ADVERTISEMENT

ദുബായ്∙ ജനറേറ്റർ പുറന്തള്ളിയ കാർബൺ മോണോക്സൈഡ് ശ്വസിച്ചു യുവതിയെയും വളർത്തുനായയെയും  ദുബായിലെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കൂട്ടുകാരിയെ അവശനിലയിലും കണ്ടെത്തി. അൽ ബർഷയിലെ വലിയ വില്ലയോടു ചേർന്ന മുറിയിലാണു സംഭവം. കാർബൺ മോണോക്സൈഡ് എന്ന 'നിശബ്ദ കൊലയാളി' യുവതിയുടെയും നായയുടെയും ജീവൻ അപഹരിച്ചതായി ദുബായ് പൊലീസ് പറഞ്ഞു.

യുവതിയെയും അവരുടെ നായയെയും മരിച്ച നിലയിലും ഫിലിപ്പിനോ സുഹൃത്തിനെ അവശനിലയിലും കണ്ടെത്തിയതായി അൽ ബർഷ പൊലീസ് ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ഏഷ്യക്കാരൻ വാടകയ്ക്ക് എടുത്ത് ഒട്ടേറെ കുടുംബങ്ങൾക്കു ഭാഗിച്ചു നൽകിയ വില്ലയിലെ മുറിയിലായിരുന്നു യുവതിയും കൂട്ടുകാരിയും താമസിച്ചിരുന്നത്. ഇവരെ കൂടാതെ മറ്റു ചില കുടുംബങ്ങളും അടുത്തടുത്തായി വാടകയ്ക്കു താമസിച്ചിരുന്നുവെന്നു ക്രൈം സീൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ മക്കി സൽമാൻ അഹമ്മദ് സൽമാൻ പറഞ്ഞു. മരിച്ച യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഭക്ഷ്യവിഷബാധയെന്ന് ആദ്യം സംശയം  

മരണം സംഭവിക്കുന്നതിനു തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തിൽ നിന്നു വിഷബാധയേറ്റതായി സംശയിക്കുന്നുവെന്നാണു രക്ഷപ്പെട്ട ഫിലിപ്പീന്‍സ് കൂട്ടുകാരി ആദ്യം പൊലീസിനോട് പറഞ്ഞത്. നായയ്ക്കും ഇതേ ഭക്ഷണം നൽകിയിരുന്നു. എന്നാൽ, മരണകാരണം ഇതല്ല, കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് എന്നാണു പിന്നീടു പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ട്. പ്രധാന വാടകക്കാരൻ ഉപയോഗിച്ചിരുന്ന മൂടിവച്ച ഇലക്ട്രിക് ജനറേറ്റർ പൊലീസ് കണ്ടെത്തി.  ഒന്നിലധികം കുടുംബങ്ങൾ വില്ലയിൽ താമസിക്കുന്നതിനാൽ അധികൃതർ വീടിന്റെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിനു ശേഷം വാടകക്കാർ ജനറേറ്റർ ഉപയോഗിക്കുകയായിരുന്നു. മൂടിവച്ച ജനറേറ്റർ പൊലീസ്  ഓണാക്കിയതോടെ മിനിറ്റുകൾക്കകം ഇടനാഴികളിലും മുറികളിലും പുക നിറഞ്ഞു.   

നിശബ്ദ കൊലയാളിയുണ്ട്; ജനററേറ്റർ കാലാനുസ‍ൃതമായി പരിപാലിക്കുക  

മെഡിക്കൽ എൻസൈക്ലോപീഡിയകൾ "നിശബ്ദ കൊലയാളി" എന്നു നിർവചിക്കുന്ന കാർബൺ മോണോക്സൈഡ് വിഷവാതകമാണ്. ഇതു നിറമോ മണമോ ഇല്ലാത്തതും  ദീർഘനേരം പുറത്തുവിട്ടാൽ മനുഷ്യരെയും മൃഗങ്ങളെയും മരണത്തിലേക്കു നയിക്കുന്നതുമാണ്. മോശം വായുസഞ്ചാരമുള്ള സ്ഥലത്ത് ഒരു വ്യക്തിയെ ശ്വാസംമുട്ടിക്കാൻ ഇതിനു കഴിയും.  ശ്വാസത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും രക്തത്തിൽ കലർന്നു ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഹീമോഗ്ലോബിൻ തന്മാത്രകളുമായി ബന്ധിപ്പിക്കുകയും ഓക്സിജനുമായി ബന്ധിപ്പിക്കുന്നതു തടയുകയും ചെയ്യുന്നു.  കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതിനാൽ യുവതിയും നായയും ക്രമേണ അവശരായാണു മരണത്തിനു കീഴടങ്ങിയത്.  ജനറേറ്ററിൽ നിന്ന് അകലെയായിരുന്നു തന്റെ കിടക്ക എന്നതിനാലാണ് ഫിലിപ്പീൻസ് യുവതി രക്ഷപ്പെട്ടത്.    

ജനറേറ്ററുകളുടെ ആരോഗ്യ, സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനു സൽമാൻ താമസക്കാർക്കു മുന്നറിയിപ്പു നൽകി. വീടിനുള്ളിൽ പ്രവർത്തിക്കുന്ന ജനറേറ്റർ പോലുള്ള ഉപകരണങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കാനും  കാലാനുസൃതമായി പരിപാലിക്കാനും കേണൽ മക്കി സൽമാൻ അഹമ്മദ് സൽമാൻ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com