ഖത്തറിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ‘ഗന്ധര്‍വനെ’ സമ്മാനിച്ച് പ്രവാസി മലയാളി

mohan-lal-birthady-gift-qatar
മോഹന്‍ലാലിന് പിറന്നാൾ സമ്മാനമായി ഡോ.ശ്രീകുമാര്‍ പെയിന്റിങ് സമ്മാനിക്കുന്നു.
SHARE

ദോഹ ∙ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ഓയില്‍ പെയിന്റിങ്ങില്‍ തീര്‍ത്ത അതിമനോഹരമായ ഗന്ധര്‍വന്റെ ചിത്രം ജന്മദിന സമ്മാനമായി നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഖത്തര്‍ പ്രവാസിയും ആര്‍ട്ടിസ്റ്റുമായ ഡോ. ശ്രീകുമാര്‍ പത്മനാഭന്‍. മോഹന്‍ലാലിന് നല്ലൊരു പെയിന്റിങ് സമ്മാനമായി നല്‍കണമെന്ന ശ്രീകുമാറിന്റെ രണ്ടു വര്‍ഷത്തെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം ദോഹയില്‍ വെച്ച് സഫലമായത്. അദ്ദേഹത്തിന്റെ 62-ാം ജന്മദിന സമ്മാനമായി തന്നെ പെയിന്റിങ് സമ്മാനിക്കാന്‍ കഴിഞ്ഞത് സന്തോഷം ഇരട്ടിയാക്കി. 

നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍, നടന്‍ മനോജ്.കെ.ജയന്‍ എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണ് പെയിന്റിങ് സമ്മാനിച്ചത്. അതുല്യ പ്രതിഭ, സംഗീതജ്ഞന്‍, നര്‍ത്തകന്‍, കാമുകന്‍, സുന്ദരന്‍, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം തുടങ്ങി ഗന്ധര്‍വഗുണങ്ങളെല്ലാം നിറഞ്ഞ വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയിലാണ് ലാലേട്ടനെ പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള ഗന്ധര്‍വ ചിത്രം നല്‍കിയതെന്ന് ശ്രീകുമാര്‍ പറഞ്ഞു. 

ദോഹയിലെ പ്രമുഖ വ്യവസായിയും മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ജോണ്‍ തോമസിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ലാലും ഭാര്യ സുചിത്രയും മറ്റുള്ളവരും ദോഹയില്‍ എത്തിയത്. ഹോളിഡെ ഇന്‍ ഹോട്ടലില്‍ വിവാഹസല്‍ക്കാരത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഏറെ ആഗ്രഹിച്ച പെയിന്റിങ് മോഹന്‍ലാലിന് കൊടുക്കാന്‍ കഴിഞ്ഞതെന്ന് ഡോ.ശ്രീകുമാര്‍ പറഞ്ഞു. മോഹന്‍ലാലിന് പെയിന്റിങ് സമ്മാനിക്കാന്‍ ശ്രീകുമാറിനൊപ്പം ഭാര്യ ഹേമ, മകന്‍ ധ്രുവ് എന്നിവരും ഉണ്ടായിരുന്നു. 

mohan-lal-birthady-gift-qatar1
പെയിന്റിങ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ കൊണ്ട് മോഹന്‍ലാല്‍ ഗന്ധര്‍വനെ വരപ്പിച്ചുവെന്നതിന്റെ വാര്‍ത്തകള്‍ കണ്ടിരുന്നു. അന്നു മുതലാണ് ഗന്ധര്‍വന്റെ പെയിന്റിങ് മോഹന്‍ലാലിന് സമ്മാനമായി നല്‍കണമെന്ന ആഗ്രഹം തോന്നിയത്. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പി.എം. ഷാജി, മിബു ജോസ്, ജോണ്‍ തോമസ് എന്നിവര്‍ വഴിയാണ് പെയിന്റിങ് സമ്മാനമായി നല്‍കാനുള്ള വഴിയൊരുങ്ങിയത്. പെയിന്റിങ് ചെയ്യുന്നതിനായി മോഹന്‍ലാലിന്റെ അനുമതിയും ലഭിച്ചു. പെയിന്റിങ്ങിന്റെ ഓരോ ഘട്ടവും അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ശ്രീകുമാര്‍ പറഞ്ഞു. 150x100 ക്യാന്‍വാസിലാണ് ഓയില്‍ പെയിന്റിങില്‍ ഗന്ധര്‍വനെ വരച്ചത്. 70 ദിവസം കൊണ്ടാണ് പെയിന്റിങ് പൂര്‍ത്തിയാക്കിയത്.

mohan-lal-birthady-gift-qatar2
മോഹന്‍ലാലിന് പിറന്നാൾ സമ്മാനമായി ഡോ.ശ്രീകുമാര്‍ പെയിന്റിങ് സമ്മാനിക്കുന്നു.

കഴിഞ്ഞ 15 വര്‍ഷമായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന, മികച്ച ആര്‍ട്ടിസ്റ്റ് കൂടിയായ ഡോ.ശ്രീകുമാര്‍ ദോഹയിലെ കലാ പ്രദര്‍ശന വേദികളിലെ സജീവ സാന്നിധ്യം കൂടിയാണ്. മലയാള സിനിമാ ലോകത്തിന് മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യപ്രതിഭ മാവേലിക്കര പൊന്നമ്മയുടെ കൊച്ചുമകന്‍ ആണ് കൊല്ലം സ്വദേശിയായ ഡോ.ശ്രീകുമാര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA