുൻതീരുമാനങ്ങളുട തുടർചർച്ചകൾ അടുത്തിടെ ന്യൂഡൽഹിയിൽ നടന്നിരുന്നു. ഉന്നതതല യുഎഇ സൈനിക പ്രതിനിധി ഇന്ത്യയിലെ സൈനിക യൂണിറ്റുകളും പരിശീലനകേന്ദ്രങ്ങളും സന്ദർശിച്ചു. സ്കൂൾ ഓഫ് ആർട്ടിലറി, ആർമേഡ് കോർപ്സ് സെന്റർ ആൻഡ് സ്കൂൾ, മെക്കനൈസ്ഡ് ഇൻഫൻട്രി സെന്റർ ആൻഡ് സ്കൂൾ, നാഷനൽ ഡിഫൻസ് അക്കാദമി, ആർമി സതേൺ കമാൻഡ് ആശുപത്രി, ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഫിസിക്കൽ ട്രെയിനിങ്, മിലിറ്ററി ഇന്റലിജൻസ് സ്കൂൾ, ബോംബെ എൻജിനിയേഴ്സ് ഗ്രൂപ് ആൻഡ് സെന്റർ, സൈനിക വാഹനങ്ങൾ നിർമിക്കുന്ന പുണെ ടാറ്റ മോട്ടോഴ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഭീകര ശൃംഖലകൾ, ഭീകരർക്കും തീവ്രവാദികൾക്കും സഹായം നൽകുന്ന സംഘടനകൾ,  സാമ്പത്തിക സ്രോതസുകൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടികൾക്ക് യോജിച്ചുനീങ്ങാൻ ഇരുരാജ്യങ്ങളും കൈകോർത്തിട്ടുണ്ട്. 

നേട്ടം കൊയ്യാൻ ആഫ്രിക്കയിലേക്ക്

ചെറിയൊരു സുരക്ഷാ വീഴ്ച പോലുമില്ലാതെ എക്സ്പോ വൻവിജയമാക്കിയതോടെ വൻ അവസരങ്ങളാണ് യുഎഇക്കു മുന്നിൽ തുറന്നത്. ആഫ്രിക്കൻ മേഖലയിലെയടക്കം അറുപതോളം രാജ്യങ്ങൾ യുഎഇയിൽ നയതന്ത്ര കാര്യാലയങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഈ രാജ്യങ്ങളിലെല്ലാം നിക്ഷേപപദ്ധതികൾ തുടങ്ങാനും നിക്ഷേപകരെ ആകർഷിക്കാനും കഴിയും. ഇത് ഫലത്തിൽ ഇന്ത്യക്കും നേട്ടമാകും. ഇന്ത്യ, യുഎഇ, ആഫ്രിക്ക വ്യവസായ അച്ചുതണ്ട് ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് 2018ൽ തുടക്കമായിരുന്നു.

യുഎഇയിലെ സാധ്യതകൾ ബോധ്യപ്പെട്ടതോടെ ആഫ്രിക്കയിലെയും പസഫിക് ദ്വീപ് സമൂഹങ്ങളിലെയും രാജ്യങ്ങൾ വൻകിട സംരംഭങ്ങൾക്ക് തയാറെടുക്കുന്നു.പാപുവ ന്യൂഗിനി, തുവാലു, ടാൻസനിയ തുടങ്ങിയവയും വൻ സംരംഭങ്ങൾക്കൊരുങ്ങുന്നു. സ്വർണഖനികളാൽ സമ്പന്നമായ പാപുവ ന്യൂഗിനി പല സുപ്രധാന പദ്ധതികൾക്കും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA