ADVERTISEMENT

ഷാർജ ∙ ജനുവരി മുതൽ സുരക്ഷാ കാരണങ്ങളാൽ 168 ഇലക്ട്രിക് സ്കൂട്ടറുകൾ കണ്ടുകെട്ടിയതായി ഷാർജ പൊലീസ് അറിയിച്ചു. നിയുക്ത മേഖലകൾക്ക് പുറത്ത് ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുക, സുരക്ഷാ നിയമങ്ങൾ അവഗണിക്കുക, പ്രധാന റോഡുകളിൽ ഇ-സ്‌കൂട്ടറുകൾ ഓടിക്കുക എന്നീ നിയമലംഘനങ്ങൾ നടത്തിയവരുടെ ഇ–സ്കൂട്ടറുകളാണ് പിടിച്ചെടുത്തതെന്നും അധികൃതർ പറഞ്ഞു.  

ജനുവരി–ഏപ്രിൽ മാസത്തിനിടയിലാണ് പൊലീസ് ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തത്. നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരു അപകടവും നടന്നു.  ഇ-സ്കൂട്ടറുകളുടെ അശ്രദ്ധയോടെയുള്ള ഉപയോഗത്തെ തുടർന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച്  ഷാർജ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് അൽ നഖ്ബി വിശദീകരിച്ചു. 

ഇ–സ്കൂട്ടർ ഒാടിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

 സംരക്ഷണ ഗിയർ ധരിക്കാനും, ഒന്നിലേറെ പേർ യാത്ര ചെയ്യരുതെന്നും ഇ–സ്കൂട്ടർ ഒാടിക്കുന്നവരോട് ലഫ്.കേണൽ അൽ നഖ്ബി നിർദേശിച്ചു. ഇ-സ്‌കൂട്ടറുകളിൽ ബാഗേജുകൾ കൊണ്ടുപോകുന്നത് ഒഴിവാക്കാനും അഭ്യർഥിച്ചു. ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും ഇ–സ്കൂട്ടറുകാരും പാലിക്കണം.  അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നത് തെറ്റാണ്. ഇ-സ്‌കൂട്ടറുകളുടെ സുരക്ഷിതമല്ലാത്ത ഉപയോഗത്തിനെതിരായി ഇൗ മാസം ക്യാംപെയിൻ നടത്തി. ഇത് റോഡുകൾ സുരക്ഷിതമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനനുസരിച്ചാണ്. ക്യാംപെയ്ന്റെ ഭാഗമായി പൊലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ സുരക്ഷാ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്.  

കഴിഞ്ഞ വർഷം 419 നിയമലംഘനങ്ങൾ

ഇ-സ്‌കൂട്ടർ യാത്രക്കാർ കഴിഞ്ഞ വർഷം 419 നിയമലംഘനങ്ങൾ നടത്തിയതായി ഷാർജ പൊലീസ് പറഞ്ഞു.  ജൂണിൽ ഖോർഫക്കാനിൽ ഇലക്ട്രിക് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് എമിറാത്തി ബാലന് ഗുരുതരമായി പരുക്കേറ്റിരുന്നു.

ഫെഡറൽ ട്രാഫിക് കൗൺസിൽ, ഇ-സ്കൂട്ടർ ഉപയോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ റൈഡർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യവ്യാപകമായി പ്രത്യേക പരിപാടി അവതരിപ്പിച്ചു. ജനുവരിയിൽ യുഎഇയിലുടനീളം ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ സഹായിക്കുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ഒാടിക്കുന്നവരിൽ നിന്നുള്ള അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ചുള്ള റിപോർട്ടുകളെ തുടർന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.  ഫെഡറൽ ട്രാഫിക് കൗൺസിലിന് ഓരോ എമിറേറ്റിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരമില്ല, എന്നാൽ അതിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ശുപാർശകൾ നൽകാൻ കഴിയും. ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com