ADVERTISEMENT

അബുദാബി∙ യുഎഇ തലസ്ഥാനമായ അബുദാബിയിൽ പാചകവാതക സംഭരണി തുടരെ രണ്ടു വട്ടം പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം 2 പേർ മരിച്ചു. 5 നില കെട്ടിടം ഭാഗികമായി തകർന്ന് മലയാളികൾ ഉൾപ്പെടെ 120 പേർക്കു പരുക്കേറ്റു. ഇതിൽ സാരമായി പരുക്കേറ്റ് ആശുപത്രിയിലുള്ള 56 പേരിൽ ചിലരുടെ നില ഗുരുതരമാണ്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 

cylinder-blast

കെട്ടിടത്തിൽ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂർ സ്വദേശി അബ്ദുൽഖാദറും ചേർന്നു നടത്തിയിരുന്ന ഫുഡ് കെയർ റസ്റ്ററന്റ് പൂർണമായും തകർന്നു. സംഭവ സമയത്ത് 8 ജീവനക്കാർ റസ്റ്ററന്റിലുണ്ടായിരുന്നതായി ബഷീർ മനോരമയോടു പറഞ്ഞു. 

abudabi-police

പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ 6 കെട്ടിടങ്ങൾക്കു കേടുപാടുപറ്റി. അവശിഷ്ടങ്ങൾ പതിച്ച് വാഹനങ്ങളും തകർന്നു. അബുദാബി ഖാലിദിയ മാളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 

abudabi-blast

കേന്ദ്രീകൃത ഗ്യാസ് സംവിധാനത്തിൽ പാചകവാതകം നിറയ്ക്കുന്നതിനിടെ ചോർച്ചയെ തുടർന്നാണ് ആദ്യ സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.  തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തീ കെടുത്തുന്നതിനിടെയാണു രണ്ടാമത്തെ സ്ഫോടനം. പരിസരത്തു ജനം തടിച്ചുകൂടിയതാണ് കൂടുതൽ പേർക്കു പരുക്കേൽക്കാനിടയായത്. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ 4 കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. 

കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുന്നതുവരെ ഇവർക്ക് താൽക്കാലിക താമസം ഒരുക്കുമെന്നു പൊലീസ് അറിയിച്ചു. മേഖലയിലേക്കുള്ള ഗതാഗതവും പ്രവേശനവും തടഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com