ദുബായിൽ കിടപ്പാടം വിൽപനയിൽ കുതിപ്പ്

dubai-city
Photo credit :Rasto SK/ Shutterstock.com
SHARE

ദുബായ്∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ ദുബായ് ഏപ്രിലിൽ നേടിയ വരുമാനം ഒൻപതു വർഷത്തെ ഏറ്റവും മികച്ചതാണെന്ന് കണക്കുകൾ. വില്ലകൾക്കും അപ്പാർട്മെന്റുകൾക്കും ഒരോ വർഷവും ആവശ്യക്കാർ ഏറുന്നു. അതിനൊപ്പം വിലയും വർധിക്കുന്നു.

എന്നാൽ മാസക്കണക്കുകൾ പരിശോധിക്കുമ്പോൾ തലേ മാസത്തേക്കാൾ വിൽപനയിൽ ഗണ്യമായ കുറവ് വന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 55.9 ശതമാനം വർധനവീടുകളുടെ വിൽപനയിൽ വന്നു. എന്നാൽ കഴിഞ്ഞ മാസത്തെ മാത്രം കണക്ക് പരിശോധിക്കുമ്പോൾ മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ വിൽപനയിൽ 17.4% കുറവ് ഉണ്ടായി.

വിൽപനയ്ക്കു തയാറായിരിക്കുന്ന കെട്ടിടങ്ങളുടെ വിൽപനയിൽ 13% കുറവും വീടുപണിക്ക് സജ്ജമായ പ്ലോട്ടുകളുടെ വിൽപനയിൽ 23.3% കുറവുമാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏപ്രിലിൽ 6983 ഇടപാടുകളിലായി 1820 കോടി ദിർഹത്തിന്റെ റെക്കോർഡ് വിൽപനയാണ് ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2009നു ശേഷം ഏപ്രിലിൽ നടന്ന ഏറ്റവും വലിയ കച്ചവടമാണിത്.

ഇതിൽ അറുപതു ശതമാനവും വീടുകളുടെ മറിച്ചു വിൽപനയാണ്. 4212 ഇടപാടുകളിലായി 1286 കോടി ദിർഹത്തിന്റെ വിൽപനയാണ് ഇങ്ങനെ നടന്നിരിക്കുന്നത്. വീടു നിർമിക്കാൻ സജ്ജമായ വസ്തുക്കളുടെ വിൽപന 2771 ഇടപാടുകളിലായി 533 കോടിയുടേതുമാണ്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 45.48 ഇടപാടുകളുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വിലയിലും 66.62 % വർധനയുണ്ടായിട്ടുണ്ട്.

മറിച്ചു വിൽപനയിൽ 46.2 ശതമാനം വർധനയും വിലയിൽ 63.86 ശതമാനം വർധനയുമാണ് ഉണ്ടായിരിക്കുന്നത്. 

എക്സ്പോയ്ക്കു ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിപ്പാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഗോൾഡൻ വീസയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തിയതും മറ്റൊരു കാരണമായി.

താമസത്തിനും നിക്ഷേപത്തിനും ഏറ്റവും യോജിച്ച രാജ്യമായി യുഎഇയും ദുബായും മാറിയതായി രാജ്യാന്തരതലത്തിൽ ഉണ്ടായ അഭിപ്രായമാണ് ഇതിനു കാരണം. എന്നാൽ വില ഇതേ രീതിയിൽ വർധിക്കുകയും പലിശനിരക്ക് ഉയരുകയും ചെയ്താൽ വിൽപന ഇതേ തോതിൽ നിലനിൽക്കാൻ സാധ്യതയില്ലെന്നും വിലയിരുത്തുന്നു.

മാർച്ചിനെ അപേക്ഷിച്ച് 17.4 ശതമാനം കച്ചവടം കഴിഞ്ഞ മാസം കുറഞ്ഞത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മേഖലയിലുള്ളവരും വ്യക്തമാക്കുന്നു. പല നയങ്ങളിൽ വരുത്തിയ മാറ്റങ്ങളും നിക്ഷേപാനുകൂല തീരുമാനങ്ങളും കാരണം വിദേശങ്ങളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ കൂടാം. പക്ഷേ 2014ൽ ഉയർന്നതു പോലെ വരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. 

ഇമാറിന് പ്രിയമേറെ

ദുബായിൽ പ്രമുഖ അഞ്ചു ഡവലപ്പർമാരിൽ ഏറ്റവും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇമാറാണെന്ന് കഴിഞ്ഞ മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇമാർ(24.2%), ഡമാക്ക്(15.1%),നഖീൽ (6.3%), സെലക്ട് ഗ്രൂപ്പ്(3.7%), ദുബായ് പ്രോപ്പർട്ടീസ് (3.7%) എന്നിവരാണ് വിൽപനയിലെ മുൻനിരക്കാർ. വീടുപണിക്ക് സജ്ജമായ പ്ലോട്ടുകൾ വിൽക്കുന്ന പ്രദേശങ്ങളിൽ ബിസിനസ് ബേ, ദുബായ് ക്രീക്ക് ഹാർബർ, ഡൗൺ ടൗൺ എന്നിവിടങ്ങളാണ് മുൻനിരയിൽ.

