ADVERTISEMENT

ദോഹ∙ ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള നിയമം നടപ്പാക്കാനുള്ള കരട് എക്‌സിക്യൂട്ടീവ് റഗുലേഷന് മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 22-ാം നമ്പർ നിയമം നടപ്പാക്കുന്നതിനുള്ള കരട് എക്‌സിക്യൂട്ടീവ് റഗുലേഷന് ആണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

ഖത്തർ ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജിസിഒ) ട്വിറ്ററിൽ പ്രസിദ്ധീകരിച്ച കരട് പ്രമേയത്തിലെ വ്യവസ്ഥകൾ പ്രകാരം സ്വദേശി പൗരന്മാർക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്. പ്രവാസികൾക്കുള്ള അടിസ്ഥാന ആരോഗ്യ സേവനങ്ങളിൽ എക്‌സിക്യൂട്ടീവ് റഗുലേഷനിൽ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമെ പ്രതിരോധം, രോഗശമനം, പുനരധിവാസം എന്നിവയും ഉൾപ്പെടുന്നുണ്ട്. 2021 ഒക്‌ടോബറിലാണ് നിയമത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ചത്. നിയമത്തിലെ വ്യവസ്ഥകൾ ഈ മാസം തന്നെ നടപ്പാക്കും.

നിർബന്ധിത ഇൻഷുറൻസ് ആർക്കൊക്കെ? 

പൊതു-സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി താമസക്കാർക്കും രാജ്യത്തെത്തുന്ന സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. പ്രവാസി തൊഴിലാളികളിൽ ക്രാഫ്റ്റ്‌സ്‌മെൻ, ഗാർഹിക തൊഴിലാളികൾ, മാനുവൽ വർക്കേഴ്‌സ് എന്നിവർ ഉൾപ്പെടെയാണ് നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് പോളിസി വ്യവസ്ഥയുടെ പരിധിയിൽ വരുന്നത്. 

വ്യവസ്ഥകൾ അറിയാം

∙തൊഴിലുടമകളും റിക്രൂട്ടർമാരുമാണ് ജീവനക്കാർക്കുള്ള അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്കുള്ള പ്രീമിയം തുക അടയ്‌ക്കേണ്ടത്. ഇൻഷുറൻസ് കമ്പനികൾ ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ അല്ലെങ്കിൽ തത്തുല്യമായവ നൽകിയിരിക്കണം. 

∙സന്ദർശകർക്കുള്ള അടിസ്ഥാന ആരോഗ്യ സേവനങ്ങളിൽ എമർജൻസി, അപകടം എന്നിവയ്ക്കുള്ള ചികിത്സയും ഉൾപ്പെടും. 

∙ജീവനക്കാരനെ ജോലിയിൽ നിന്ന് പുറത്താക്കുകയോ അല്ലെങ്കിൽ കരാർ അവസാനിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ  ഇൻഷുറൻസ് പോളിസിയിൽ നിന്നും ജീവനക്കാരനെ നീക്കാൻ ഇൻഷുറൻസ് കമ്പനിയെ അറിയിക്കാനുള്ള നടപടിക്രമങ്ങൾ തൊഴിലുടമകളും റിക്രൂട്ടർമാരും പാലിച്ചിരിക്കണം.

∙തൊഴിൽ കരാർ അവസാനിക്കുമ്പോൾ ജീവനക്കാരൻ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് അല്ലെങ്കിൽ സ്‌പോൺസർഷിപ് മാറുന്നതിൽ പരാജയപ്പെട്ടാൽ പോളിസി കാലാവധി വരെ അല്ലെങ്കിൽ നിയമാനുസൃതമായി അനുവദിച്ചിരിക്കുന്ന റസിഡൻസിയുടെ കാലാവധി കഴിയുന്നത് വരെ പോളിസി നീട്ടാം. ഏതാണോ ആദ്യം എന്നത് അനുസരിച്ചായിരിക്കണം ഇൻഷുറൻസ് പരിരക്ഷ നീട്ടേണ്ടത്. 

തൊഴിലുടമകൾ അറിയേണ്ടത്

∙ ജീവനക്കാരൻ രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ അല്ലെങ്കിൽ പുതിയ തൊഴിലുടമയുടെയോ റിക്രൂട്ടറിന്റെയോ കീഴിലേക്ക് സ്‌പോൺസർഷിപ് ട്രാൻസ്ഫർ ചെയ്ത തീയതി മുതലോ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമയും റിക്രൂട്ടറും ബാധ്യസ്ഥരാണ്. 

∙കമ്പനികൾ ഏതെങ്കിലും ഒരു അംഗീകൃത ഇൻഷുറൻസ് കമ്പനിയുമായി കരാറിൽ ആകുകയും എല്ലാ ജീവനക്കാർക്കുമുള്ള ഇൻഷുറൻസ് പരിരക്ഷ എടുക്കുകയും നിശ്ചിത തീയതിക്കുള്ളിൽ തന്നെ പോളിസിയുടെ വാർഷിക പുതുക്കൽ സാധ്യമാക്കുകയും ചെയ്യാം. 

∙ഇൻഷുറസ് പോളിസി എടുക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും കരാറിലുള്ള ഇൻഷുറൻസ് കമ്പനിക്ക് നൽകണം.

∙താമസം അനുവദിക്കുന്നതിനോ ട്രാൻസ്ഫർ ചെയ്യുന്നതിനോ മുൻപ് തന്നെ എല്ലാ തൊഴിലാളികൾക്കും ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയിരിക്കണം. 

ആദ്യഘട്ടത്തിൽ സന്ദർശകർക്കായി

ദോഹ∙ പ്രവാസികൾക്കും സന്ദർശകർക്കുമുള്ള നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് നിയമം നടപ്പാക്കുന്നത് ആദ്യ ഘട്ടത്തിൽ സന്ദർശകരെ കേന്ദ്രീകരിച്ചാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച വ്യവസ്ഥകളും നടപടികളും പിന്നീട് പ്രഖ്യാപിക്കും. ഘട്ടം ഘട്ടമായിട്ടാണ് നിയമം നടപ്പാക്കുക. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 22-ാം നമ്പർ നിയമം ഈ മാസം തന്നെ പ്രാബല്യത്തിലാകും.

നിയമത്തിന്റെ വിശദമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കരട് എക്‌സിക്യൂട്ടീവ് റഗുലേഷൻസിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഇൻഷുറൻസ് കമ്പനികൾ മുഖേന മാത്രമേ പ്രവാസികളും സന്ദർശകരും ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാൻ പാടുള്ളുവെന്നു മന്ത്രാലയം നിർദേശിച്ചു. സമഗ്രവും ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സംവിധാനം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് നിയമം നടപ്പാക്കുന്നത്.

സർക്കാർ, സ്വകാര്യ ആരോഗ്യ സൗകര്യങ്ങളിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ നയങ്ങൾ, പദ്ധതികൾ, നടപടിക്രമങ്ങൾ, സംവിധാനങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ സ്ഥാപിക്കുക, ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭിക്കുമ്പോൾ കണക്കിലെടുക്കേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും നിർണയിക്കുക തുടങ്ങിയവ മുൻനിർത്തിയാണ്  നിയമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com