ADVERTISEMENT

ദോഹ∙സൗഹൃദവും സഹകരണവും ശക്തമാക്കി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും സ്‌ലൊവേനിയൻ പ്രസിഡന്റ് ബൊറൂട്ട് പാഹോറും കൂടിക്കാഴ്ച നടത്തി. അമീറിന്റെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് സ്‌ലൊവേനിയയിൽ എത്തിയത്. പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, വാണിജ്യം, വ്യാപാരം, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും ഊർജ മേഖലയിലെ നിക്ഷേപ സാധ്യതകൾക്കും പുറമെ യൂറോപ്പിലെയും മധ്യപൂർവദേശത്തെയും വികസനങ്ങളും വിഷയങ്ങളും ചർച്ച ചെയ്തതായി ഇരുവരും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ameer
അമീറും സ്‌ലൊവേനിയൻ പ്രസിഡന്റ് ബൊറൂട്ട് പാഹോറും കൂടിക്കാഴ്ചയിൽ.

സ്‌ലൊവേനിയൻ പ്രധാനമന്ത്രി ജാനെസ് ജൻസയുമായും അമീർ കൂടിക്കാഴ്ച നടത്തി. സ്‌ലൊവേനിയയിൽ സംരംഭകത്വം, വിദേശ നിക്ഷേപം, ടെക്‌നോളജി എന്നിവ പ്രോത്സാഹിപ്പിക്കാൻ ഖത്തർ ഹോൾഡിങ്ങും സ്‌ലൊവേനിയൻ യുടെ സ്പിരിറ്റ് ഏജൻസിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. അമീറിനും പ്രതിനിധി സംഘത്തിനും സ്‌ലൊവേനിയൻ തലസ്ഥാനമായ ജുബ്‌ലിജനയിലെ കോൺഗ്രസ് സ്‌ക്വയറിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, അമീരി ദിവാൻ ചീഫ് ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, ധനമന്ത്രി അലി ബിൻ അഹമ്മദ് അൽഖുവാരി, ഊർജസഹമന്ത്രി സാദ് ബിൻ ഷെരീദ അൽകാബി, വ്യവസായിക-വാണിജ്യ മന്ത്രി മുഹമ്മദ് ബിൻ ഹമദ് ബിൻ ഖ്വാസിം അൽതാനി എന്നിവരും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമാണ് പ്രതിനിധി സംഘത്തിലുള്ളത്. വ്യത്യസ്ത മേഖലകളിൽ ഖത്തറും സ്‌ലൊവേനിയ യും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ അമീറിന്റെ സന്ദർശനം സഹായകമായിട്ടുണ്ട്.

അമീറിന്റെ യൂറോപ്യൻ പര്യടനം തുടങ്ങി

ദോഹ∙ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ യൂറോപ്യൻ പര്യടനത്തിന് തുടക്കമായി. സ്വിറ്റ്‌സർലൻഡിൽ ലോക സാമ്പത്തിക ഫോറത്തിലും പങ്കെടുക്കും. സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് പര്യടന ലക്ഷ്യം. സ്‌ലൊവേനിയ ക്ക് പുറമെ സ്‌പെയ്ൻ, യുകെ, ജർമനി, ഫ്രാൻസ് രാജ്യങ്ങളിലാണ് പര്യടനം നടത്തുന്നത്. ഇവിടങ്ങളിലെ ഭരണാധികാരികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായും അമീർ കൂടിക്കാഴ്ച നടത്തും. ഈ മാസം 22 മുതൽ 26 വരെ സ്വിറ്റ്‌സർലൻഡിലെ ദാവൂസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലും അമീർ പങ്കെടുക്കും. കഴിഞ്ഞ ദിവസം ഇറാൻ, തുർക്കി രാജ്യങ്ങളും അമീർ സന്ദർശിച്ചിരുന്നു. തുർക്കി സന്ദർശനത്തിന് ശേഷം അബുദാബിയിലെത്തി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് സ്‌ലൊവേനിയയിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com