ADVERTISEMENT

ദുബായ്∙ ‘അവരെന്നെ പറഞ്ഞു പറ്റിക്കുകയാ സാറേ, നാട്ടീപ്പോയി വന്നിട്ട് നാലര വർഷമായി. എങ്ങനെയെങ്കിലും എന്നെയൊന്ന് നാട്ടിലെത്തിക്കണം സാറേ...’– ഒരു പുരുഷായുസ്സ് മുഴുവൻ പ്രവാസ ലോകത്ത് ചെലവഴിച്ച കൊല്ലം വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്തെ ആയത്തിൽ സ്വദേശി ശശിധരന്റേതാണ് കരളലിയിക്കുന്ന ഇൗ വാക്കുകൾ. 

sasidaran-dubai2

വർഷങ്ങളോളം ജോലി ചെയ്ത സ്വകാര്യ കമ്പനി അധികൃതരുടെ അവഗണന മൂലം ദുബായ് അബു ഹായിലിലെ കുടുസ്സുമുറിയിൽ ഒരു കണ്ണിന്റെ മാത്രം മങ്ങിയ വെളിച്ചത്തിൽ ജീവിക്കുന്ന ഇൗ 69കാരൻ പ്രമേഹരോഗി കൂടിയാണ്. രണ്ടുനേരം സ്വയം ഇൻസുലിൻ കുത്തിവച്ചാണ് കഴിയുന്നത്. നാട്ടിൽ പോയിട്ട് നാലരവർഷത്തോളമായ ഇദ്ദേഹത്തിന് തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നവരോടെല്ലാം ഒരേയൊരു അപേക്ഷ മാത്രമേയുള്ളൂ– ‘നാട്ടിൽ ഏകയായി കഴിയുന്ന രോഗിയായ ഭാര്യ എന്നേക്കാളും ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് എനിക്ക് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കിത്തരാമോ’?. 

sasidaran-dubai6

പാസ്പോർട്ട് കാലാവധി കഴിഞ്ഞു, താമസരേഖകളുമില്ല

15 വർഷത്തോളം ബഹ്റൈനില്‍ ജോലി ചെയ്ത ശേഷം 2000ൽ യുഎഇയിലെത്തിയ ശശിധരൻ ആറു വർഷത്തോളം ദുബായിലെ മറ്റൊരു കമ്പനിയിലായിരുന്നു ജോലി ചെയ്തത്. ഇൗ കമ്പനിയിലെ സെയിൽസ്മാനായിരുന്ന കൊല്ലം ഒാച്ചിറ സ്വദേശി ഖിസൈസ് എൻഎംസിക്കടുത്ത് ഒാട്ടോമാറ്റിക് ബാരിയർ കമ്പനി ആരംഭിച്ചപ്പോൾ അയാളുടെ നിർബന്ധം കാരണം അവിടേയ്ക്ക് മാറി. ഇൗ കമ്പനിയിലെ ഡ്രൈവറും ടെക്നീഷ്യനുമായിരുന്നു ശശിധരൻ. മികച്ച രീതിയിൽ പ്രവർത്തിച്ചുവന്ന കമ്പനി വൈകാതെ ഉയരങ്ങളിലേയ്ക്ക് കുതിച്ചു. പ്രതിമാസ ശമ്പളം 1800 ദിർഹത്തിൽ തുടങ്ങി 3,100 ദിർഹത്തോളമെത്തി. 

sasidaran-dubai5

ഇത്രയും കാലം ബഹ്റൈനിലും യുഎഇയിലുമായി കഠിനാധ്വാനത്തിലൂടെ സമ്പാദിച്ചതെല്ലാം മകന്റെയും മകളുടെയും വിദ്യാഭ്യാസത്തിനും വീട് നിർമിക്കാനും മകളുടെ വിവാഹത്തിനും ചെലവഴിച്ചു. എങ്കിലും ഭാര്യയ്ക്ക് ചെലവിന് അയച്ചുകൊടുത്ത് സന്തുഷ്ട ജീവിതം നയിച്ചുവരുന്നതിനിടെയാണ് എല്ലാം തകിടം മറിഞ്ഞത്. കഴിഞ്ഞ നാലു വർഷത്തോളമായി കമ്പനിയുടെ പ്രവർത്തനം താളംതെറ്റുകയും 2019 മുതൽ ശമ്പളം മുടങ്ങുകയും ചെയ്തു. ഇതോടെ ആകെയുണ്ടായിരുന്ന 22 ജീവനക്കാരിൽ മിക്കവരും നാട്ടിലേക്ക് മടങ്ങി. 

