ADVERTISEMENT

അബുദാബി∙ ഖാലിദിയയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ 56 പേർ അപകടനില തരണം ചെയ്തതായി ആരോഗ്യവിഭാഗം അറിയിച്ചു. പരുക്കേറ്റവർക്കു മികച്ച ചികിത്സയാണു ലഭ്യമാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ മലയാളി റസ്റ്ററന്റ് അടങ്ങുന്ന കെട്ടിടം ഭാഗികമായി തകർന്നു  മലയാളിയടക്കം 2 പേരാണു മരിച്ചത്. 120 പേർക്കു പരുക്കേറ്റു. നിസ്സാര പരുക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകി തിങ്കളാഴ്ച രാത്രി തന്നെ വിട്ടയച്ചു. അടുത്ത ബന്ധുക്കൾക്കു  മാത്രമാണു പരുക്കേറ്റവരെ കാണാൻ അനുവാദം ലഭിച്ചത്.  സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയ പൊലീസ് മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇതേസമയം സംഭവസ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കി സുരക്ഷ ഉറപ്പുവരുത്തിയ ചില കെട്ടിടങ്ങളിലേക്കു താമസക്കാരെ പ്രവേശിപ്പിച്ചു തുടങ്ങി. സുരക്ഷാപ്രശ്നമില്ലെന്ന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു കെട്ടിടങ്ങളിലെ താമസക്കാരെയും അനുവദിക്കും.  പാചക വാതക സിലിണ്ടറിന്റെയും കേന്ദ്രീകൃത സംവിധാനത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുകയും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുകയും ചെയ്യണമെന്ന് പൊലീസ് ഓർമിപ്പിച്ചു.

അറ്റകുറ്റപ്പണിയിൽ വിട്ടുവീഴ്ച വേണ്ട

അബുദാബി∙ പാചകവാതക സിലിണ്ടറിന്റെയും കേന്ദ്രീകൃത സംഭരണികളുടെയും സുരക്ഷ ഉറപ്പാക്കുകയും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുകയും ചെയ്യണമെന്ന് അബുദാബി പൊലീസ്. തീപിടിത്തത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്ന ഹസൻതുക സംവിധാനം പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടം വർധിച്ച പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധവേണം. സിലിണ്ടറിൽ റഗുലേറ്റർ കൃത്യമായി ഘടിപ്പിച്ചെന്നും വാതക ചോർച്ചയില്ലെന്നും ഉറപ്പാക്കണം. ചോർച്ചയുണ്ടാകുമ്പോൾ മുന്നറിയിപ്പു നൽകുന്ന ലീക്ക് ഡിറ്റക്ടറുകളും സ്ഥാപിക്കണമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.

ഫലപ്രദമായ സുരക്ഷാ നടപടികൾ സ്വീകരിച്ചാൽ ഒഴിവാക്കാവുന്നതാണ് ഇത്തരം അപകടമെന്നും പറഞ്ഞു.‌‌നിങ്ങളെ സംരക്ഷിക്കൂ എന്ന അർഥം വരുന്ന അറബിക് പദമാണ് ഹസൻതുക്. കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടാകുമ്പോൾ അഗ്നിരക്ഷാ കേന്ദ്രങ്ങളിൽ അപായ സൂചന ലഭിക്കുന്ന സംവിധാനമാണിത്.  കെട്ടിടത്തിന്റെയും ഫ്ലാറ്റിന്റെയും വിശദാംശങ്ങൾ സിവിൽ ഡിഫൻസിലെ കേന്ദ്രീകൃത സംവിധാനത്തിൽ ലഭിക്കുന്നതോടെ അഗ്നിശമനസേന എത്തി ജനങ്ങളെ രക്ഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com