ADVERTISEMENT

അബുദാബി∙ സഹിഷ്ണുതയുടെ ഭവനമായി സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ദേവാലയത്തിന്റെ നിർമാണം അബുദാബി അബൂമുറൈഖയിൽ പൂർത്തിയായി. ചർച്ചിലേക്കുള്ള റോഡ്, പാർക്കിങ്, ജല,വൈദ്യുതി കണക്‌ഷൻ തുടങ്ങി അനുബന്ധ സൗകര്യങ്ങളാണ് ഇനി വേണ്ടത്.  സർക്കാരിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ പ്രാർഥനയ്ക്കായി തുറന്നു കൊടുക്കും. നിർമാണം പുരോഗമിക്കുന്ന മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിനു സമീപമാണ് ഈ മതസൗഹാർദ ഭവനം.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 4.37 ഏക്കർ സ്ഥലത്താണ് പള്ളി നിർമിച്ചത്. 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ 11 ദശലക്ഷം ദിർഹം ചെലവിൽ നിർമിച്ച ദേവാലയത്തിൽ ‍750 പേർക്ക് പ്രാർഥിക്കാം. 

2019 ഡിസംബർ 7നായിരുന്നു ശിലാസ്ഥാപനം.മാലാഖയുടെ ചിറകുകളെ അനുസ്മരിപ്പിക്കുംവിധമാണ് ദേവാലയത്തിന്റെ പുറത്തെ രൂപകൽപന. ഉയരമുള്ള 10 ജനാലകളിൽ പഴയതും പുതിയതുമായ ബൈബിൾ നിയമത്തിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ഹാളിന്റെ ഒരു വശത്ത് നോഹയുടെ പേടകവും പത്ത് കൽപനകളും മറുവശത്ത് യേശുവിന്റെ ജനനവും ചിത്രീകരിച്ചിട്ടുണ്ട്. 

4 പതിറ്റാണ്ടിലേറെ കാലമായി സിഎസ്ഐ ഇടവകാംഗങ്ങൾക്ക് സ്വന്തം ആരാധനാലയം എന്ന സ്വപ്ന സാക്ഷാത്കാരമാണിതെന്ന് ഇടവക വികാരി ലാൽജി എം. ഫിലിപ്പ് പറഞ്ഞു. ദേവാലയം നിർമിക്കാൻ ഭൂമി നൽകിയ യുഎഇ സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഈ രാജ്യത്തെയും ഭരണാധികാരികളെയും പ്രാർഥനയിൽ എന്നും സ്മരിക്കുമെന്നും പറഞ്ഞു. 

ജാതി, മതഭേദമന്യെ ഏവർക്കും പ്രവേശിക്കാവുന്ന മതസൗഹാർദ ഭവനമായിരിക്കും ഇത്. സ്വന്തമായി ആരാധനാലയമില്ലാത്ത സിഎസ്ഐ സഭ 1979 മുതൽ അബുദാബിയിലെ സെന്റ് ആൻഡ്രൂസ് പള്ളിയിൽ വെള്ളിയാഴ്ചകളിൽ വൈകുന്നേരമാണ് ആരാധന നടത്തിവരുന്നത്.  യുഎഇയിൽ 5,000 അംഗങ്ങളാണുള്ളതെങ്കിലും റോമൻ കത്തോലിക്കാ സഭ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിഭാഗമാണ് സിഎസ്ഐ.

സ്വാമിമാർ ഇന്ന് ദേവാലയം സന്ദർശിക്കും 

ബാപ്സ് ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസിന്റെ നേതൃത്വത്തിലുള്ള 20 അംഗ ഉന്നത തല സംഘം ഇന്നു രാവിലെ 10ന് സിഎസ്ഐ ചർച്ച് സന്ദർശിക്കും. മതസൗഹാർദത്തിന്റെ ഉദാഹരണമായി തൊട്ടടുത്ത് സജ്ജമാകുന്ന മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ പുരോഹിതർക്ക് വിപുലമായ സ്വീകരണം ഒരുക്കിയിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com