ADVERTISEMENT

അബുദാബി∙ യുഎഇ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ 75% ജോലികളും പൂർത്തിയായി. ജിസിസി, മിഡിൽ ഈസ്റ്റ് റെയിലുമായി ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുന്നതോടെ മധ്യപൂർവദേശ രാജ്യങ്ങളുടെ യാത്രാ രീതികൾക്ക് വിപ്ലവകരമായ മാറ്റമുണ്ടാകും. ഇതു സാമ്പത്തിക മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഊർജ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂഇ പറഞ്ഞു. അബുദാബിയിൽ ഇന്നലെ സമാപിച്ച മിഡിൽ ഈസ്റ്റ് റെയിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

EtihadRail

യുഎഇയുടെ സ്വപ്ന പദ്ധതി

2024 അവസാനത്തോടെ രാജ്യമാകെ യുഎഇയുടെ സ്വപ്ന പദ്ധതിയായ യാത്രാ ട്രെയിൻ ഓടിത്തുടങ്ങും. പിന്നീട് ജിസിസി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഏഴു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ തുടക്കത്തിൽ ചരക്കുനീക്കത്തിനാണ് മുൻഗണന നൽകിയതെങ്കിലും യാത്രാ സർവീസ് ആരംഭിക്കുമെന്ന് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയത്. യാത്രാ ട്രെയിൻ യാഥാർഥ്യമാകുന്നതോടെ എമിറേറ്റുകൾ തമ്മിലുള്ള അകലം ഇല്ലാതാക്കും.

Etihad-Rail

അടുപ്പിക്കും എമിറേറ്റുകളെ

അബുദാബിയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റും ഫുജൈറയിലേക്കു 100 മിനിറ്റുമാണ് യാത്രാ ദൈർഘ്യം. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. ഈ ടിക്കറ്റിൽ യാത്രക്കാർക്ക് പാർക്ക്, റൈഡുകൾ എന്നിവയും ഉപയോഗിക്കാനാകും. സുരക്ഷിതവും വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ ഇത്തിഹാദ് റെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കും.

EtihadRail2

ഗതാഗതക്കുരുക്കിൽ പെടാതെ കൃത്യസമയത്ത് ലക്ഷ്യത്തിലെത്താം. 2016ൽ ആദ്യഘട്ടം പൂർത്തിയാക്കി അബുദാബി നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതം തുടങ്ങിയിരുന്നു. 1200 കി.മീ ദൈർഘ്യത്തിൽ യുഎഇ–സൗദി അതിർത്തിക്കടുത്തുള്ള സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെ സ്റ്റേഷനുകളുണ്ടാകും. 2030ഓടെ വർഷത്തിൽ 3.65 കോടി ആളുകൾ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. 9000 പേർക്കു തൊഴിലും ലഭ്യമാകും.

EtihadRail5

എല്ലാവർകും പ്രാപ്യമാകുന്ന രീതിയിലാകും ടിക്കറ്റ് നിരക്ക്

സംസ്കാരവും പൈതൃകവും സമ്മേളിക്കുന്ന സ്റ്റേഷനുകൾ മേഖലയുടെ ചരിത്രം പറയുംവിധമാണ് ഒരുക്കുന്നത്. നവീന മാതൃകയിൽ സജ്ജമാക്കുന്ന ബോഗികളുടെ അകത്തളങ്ങളിൽ വൈഫൈ, ചാർജിങ്, സംഗീതം, ഭോജന ശാല എന്നിവ ഉണ്ടാകും. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും തൊഴിലാളികൾക്കുമെല്ലാം പ്രാപ്യമാകുന്ന രീതിയിലാകും ടിക്കറ്റ് നിരക്ക്.

EtihadRail3

യുഎഇയിലെ നഗരങ്ങളുടെയും മലനിരകളുടെയും മരുഭൂമികളുടെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാവുന്ന വിധത്തിലാണ് റെയിൽപാത സജ്ജീകരിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ മാതൃകയിലുള്ള സ്റ്റേഷനുകൾ അതതു മേഖലയുടെ വികസനത്തിനും ആക്കംകൂട്ടും. എമിറേറ്റ്‌സ് റോഡിനു സമാന്തരമായി അൽമക്തൂം രാജ്യാന്തര വിമാനത്താവളം വഴി എക്സ്പോ റോഡിനു സമീപത്തു കൂടെയാണ് പാത കടന്നുപോകുന്നത്.

EtihadRail4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com