sasidaran-dubai1

മലയാളികളെ കൂടാതെ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശികളുമായിരുന്ന ഇവർക്കെല്ലാം നല്ലൊരു സംഖ്യ ശമ്പള കുടിശ്ശികയുണ്ടായിരുന്നു. കൂടാതെ, വർഷങ്ങളോളം ജോലി ചെയ്തെങ്കിലും യാതൊരു ആനൂകൂല്യങ്ങളും ലഭിക്കാതെ വെറുംകൈയോടെയാണ് മിക്കവരും മടങ്ങിയത്. ശശിധരനും ഒരു ബംഗ്ലാദേശി ജീവനക്കാരനും മാത്രമേ ഇപ്പോൾ ഉള്ളൂ. കമ്പനിയുടെ ഒാഫീസ് ഖിസൈസിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ ചില മലയാളികൾ ജോലി ചെയ്യുന്നുമുണ്ട്. ശശിധരന്റെ പാസ്പോർട്ട് അവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. രണ്ടര വർഷത്തോളമായി ശശിധരൻ ജോലിയോ ശമ്പളമോ ഇല്ലാതെയാണ് കഴിയുന്നത്. ഇപ്പോൾ 17,000 ത്തോളം ദിർഹമാണ് വേതനയിനത്തിൽ ലഭിക്കാനുള്ളത്. 

sasidaran-dubai7

ഇതിനിടെ രണ്ടര വർഷം മുൻപ് വീസ കാലാവധിയും കഴിഞ്ഞു. വൈകാതെ കമ്പനി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നും പറഞ്ഞാണ് ഉടമ നാട്ടിലേക്ക് പോകാൻ അനുവദിക്കാത്തതെന്ന് ശശിധരൻ പരാതിപ്പെടുന്നു. കമ്പനിയിൽ ഏറ്റവുമധികം പ്രവർത്തന പരിചയമുള്ള താങ്കൾ പോയാൽ പിന്നീടൊരിക്കലും കരകയറ്റാനാകാത്തവിധം എല്ലാം നശിച്ചുപോകുമെന്നാണത്രെ അദ്ദേഹത്തിന്റെ മറുപടി. എന്നാൽ കഴിഞ്ഞ രണ്ടര വർഷമായി ജോലിയും വേതനവുമില്ലാത്ത അവസ്ഥ തുടരുകയാണ്. 

sasidaran-dubai3

പണമടക്കാത്തതിനാൽ നാട്ടിലെ വീട്ടിൽ വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്. ഇതിനിടെ ശശിധരന് പ്രമേഹം മൂർഛിച്ചപ്പോൾ കൃത്യമായി ചികിത്സിക്കാൻ പോലും സാധിച്ചില്ല. ഒരിക്കൽ കമ്പനി വാഹനം ഒാടിക്കുന്നതിനിടെ ഒരു കണ്ണിന്റെ കാഴ്ച  നഷ്ടപ്പെടുകയും ഭാഗ്യത്തിന്  അപകടത്തിൽനിന്ന് രക്ഷപ്പെടുകയുമായിരുന്നു. 

തന്നെ വള്ളിയില്ലാതെ കെട്ടിയിട്ടിരിക്കുകയാണെന്നും കാഴ്ചശക്തിയില്ലാത്തതിനാൽ തൊഴിൽ വിഭാഗത്തിലോ ഇന്ത്യൻ കോൺസുലേറ്റിലോ ചെന്ന് പരാതി നൽകാൻ പോലും സാധിക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. തന്നെ സഹായിക്കാൻ സന്മനസുള്ള സാമൂഹിക പ്രവർത്തകരെയും കാത്തിരിക്കുകയാണ് ശശിധരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com