അതേ സമയം സജ്ജമായ ഫ്ലാറ്റുകളുടെ വിൽപനയിൽ ഡമാക്ക് ലഗൂൺസ്, ജുമൈറ വില്ലേജ്, ദുബായ് മറീന, ബിസിനസ് ബേ എന്നിവിടങ്ങളാണ് മുൻപന്തിയിൽ. വില്ലകളുടെയും മറ്റും മറിച്ചു വിൽപനയിൽ ദുബായ ഹിൽസ് എസ്റ്റേറ്റ്, പാം ജുമൈറ, അറേബ്യൻ റാഞ്ചസ്, ഡമാക് ഹിൽസ്, ദ് സ്പ്രിങ്സ് എന്നിവയാണ് മുൻനിര ഇടങ്ങൾ. അപ്പാർട്മെന്റുകളുടെ മറിച്ചുവിൽപനയിൽ ദുബായ് മറീന, ഡൗൺ ടൗൺ, പാം ജുമൈറ, ബിസിനസ് ബേ, ജുമൈറ വില്ലേജ് സർക്കിൾ എന്നീ സ്ഥലങ്ങളാണ് മുൻനിരയിലുള്ളത്.

ആഡംബര വില്ലകൾക്ക് പ്രിയമേറുന്നു

2014നെ അപേക്ഷിച്ച് 79.8 പോയിന്റെ ഉയർച്ചയാണ് വിലപ്പട്ടികയിൽ ആഡംബര വില്ലകൾക്ക് ഉണ്ടായിരിക്കുന്നതെങ്കിലും 60 കോടി രൂപയ്ക്കു മുകളിൽ വിലയുള്ള 19 ഇടപാടുകളാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. ദുബായ് ഹിൽസിലെ ആറു മുറിയുള്ള വില്ല 200 കോടി രൂപയ്ക്കു മുകളിലാണ് വിറ്റുപോയത്. വില്ലകളുടെ വിലയിലും കാര്യമായ വർധനയാണ് ഒരോ മാസവും രേഖപ്പെടുത്തുന്നത്.

എന്നാൽ അപ്പാർട്മെന്റുകളുടെ കാര്യത്തിൽ അത്രയും വളർച്ചാ തോതില്ല. വില്ലകൾ വിലപ്പട്ടികയിൽ 95.7 പോയിന്റുകൾ വർധന കാണിക്കുമ്പോൾ അപ്പാർട്മെന്റുകൾ 69.7 പോയിന്റുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ വില്ലകളുടെ വിൽപന 13 ശതമാനമാണ്. വിലനിരക്ക് 1.8% വർധനയും ഏപ്രിലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ റാഞ്ചസ്, ജുമൈറ ഐലൻഡ്സ്, ദ് ലേക്സ്, ജുമൈറ വില്ലേജ്, പാം ജുമൈറ എന്നിവയാണ് ഇഷ്ടപ്പെട്ട വില്ല ലൊക്കേഷനുകൾ. മുഡോൺ, ഗ്രീൻ കമ്മ്യൂണിറ്റി വെസ്റ്റ് എന്നിവിടങ്ങളിലും നേരിയ മൂല്യവർധന ഉണ്ടായിട്ടുണ്ട്. അപ്പാർട്മെന്റുകൾക്ക് നേരിയ തോതിലാണ് വിലവർധന ഉണ്ടാകുന്നത്. ജുമൈറ വില്ലേജിൽ 2010 നു ശേഷം നടന്ന ഏറ്റവും കൂടിയ എണ്ണം വിൽപനയാണ് കഴിഞ്ഞ മാസം നടന്നത്.

പാം ജുമൈറ, ബുർജ് ഖലീഫ, ജുമൈറ ബീച്ച് റസിഡൻസ്, ദ് വ്യൂസ് എന്നിവിടങ്ങളാണ് അപ്പാർട്മെന്റുകളുടെ കാര്യത്തിലെ ഏറ്റവും പ്രിയ ലൊക്കേഷനുകൾ. ജുമൈറ വില്ലേജ്, ദുബായ് സ്പോർട്സ് സിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി എന്നിവിടങ്ങളിലും വിൽപനകൾ നടന്നു. അതേ സമയം വില്ലകളുടെയും അപ്പാർട്മെന്റുകളുടെയും വില വ്യത്യാസം ഒരോ വർഷം കുറഞ്ഞു വരുന്നതായും മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA