ADVERTISEMENT

അബുദാബി∙ യുഎഇയുടെ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആശംസ നേരാനും യുഎഇയിലേക്ക് ലോക നേതാക്കളുടെ ഒഴുക്ക് തുടരുന്നു.

mohamed-bin-zayed-al-nahyan-venkaiah-naidu-1

 

nahyan-macron

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം മുഷ്റിഫ് പാലസിൽ നേരിട്ട് എത്തിയാണ് രാജ്യത്തിന്റെ അനുശോചനം അറിയിച്ചത്. പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനെ അഭിനന്ദിക്കുകയും ചെയ്തു. ബ്രിട്ടന്റെ വില്യം രാജകുമാരനും യുഎഇയിലെത്തി അനുശോചനം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

priest
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ സിറിയൻ, കോപ്റ്റിക്, ഗ്രീക്ക്, ലാറ്റിൻ ക്രിസ്ത്യൻ വിഭാഗങ്ങളിലെ പുരോഹിതർ മുഷ്റിഫ് പാലസിലെത്തിയപ്പോൾ.

 

ബലാറൂസ് പ്രധാനമന്ത്രി റോമൻ ഗോലോവ്ചെങ്കൊ, അസർബയ്ജാൻ പ്രധാനമന്ത്രി അലി അസദോവ്, യെമൻ മുൻ പ്രസിഡന്റിന്റെ മകൻ അഹ്മദ് അലി അബ്ദുല്ല സാലിഹ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സ്പെയിൻ രാജാവ് ഫെലിപെ നാലാമൻ, ഇസ്രയേൽ പ്രസിഡന്റ്  ഇസാക് ഹെർസോഗ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ,  ജർമൻ പ്രസി‍ഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമിയർ, മൊറോക്കോ രാജകുമാരൻ മുലൈ റാഷിദ്, യുഎസ് സ്റ്റേ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയവരാണ് യുഎഇയിലെത്തി അനുശോചനവും അഭിനന്ദനവും അറിയിച്ചത്.

palace
മത, സാമൂഹിക, സാംസ്കാരിക നേതാക്കൾ അനുശോചനം അറിയിക്കാൻ മുഷ്റിഫ് പാലസിലെത്തിയപ്പോൾ.

 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം എത്തി ഇന്ത്യയുടെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ചാൾസ് രാജകുമാരൻ, എലിസബത്ത് രാജ്ഞി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ‌  തുടങ്ങി ഒട്ടേറെ നേതാക്കൾ അനുശോചന സന്ദേശം അയച്ചു.

 

ഉഭയകക്ഷി രാജ്യാന്തര വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെ സഹകരണം തുടരുമെന്നും പുട്ടിൻ പറഞ്ഞു. രാഷ്ട്ര നേതാക്കൾക്കു പുറമെ യുഎഇയിലെ മത, സാമൂഹിക, സാംസ്കാരിക, വ്യാവസായിക രംഗങ്ങളിലെ പ്രമുഖരും പുതിയ പ്രസിഡന്റിന് ആശംസ അറിയിക്കാനും ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനും എത്തി.

40 ദിവസം ദുഃഖാചരണം, ആഘോഷപരിപാടികൾ വിലക്കി അബുദാബി

അബുദാബി∙ അബുദാബിയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഉത്സവങ്ങൾ, സംഗീത, വിനോദ പരിപാടികൾ, വെടിക്കെട്ടുകൾ എന്നിവ നിർത്തിവച്ചതായി സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) അറിയിച്ചു. ഹോട്ടലുകളിൽ നടത്താൻ നിശ്ചയിച്ച പരിപാടികൾ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നും നിർദേശമുണ്ട്.

അന്തരിച്ച പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായാണ് തീരുമാനം. 40 ദിവസമാണ് ദുഃഖാചരണം. ഈ കാലയളവിൽ നിശ്ചയിച്ച വിവാഹങ്ങൾ നടത്താമെങ്കിലും സംഗീത പരിപാടി പാടില്ല.

അഞ്ചാമത് സംസ്കാരിക ഉച്ചകോടി നിർത്തിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഡിസിടി അറിയിച്ചു. ഇതേസമയം 3 ദിവസത്തെ അവധി കഴിഞ്ഞ് ഇന്നു മുതൽ സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com